തിരുവനന്തപുരം∙ റോഡ് നിര്‍മാണം വൈകിയതിന് കരാറുകാരനെ പരസ്യമായി ശകാരിച്ച് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ഏഴു മാസമായി നിര്‍മാണം തുടരുന്ന റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കടകംപള്ളിയുടെ ഇടപെടല്‍. ശ്രീകാര്യം-കല്ലമ്പള്ളി ഒന്നര കിലോമീറ്റര്‍ റോഡ് നിർമാണം വൈകുന്നതിലാണ് മന്ത്രി കരാറുകാരനെ ശകാരിച്ചത്.
Also Read സെബാസ്റ്റ്യന്റെ കുളത്തിൽ ആഫ്രിക്കൻ മുഷി; മൃതദേഹ അവശിഷ്ടങ്ങൾ ഭക്ഷണമായി കൊടുത്തു? വറ്റിച്ചിട്ടും ഫലമില്ല
അതേസമയം, ഷര്‍ട്ടില്‍ മൈക്ക് കുത്തിവച്ചുകൊണ്ടുള്ള ശകാരം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയർന്നു. മര്യാദയ്ക്ക് പെട്ടെന്നു പണി തീര്‍ത്തില്ലെങ്കില്‍ പണി നിര്‍ത്തിവച്ച് നിങ്ങള്‍ക്കു പോകേണ്ടിവരുമെന്നാണ് കടകംപള്ളി കരാറുകാരനോടു പറയുന്നത്. റോഡ് കുഴിച്ചിട്ടതിന്റെ ചെളി മാറ്റിക്കൊടുക്കാന്‍ പറ്റുമോ എന്നും കരാറുകാരനോട് എംഎല്‍എ ചോദിക്കുന്നു. എന്തുകൊണ്ടാണ് കുഴി മൂടാത്തതെന്നും എത്ര ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നും കടകംപള്ളി കരാറുകാരനോടു ചോദിക്കുന്നുണ്ട്. ഒരു വാഹനം പോകുന്ന രീതിയില്‍ റോഡിലെ ചെളി ഒഴിവാക്കിക്കൊടുക്കണമെന്നും കടകംപള്ളി നിര്‍ദേശിച്ചു.
Also Read കേരളത്തിൽ ഇടതു തീവ്രവാദ സാന്നിധ്യമെന്ന് കേന്ദ്രം; 2 തീവ്രവാദികൾ കീഴടങ്ങി, പ്രവർത്തനം ഏതു ജില്ലയിലെന്ന് വ്യക്തമല്ല
ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ എംഎല്‍എ ഷര്‍ട്ടില്‍ മൈക്ക് കുത്തിവച്ച് കരാറുകാരനെ വിമര്‍ശിച്ചത് തിരഞ്ഞെടുപ്പു കാലത്തെ ഷോ മാത്രമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഏഴെട്ടു മാസമായി റോഡ് ഇത്തരത്തില്‍ കിടന്നിട്ടും തിരിഞ്ഞു നോക്കാതിരുന്നവര്‍ പെട്ടെന്ന് രംഗത്തിറങ്ങിയത് തദ്ദേശതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും നാട്ടുകാര്‍ പറയുന്നു.
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
അതേസമയം, കരാറുകാരനെ ശാസിക്കാന്‍ ഉദ്ദേശിച്ചല്ല അവിടെ എത്തിയതെന്നും റോഡ് നിര്‍മാണം വിലയിരുത്താന്‍ എത്തിയതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ചെറിയ വിഡിയോ എടുത്ത് ജനങ്ങളെ അറിയിക്കണമെന്നു കരുതിയാണ് മൈക്ക് ഷര്‍ട്ടില്‍ ഘടിപ്പിച്ചത്. മഴ കാരണമാണ് നിര്‍മാണം വൈകിയതെന്നും രണ്ടു ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും ജനങ്ങളോടു വിശദീകരിക്കാനായിരുന്നു ശ്രമം. അതിനിടെ അവിടെ ഒരു പിക്കപ്പ് വാന്‍ ചെളിയില്‍ പൂണ്ടു കിടക്കുന്നതു കണ്ടതോടെയാണ് കരാറുകാരനോടു സംസാരിക്കേണ്ടിവന്നത്. അതുകൊണ്ടാണ് വിഡിയോയില്‍ മൈക്ക് കാണുന്നത്.
ആളുകള്‍ വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ല. വന്ന പിഴവില്‍ വിമര്‍ശനത്തിന് താന്‍ അര്‍ഹനാണ്. ഭാവിയില്‍ അതു ശ്രദ്ധിക്കുമെന്നും കടകംപള്ളി പറഞ്ഞു. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആറു തവണ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു. മഴ ഒരു പ്രധാന തടസ്സമായിരുന്നു. എങ്കിലും കരാറുകാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടിയിരുന്നെങ്കില്‍ നിര്‍മാണം വേഗത്തില്‍ തീര്‍ക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. English Summary:
Kadakampally Scolds Contractor Over Road Delay: Road construction delay became the focal point when Kadakampally Surendran, an MLA, publicly scolded a contractor. The incident, involving a road work delay in Thiruvananthapuram, sparked controversy and allegations of being an election stunt.