പട്ന ∙ ബിഹാറിൽ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതുക്കിയ കരടു വോട്ടർ പട്ടികയിന്മേലുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്. നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിക്കുമെന്നു ബിഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വോട്ടർ പട്ടിക പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ഉടൻ ലഭ്യമാക്കും. പുതുക്കലിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അന്തിമ വോട്ടർ പട്ടിക റദ്ദാക്കുമെന്നു സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനു മുന്നറിയിപ്പു നൽകിയിരുന്നു. വോട്ടർ പട്ടിക കേസിൽ സുപ്രീം കോടതിയിൽ അന്തിമ വാദം കേൾക്കൽ ഒക്ടോബർ ഏഴിനു നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥ സംഘം 3,4 തീയതികളിൽ പട്ന സന്ദർശിക്കും. തിരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്ന് ഉറപ്പു വരുത്താനായി തിരഞ്ഞെടുപ്പു കമ്മിഷൻ 470 നിരീക്ഷകരെ ബിഹാറിൽ നിയോഗിക്കും.
English Summary:
Bihar Voter List is published by the Election Commission: The updated voter list will be used in the upcoming assembly elections, and the Election Commission is taking measures to ensure a smooth and fair election process. |