തിരുവനന്തപുരം ∙ നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ദേവസ്വം മന്ത്രിയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ അപലപനീയമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ദേവസ്വം മന്ത്രിയെ ‘കള്ളൻ’ എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് പ്രതിപക്ഷ അംഗങ്ങൾ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇത് തികച്ചും അപലപനീയമാണെന്നും ശിവൻകുട്ടി പറഞ്ഞു.
- Also Read ശബരിമല സ്വർണപ്പാളി വിവാദം; സഭയിൽ ബഹളം, സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
നിയമസഭയിൽ സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ പ്രതിപക്ഷം ബാനറുകൾ ഉയർത്തിയപ്പോൾ, ‘സ്പീക്കറെ കാണാൻ സാധിക്കുന്നില്ല’ എന്ന വസ്തുതാപരമായ ഒരു കാര്യം മാത്രമാണ് താൻ സൂചിപ്പിച്ചത്. സഭാരേഖകൾ പരിശോധിച്ചാൽ ആർക്കും ഇത് വ്യക്തമാകും. എന്നാൽ ഈ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് തനിക്കെതിരെ ക്ഷുഭിതനാവുകയും തന്നെ പഠിപ്പിക്കാൻ വരേണ്ട എന്ന് ആക്രോശിക്കുകയുമാണ് ചെയ്തത്. പ്രതിപക്ഷ നേതാവിനെ പഠിപ്പിക്കാൻ താൻ ആളല്ല. എന്നാൽ അദ്ദേഹം ഓരോ വിഷയത്തിലും ഇടപെട്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. English Summary:
V Sivankutty Condemns Opposition leader\“s Remarks against the Devaswom Minister:Kerala news focuses on Education Minister V. Sivankutty\“s condemnation of the opposition\“s remarks against the Devaswom Minister in the Legislative Assembly. Sivankutty criticized the opposition\“s use of disrespectful language and defended his own statements made during the assembly proceedings. |