search

കഥ മാറും ജീവിതം

deltin33 Yesterday 11:14 views 816
  



‘‘ മാഷേ, ഭക്ഷണം കഴിച്ചോ?’’

മലയാളം ക്ലാസിൽ നിന്നിറങ്ങി വരുന്ന എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.പി.നിധീഷ്കുമാറിനെ കണ്ടപ്പോൾ എസ്.ബി.പ്രസാദ് ചോദിച്ചു.

‘‘ കഴിച്ചു. മാഷോ?’’

‘‘ഞാനും’’.

സെമസ്റ്റർ പരീക്ഷയ്ക്കു പോകുന്ന ബിരുദ വിദ്യാർഥികളെ കണ്ടപ്പോഴും പ്രസാദ് ചോദ്യം ആവർത്തിച്ചു–‘‘ ഭക്ഷണം കഴിച്ചോ?’’.

  • Also Read കാർപാത്തിയൻ പുഷ്പനാഥ്   


വിദ്യാർഥികൾ ചിരിച്ചുകൊണ്ടു തലയാട്ടി. ‘‘ മാഷ് കഴിച്ചോ?’’

‘‘ ഒരുകാലത്ത്, ഭക്ഷണം കിട്ടാതെ റെയിൽവേ സ്റ്റേഷനിലൂടെ ഞാൻ അലഞ്ഞു നടന്നിട്ടുണ്ട്. പൈപ്പ് വെള്ളം കുടിച്ചാണു ദിവസങ്ങളോളം കഴിഞ്ഞത്. ഭക്ഷണത്തിന്റെ വില നന്നായി അറിയാം. ആരെങ്കിലും സമയത്തു ഭക്ഷണം കഴിക്കാതെയുണ്ടെങ്കിൽ മനസ്സു പൊള്ളും. അതോണ്ടു ചോദിക്കുന്നതാ.

നിങ്ങൾ ഭക്ഷണം കഴിച്ചോ..’’.

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജ് ക്യാംപസിലെ പടികൾ ഇറങ്ങുമ്പോൾ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകൻ എസ്.ബി.പ്രസാദിന്റെ മനസ്സിലൂടെ കാലം പിറകോട്ടു സഞ്ചരിച്ചു. സംസ്ഥാന സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ മികച്ച സർക്കാർ ജീവനക്കാരനുള്ള പുരസ്കാരം രണ്ടു ദിവസം മുൻപാണ് പ്രസാദിനു ലഭിച്ചത്.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അനാഥനാക്കിയ ബാല്യം

‘‘ അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെല്ലാമുള്ള ഒരു കുടുംബത്തിലാണ് ഞാനും ജനിച്ചത്. ആന്ധ്രയിലെ വിജയവാഡയിലായിരുന്നു വീട്. എൽകെജിയിൽ പഠിക്കുന്ന നാലു വയസ്സുകാരന്റെ ഓർമച്ചിത്രത്തിൽ ഇവരുടെയൊന്നും മുഖങ്ങളില്ല. എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു ജീവിക്കുന്നവരായിരുന്നു. ഞാൻ  അച്ഛനോടൊപ്പവും സഹോദരി അമ്മയ്ക്കൊപ്പവും.

ഒരു ദിവസം സ്കൂളിന്റെ മുന്നിൽ വച്ച് എന്നെയൊരു ലോറി ഇടിച്ചു.  വലത്തെ കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി. എല്ലുപൊട്ടിയ കൈ പൂർവസ്ഥിതിയിലാക്കാൻ പറ്റില്ലെന്ന് ഡോക്ടർ വിധിയെഴുതി. ആശുപത്രിയിൽ ശുശ്രൂഷിക്കാൻ  അമ്മയും അമ്മൂമ്മയും വന്നിരുന്നു. അതിനു ശേഷം ഞാൻ വീണ്ടും അമ്മയില്ലാത്ത കുട്ടിയായി.

ഒരുദിവസം അച്ഛൻ എന്നെയും കൂട്ടി വിജയവാഡ റെയിൽവേ സ്റ്റേഷനിലെത്തി. ഇവിടെ നിൽക്ക്, ഇപ്പോൾ വരാമെന്നു പറഞ്ഞു പോയി. ഇനിയൊരിക്കലും എന്നെത്തേടി വരില്ലെന്നു പറയാതെ പോയ പോക്കായിരുന്നു അതെന്ന് അപ്പോൾ അറിയില്ലായിരുന്നു.  ഞാൻ അച്ഛനെ നോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നു. കൂടെയാരുമില്ലാതെ ആ നാലു വയസ്സുകാരൻ കരഞ്ഞിരിക്കും. പക്ഷേ, ആരും ശ്രദ്ധിച്ചില്ല. അനാഥനായൊരുത്തൻ കരഞ്ഞു നടക്കുന്നത് അവിടെ പതിവു കാഴ്ചയായിരിക്കാം. അന്നുമുതൽ എനിക്കു രണ്ടു നിഴലാണ്. ഒന്നിന്റെ പേര് അനാഥൻ എന്നായിരുന്നു.

സന്ധ്യയായപ്പോൾ ഞാൻ ഒരു ട്രെയിനിൽ കയറി. ചെന്നൈ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങുന്നത്. അവിടെ നിന്ന് അടുത്ത ട്രെയിനിൽ. എന്റെ ജീവിതം മാറിമറിയാൻ പോകുന്ന യാത്രയായിരുന്നു അത്. ഷൊർണൂരിലാണ് ഇറങ്ങിയത്. അവിടെനിന്ന് തൃശൂരിലിറങ്ങി. ആരെങ്കിലും തരുന്ന ഭക്ഷണം കഴിച്ചു കുറച്ചുദിവസം അവിടെ കറങ്ങി. ഒരു തമിഴ് ഭിക്ഷാടനസംഘം എന്നെ കൂടെ കൂട്ടി.

കയ്യിലെ മുറിവിൽനിന്നു വേദന കൂടിക്കൂടി വരുന്നു. പഴുപ്പു  വരുന്നുണ്ടായിരുന്നു. അടുത്തദിവസം രാവിലെ എന്നോടു ഭിക്ഷയാചിച്ചു പണം കൊണ്ടുവരാൻ സംഘത്തിലെ മുതിർന്ന ആൾ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ എനിക്കെന്തോ മനസ്സു വന്നില്ല. ഞാൻ അവരുടെ കണ്ണുവെട്ടിച്ച് അടുത്ത ട്രെയിനിൽ കയറി രക്ഷപ്പെട്ടു. എത്തിയതു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ. അവിടെയും പ്ലാറ്റ്ഫോം തന്നെയായിരുന്നു രക്ഷ. പൈപ്പിലെ വെള്ളം കുടിച്ച് പ്ലാറ്റ്ഫോമിൽ ക്ഷീണിച്ചിരിക്കുമ്പോൾ ഒരാൾ എന്നെ നോക്കുന്നതു കണ്ടു. അദ്ദേഹം എന്നോടു ചിരിക്കുന്നുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം.  അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കൊന്നും എനിക്കുത്തരമില്ലായിരുന്നു. കാരണം എനിക്കു മലയാളം അറിയില്ല. എന്റെ കയ്യിലെ പഴുപ്പ്  അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. വേഗം എന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു.

കോഴിക്കോട് മെഡിക്കൽ കോളജിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്.  അദ്ദേഹം തന്നെ മുറിവിൽ മരുന്നുവച്ചു. അന്നേരമാണ് രക്ഷകനായി എത്തിയത് ഡോക്ടറാണെന്നു എനിക്കു മനസ്സിലായത്. ഡോ.ലത്തീഫ്  എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

‘ഖദീജ’ എന്ന് അദ്ദേഹം വിളിച്ചപ്പോൾ ഒരു സിസ്റ്റർ വന്നു. അവർക്കും ചിരിക്കുന്ന മുഖമായിരുന്നു. എന്നെ അവരെ ഏൽപിച്ച് ഡോക്ടർ പോയി. ഒരു യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ എന്നെ കണ്ടു യാത്ര ഉപേക്ഷിച്ച് ഡോക്ടർ തിരിച്ചു വന്നതാണെന്നു പിന്നീടു മനസ്സിലായി.

ഖദീജ സിസ്റ്റർക്കു നൽകിയ വാക്ക്

അമ്മയുടെ മുഖമായിരുന്നു ഖദീജ സിസ്റ്റർക്ക്. എന്നെയവർ മോനേ എന്നു വിളിച്ചു. മുറിവിൽ മരുന്നു വച്ചുകെട്ടി, കുളിപ്പിച്ചു, ഭക്ഷണം വാരിത്തന്നു, ചില നേരത്ത്  ആശുപത്രിയുടെ പുറത്തേക്കു കൊണ്ടുപോയി, ഹോട്ടലിൽനിന്നു നല്ല ഭക്ഷണം വാങ്ങിത്തന്നു.

ഒരു മാസം മാത്രമേ ഒരാളെ തുടർച്ചയായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പറ്റൂ. പക്ഷേ, എന്നെ ഒരുമാസം കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്യും, വീണ്ടും പ്രവേശിപ്പിക്കും.  അങ്ങനെ ആറുമാസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ  കഴിഞ്ഞത്. എന്നെ ആശുപത്രിയിലാക്കി മൂന്നാമത്തെ മാസമാണ് ലത്തീഫ് ഡോക്ടർ വരുന്നത്. ഒറ്റക്കാലിൽ ചാടി നടക്കുന്ന എന്നെ കണ്ടതും ഡോക്ടറുടെ മുഖം വല്ലാതെയായി. അദ്ദേഹത്തിന്റെ ശ്രമത്തിലൂടെയാണ് പ്ലാസ്റ്റിക് സർജറി ചെയ്ത് കൈ കുറച്ചെങ്കിലും ശരിയാക്കിയത്. നടക്കാൻ ക്രച്ചസും കിട്ടി.

ആറുമാസമായപ്പോൾ ഖദീജ സിസ്റ്റർ  ഡോക്ടറോട് എന്നെ എവിടെയെങ്കിലും ചേർക്കണമെന്നു പറഞ്ഞു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് വാങ്ങി ഡോക്ടർ എന്നെ കണ്ണൂർ ശ്രീകണ്ഠാപുരത്തെ വീട്ടിലേക്കു കൂട്ടി. പോകാൻ നേരം ഖദീജ സിസ്റ്റർ എന്നെക്കൊണ്ടൊരു സത്യം ചെയ്യിച്ചു– ‘പത്താം ക്ലാസ് വരെയെങ്കിലും പഠിക്കുമെന്ന്’. കരഞ്ഞുകൊണ്ടാണ് ‍ഞാൻ ആശുപത്രി വിട്ടത്.  

ലില്ലി ഡോക്ടർ എന്ന അമ്മ

ഡോക്ടറുടെ ഭാര്യ ലില്ലി ലത്തീഫ്, മക്കളായ ലിനി, ലതീഷ് എന്നിവരുള്ള വീട്ടിലേക്ക് അപരിചിതത്വമൊന്നുമില്ലാതെ ഞാൻ ചെന്നു. സ്നേഹപൂർവം അവരെന്നെ സ്വീകരിച്ചു. ലിനി എന്നെക്കാൾ മൂന്നു വയസ്സും ലതീഷ് ഒരു വയസ്സും മൂത്തതായിരുന്നു. അവരോടൊപ്പമായിരുന്നു ഞാൻ  ഭക്ഷണം കഴിച്ചിരുന്നതൊക്കെ.

എന്നെ സ്കൂളിൽ ചേർക്കുന്ന കാര്യം ചർച്ചയ്ക്കു വന്നപ്പോൾ ലില്ലി ഡോക്ടറുടെ സഹോദരി കെ.ജെ.േമരിയാണ് ബോയ്സ് ടൗണിനടുത്തുള്ള കുന്നോത്തെ ബാലഭവനെക്കുറിച്ചു പറഞ്ഞത്. തലശ്ശേരി അതിരൂപതയുടെ കീഴിൽ പുതുതായി തുടങ്ങിയ ബാലഭവനായിരുന്നു. കുന്നോത്ത് സെന്റ് ജോൺസ് സ്കൂളിൽ 1981 ഡിസംബറിൽ ഞാൻ ഒന്നാം ക്ലാസിൽ ചേർന്നു. ഫാ.മാത്യു വില്ലന്താനത്തിനായിരുന്നു ബാലഭവന്റെ ചുമതല. ബാലഭവനിലെ സിസ്റ്റർമാരും പുരോഹിതരുമൊക്കെ എന്നെ നന്നായി പരിഗണിക്കുമായിരുന്നു.

പത്താം ക്ലാസ് വരെ കുന്നോത്തെ സ്കൂളിലാണ് പഠിച്ചത്. എല്ലാ ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലം തുടങ്ങുമ്പോഴും ഡോക്ടർ ലില്ലി വന്ന് എന്നെ വീട്ടിലേക്കു കൊണ്ടുപോകും. പുതിയ വസ്ത്രമൊക്കെ വാങ്ങിത്തന്നാണ് വീട്ടിലെത്തുക. കുറച്ചുദിവസം ലതീഷിനും ലിനിക്കുമൊപ്പം കഴിയും.  തിരിച്ചു മടങ്ങുമ്പോഴേക്കും വലിയ വിഷമമാകും. ബാലഭവന്റെ ചുമതലയുണ്ടായിരുന്ന ജോസഫ് കൊരട്ടിപ്പറമ്പിൽ അച്ചനും എന്നെ വലിയ കാര്യമായിരുന്നു.

പത്താം ക്ലാസ് വരെ അവിടെ പഠിച്ചു. 1992ൽ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. താമസം കോളജ് ഹോസ്റ്റലിലും.  18 വയസ്സ് ആകുമ്പോൾ ബാലഭവനിൽനിന്നു മാറണം. എന്നെ സംബന്ധിച്ചിടത്തോളം പോകാൻ വേറെ സ്ഥലമില്ല. സുഹൃത്തായ മനോജ് ആയിരുന്നു എന്റെ ആശ്രയം. അവധി ദിവസങ്ങളിൽ അവന്റെ കൂടെ പോകും. ഡോക്ടറുടെ വീടുകഴിഞ്ഞാൽ കുടുംബത്തിന്റെ സ്നേഹം എനിക്കു ലഭിച്ചത് മനോജിന്റെ വീട്ടിൽനിന്നാണ്.

ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ ചെന്നൈയിൽ കൃത്രിമക്കാൽ ഉണ്ടാക്കുന്ന സ്ഥാപനത്തിൽ ആ സമയത്ത് എനിക്ക് ക്ലാർക്ക് ആയി ജോലി ലഭിച്ചു.  അപ്പോഴാണ് പ്രീഡിഗ്രി ഫലം വരുന്നത്. ഫസ്റ്റ്ക്ലാസ് മാർക്കോടെയായിരുന്നു ജയം. ഡിഗ്രിക്ക് പഠിക്കണമെന്നായിരുന്നു എനിക്ക്.  ഹോസ്റ്റലിൽ നിന്നുപഠിക്കാനുള്ള ചെലവ് വഹിക്കാമെന്നു പറഞ്ഞ് ലത്തീഫ് ഡോക്ടർ ഫാ.മാത്യു വില്ലന്താനത്തിനെ വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ ഡിഗ്രിക്ക് നിർമലഗിരിയിൽ ചേർന്നു. അക്കാലത്ത് ബാലഭവന്റെ ചുമതലയുണ്ടായിരുന്ന ഫാ.തോമസ് നീണ്ടൂരിനും എന്നോടു വലിയ സ്നേഹമായിരുന്നു.

ഡിഗ്രിക്കും നല്ല മാർക്കോടെ ജയിച്ചപ്പോൾ കാലടി സംസ്കൃത സർവകലാശാലയ്ക്കു കീഴിലെ തിരൂർ കോളജിൽ ബിഎഡിന് ഞാൻ അപേക്ഷ നൽകി. 1997ൽ ആണ്. ഭിന്നശേഷി സംവരണത്തിൽ ഒരു ശതമാനം സീറ്റ് നൽകണമെന്ന് അന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും എനിക്ക് പ്രവേശനം ലഭിച്ചില്ല.  ഞാൻ കാലടിയിൽ ചെന്ന് വൈസ് ചാൻസലറെ കണ്ടു. എന്റെ ജീവിതം അദ്ദേഹത്തിനോടു പറ‍ഞ്ഞു. ഒടുവിൽ നിറകണ്ണുകളോടെ അദ്ദേഹം ചോദിച്ചു– ‘എവിടെയാ അഡ്മിഷൻ വേണ്ടത്?’.  പ്രത്യേക ഉത്തരവിലൂടെ എനിക്കു തിരൂരിൽ പ്രവേശനം അനുവദിച്ചു.

ബിഎഡ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഒരു ജോലി നേടുകയായി ലക്ഷ്യം. ഭിന്നശേഷി സംവരണത്തിൽ ജോലി നൽകണമെന്നാവശ്യപ്പെട്ട് ഞാൻ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തി.  അനാഥനായ എനിക്കു യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി വേണമെന്നായിരുന്നു  ആവശ്യം. തിരുവനന്തപുരത്തു പോയി സാമൂഹികക്ഷേമ വകുപ്പു മന്ത്രിയെ കണ്ടു. വകുപ്പ് സെക്രട്ടറി പറഞ്ഞത്, ‘ജോലി തരാൻ വകുപ്പില്ല, മിൽമ ബൂത്ത് തുടങ്ങാനുള്ള സഹായം നൽകാം’. ഞാൻ ചിരിച്ചുകൊണ്ട് അദ്ദേഹത്തിനു മുന്നിൽ നിന്നെഴുന്നേറ്റു.

2001ൽ തലശ്ശേരി അതിരൂപത വായാട്ടുപറമ്പ് സ്കൂളിൽ  അവധി ഒഴിവിൽ എനിക്കു ജോലി നൽകി.  സ്കൂളിലെ  കുട്ടികൾക്കെല്ലാം എന്നെ ഇഷ്ടമായിരുന്നു. അന്നേരവും ഞാൻ ബാലഭവനിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ജോലി ചെയ്തു കിട്ടിയ പണം കൊണ്ട് കീഴ്പള്ളിയിൽ വീടുള്ള 10 സെന്റ് സ്ഥലം വാങ്ങി. ഞാനിഷ്ടപ്പെട്ടൊരു പെൺകുട്ടിയുണ്ടായിരുന്നു. സലോമി. അച്ചന്മാർക്കൊപ്പം അവരുടെ വീട്ടിൽചെന്നു വിവാഹകാര്യം പറഞ്ഞു. 2003ൽ വിവാഹം കഴിച്ചു. 2004ൽ വെളിമാനം സ്കൂളിൽ സ്ഥിരം നിയമനം ലഭിച്ചു. 2006ൽ ആറളം യുപി സ്കൂളിൽ നിയമനം ലഭിച്ചു. മുൻപ് കലക്ടറേറ്റിനു മുന്നിൽ സമരം ചെയ്തതിന്റെ ഫലം.

തുടർന്നു പഠിക്കാൻ തന്നെയായിരുന്നു തീരുമാനം. ബിരുദാനന്തരബിരുദമെടുത്തു. സെറ്റ് എഴുതി ജയിച്ചു. 2014ൽ ഹയർ സെക്കൻഡറി അധ്യാപകനായി. ആറളത്തു തന്നെയായിരുന്നു നിയമനം. നെറ്റ് ലഭിച്ചശേഷം പിഎസ്‌സി എഴുതി കോളജ് അധ്യാപകനായി. 2016ൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ അസി.പ്രഫസറായി ജോലിയിൽ പ്രവേശിച്ചു.

വേദനകൾ ഓർമകളായെത്തുന്നു

കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസറുടെ ചു‌മതലയുണ്ടായിരുന്നപ്പോൾ കൃത്രിമക്കാലുകൾക്കായുള്ള പ്രവർത്തനം നടത്തിയത് പഴയകാലത്തിന്റെ  ഓർമകളുടെ വേദനയുണ്ടായിരുന്നതു കൊണ്ടാണ്.  

അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് ലത്തീഫ് ഡോക്ടർ എന്നെ ജയ്പുരിൽ കൊണ്ടുപോയി കൃത്രിമക്കാൽ വയ്പ്പിക്കുന്നത്. കാലു വച്ചാൽ മുറിവിൽ തഴമ്പു വരുന്നതുവരെ വേദനയായിരിക്കും.

കാലില്ലാത്തവരുടെ പ്രശ്നം ഏറ്റെടുക്കാൻ പറ്റുമോയെന്നു ഞാൻ ചോദിച്ചപ്പോൾ കോളജിലെ എൻഎസ്എസ് കുട്ടികളും മുന്നോട്ടു വന്നു.  കുട്ടികൾ തുണിസഞ്ചിയുണ്ടാക്കി വിറ്റുകിട്ടിയ പണമൊക്കെ ഉപയോഗിച്ചാണു വലിയസംഖ്യ സ്വരൂപിച്ചത്. മൂന്നു തവണയായി ഇതുവരെ 125 പേർക്കു കൃത്രിമക്കാൽ നൽകി. പോളിയോ ബാധിച്ചവർക്കു കാലിപ്പറും നൽകി. ഇപ്പോഴും കോളജിലെ എൻഎസ്എസ് പ്രവർത്തകർ ആ പരിപാടി നടത്തുന്നുണ്ട്. 50 പേർക്ക് ഉടൻ കൃത്രിമക്കാൽ നൽകും.

ഇതിനിടെ ലത്തീഫ് ഡോക്ടർ മരിച്ചത് വല്ലാത്തൊരു ഷോക്കായി. ശ്രീകണ്ഠാപുരത്ത് പാലിയേറ്റീവ് കെയർ പ്രവർത്തനത്തിലാണ് ലില്ലി ഡോക്ടർ. ഇടയ്ക്ക് ഡോക്ടറെ പോയി കാണും. മക്കൾ രണ്ടുപേരും ഡോക്ടർമാരാണ്. അവർ നാട്ടിൽ വരുമ്പോൾ വിളിക്കും. ഞാൻ അവിടേക്കു ചെല്ലും. അവരുടെ വീട്ടുപേരായ കുടക്കച്ചിറ തന്നെയാണ് എന്റെ വീട്ടുപേരും. എനിക്കൊരു മേൽവിലാസമുണ്ടാക്കിത്തന്നത് അവരാണല്ലോ. അതല്ലാതെ വേറെയൊരു മേൽവിലാസം എനിക്കുവേണ്ടെന്നു കരുതി. മക്കളായ ലിയോയ്ക്കും ലിയയ്ക്കും എന്റെ ജീവിതം ഇപ്പോഴുമൊരു അദ്ഭുതമാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അച്ഛൻ പിന്നിട്ട വഴികൾ ഓർക്കാൻ പറയും.

വേരുകൾ തേടിയുള്ള യാത്ര പുറപ്പെടുകയാണു ഞാൻ. ആന്ധ്രയിലൊന്നു പോകണം. അനുജത്തി അവിടെയുണ്ടാകും. അവളെയൊന്നു കാണണം. 44 കൊല്ലമായില്ലേ നാട്ടിൽനിന്നു പോന്നിട്ട്. കാണാൻ പറ്റുമെന്ന് ഉറപ്പൊന്നുമില്ല. എങ്കിലും പോകണം.

ഞാൻ പലപ്പോഴും ചിന്തിക്കുന്നൊരു കാര്യമുണ്ട്. അന്ന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ എനിക്കു മുന്നിൽ വന്നുനിന്നത് മറ്റേതെങ്കിലും നാട്ടിലേക്കുള്ള ട്രെയിനായിരുന്നെങ്കിലോ... English Summary:
From Railway Station to Professor: S.B. Prasad\“s Inspiring Journey of Resilience
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470330