റോം∙ ഇസ്രായേലിന്റെ ഉപരോധം മറികടന്ന് ഗാസയിലേക്ക് കടൽമാർഗം സഹായവുമായി പോകുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ സുരക്ഷയ്ക്കായി ഇറ്റാലിയൻ നാവികസേന വിന്യസിച്ച കപ്പൽ തിരിച്ചുപോകും. തങ്ങളുടെ തീരത്തുനിന്ന് 150 നോട്ടിക്കൽ മൈൽ അകലെ വരെ മാത്രമേ ഫ്ലോട്ടിലയ്ക്ക് നാവികസേന കപ്പൽ അകമ്പടി പോകുകയുള്ളൂവെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു. നേരത്തെ, ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയ്ക്കു നേരെ ആക്രമണമുണ്ടായപ്പോഴായിരുന്നു ഇറ്റലി സുരക്ഷക്കായി നാവികസേനാ കപ്പലിനെ അയച്ചത്.
അതേസമയം, ഇസ്രയേൽ ഏതുസമയത്തും ആക്രമിക്കാൻ സാധ്യതയുണ്ടെന്നു ഫ്ലോട്ടില വക്താവ് മറിയ എലിന ഡെലിയ പറഞ്ഞു. എല്ലാ സൂചനകളും അതിലേക്കാണു വിരൽചൂണ്ടുന്നത്. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വഷളാകാതിരിക്കാനാണു നാവികസേന സുരക്ഷ പിൻവലിക്കുന്നതെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചതായും ഇവർ പറഞ്ഞു. നേരത്തെ സ്പെയിനും ഫ്ലോട്ടിലയുടെ സുരക്ഷക്ക് നാവികസേനാ കപ്പൽ അയച്ചിരുന്നു.
50ഓളം ചെറുയാനങ്ങളാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ ഭാഗമായി ഗാസയിലേക്കു നീങ്ങുന്നത്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ഉൾപ്പെടുന്ന സംഘം സെപ്റ്റംബർ ആദ്യം സ്പെയിനിലെ ബാർസിലോനയിൽനിന്നാണു യാത്ര ആരംഭിച്ചത്. എന്നാൽ, ഫ്ലോട്ടില ഗാസയിൽ പ്രവേശിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്നാണ് ഇസ്രായേലിന്റെ നിലപാട്. മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്രക്കിടെ ഫ്ലോട്ടിലക്കു നേരെ നിരവധി തവണ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനു പിന്നിൽ ഇസ്രയേലാണെന്നാണ് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. എന്നാൽ, ഇസ്രയേൽ ഇതിൽ പ്രതികരിച്ചിട്ടില്ല. English Summary:
Italian Navy Withdraws Gaza Flotilla Escort: Global Sumud Flotilla faces security concerns as the Italian Navy withdraws its escort near Gaza. The move comes amid rising tensions and potential threats from Israel, raising concerns about the safety of the aid mission. |