ഒറ്റപ്പാലം∙ ഡിവൈഎഫ്ഐ മുൻ നേതാവ് വിനേഷിനെതിരായ അക്രമം ക്രിമിനലിസമെന്നു കെടിഡിസി ചെയർമാൻ പി.കെ.ശശി. ഇത് ഒരിക്കലും നീതീകരിക്കാനാവില്ല. ഭിന്നാഭിപ്രായം പറയുന്നതിന്റെ പേരിൽ ആക്രമിക്കാൻ ആരും പ്രോത്സാഹിപ്പിക്കുമെന്നു തോന്നുന്നില്ലെന്നും ശശി പറഞ്ഞു. പികെ ദാസ് ആശുപത്രിയിലെത്തി വിനേഷിനെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
ഈ അക്രമത്തെ കമ്യൂണിസ്റ്റ് പാർട്ടി പോലും ന്യായീകരിക്കുമെന്നു കരുതുന്നില്ല. ഇതിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഷൊർണൂരിൽ എംഎൽഎയായിരിക്കെ വിനേഷിനെ നല്ല പരിചയമുണ്ട്. സമർഥനായ കേഡർ ആയിരുന്നു. പ്രതികരണ ശേഷിയുള്ള ചെറുപ്പക്കാരൻ. വാണിയംകുളത്ത് ആക്രമിക്കപ്പെട്ട ഡിവൈഎഫ്ഐ മുൻ നേതാവ് വിനേഷിന്റെ വീട് കെടിഡിസി ചെയർമാൻ പി.കെ.ശശി സന്ദർശിച്ചപ്പോൾ.
ആക്രമണത്തിൽ മാരകമായ പരുക്കാണു സംഭവിച്ചിട്ടുള്ളത്. ഡോക്ടർമാരുമായി സംസാരിച്ചു. പതുക്കെ മാത്രമേ ജീവിതത്തിലേക്കു തിരിച്ചെത്താനാകൂവെന്നാണ് അറിയാൻ കഴിഞ്ഞത്. മതിയായ ചികിത്സ ഇപ്പോൾ കിട്ടുന്നുണ്ട്. തുടർന്നു പനയൂരിൽ വിനേഷിന്റെ വീട്ടിലെത്തി അമ്മയെ കണ്ട ശേഷമാണു പി.കെ.ശശി മടങ്ങിയത്.
48 മണിക്കൂർ നിർണായകം
ഒറ്റപ്പാലം∙ വാണിയംകുളത്ത് ആക്രമിക്കപ്പെട്ട ഡിവൈഎഫ്ഐ മുൻ നേതാവ് വിനേഷിനു 48 മണിക്കൂർ നിർണായകമെന്നു പികെ ദാസ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ബിജു സി.ജോസ്. തലയോട്ടിക്കും തലച്ചോറിനും ഇടയിലായി പൊട്ടിയ രക്തക്കുഴലിൽനിന്നു അമിത രക്തസ്രാവമുള്ള അവസ്ഥയിലാണു (സബ്ഡ്യൂറൽ ഹെമറ്റോമ) വിനേഷിനെ ബുധനാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ചത്. കൂടെ വിനേഷിന്റെ അച്ഛൻ മാത്രമാണ് ഉണ്ടായിരുന്നത്. ഗൗരവം ബോധ്യപ്പെടുത്തി അർധരാത്രി തന്നെ വിനേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായി ഡോക്ടർ പറഞ്ഞു.
ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രക്തസമ്മർദം കുറഞ്ഞതു ശുഭസൂചനയാണ്. മൂർഛയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണമായി തോന്നുന്നില്ല. അതേസമയം, പരുക്ക് നിലത്തു തലയടിച്ചു വീണിട്ടാകാനും സാധ്യതയില്ല. മുഖം ഉൾപ്പെടെ ശരീരത്തിൽ മറ്റു ചില ഭാഗങ്ങളിൽ കൂടി ചെറിയ മുറിവുകളും ക്ഷതങ്ങളുമുണ്ടെന്നും ഡോക്ടർ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ
ഷൊർണൂർ∙ വിനേഷിനെ ആക്രമിച്ച കേസിൽ കോഴിക്കോട്ടു നിന്നു പിടിയിലായ നേതാക്കളെ വ്യാഴാഴ്ച രാത്രി ഷൊർണൂർ പൊലീസ് ചോദ്യം ചെയ്തതു തുടർച്ചയായി 3 മണിക്കൂറോളം. അർധരാത്രി പന്ത്രണ്ടോടെ ഷൊർണൂരിലെത്തിച്ച ഇവരുടെ പ്രാഥമിക വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ.
രാവിലെ ആറോടെ വീണ്ടും സ്റ്റേഷനിലെത്തിയ അന്വേഷണ സംഘം ഇവരെ വീണ്ടും ചോദ്യം ചെയ്തു. ഒൻപതോടെ ഇതു പൂർത്തിയായി. നിയമപരമായ മറ്റു നടപടികൾ പൂർത്തിയാക്കാൻ വീണ്ടും മണിക്കൂറുകളെടുത്തു. രാവിലെ മുതൽ മാധ്യമങ്ങളും സ്റ്റേഷനു മുന്നിൽ കാത്തുനിന്നു. ഇടയ്ക്കു ചില പ്രാദേശിക നേതാക്കളും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി അറസ്റ്റിലായവരുമായി കൂടിക്കാഴ്ച നടത്തി. English Summary:
DYFI Leader Attack is currently under investigation after the brutal incident in Ottapalam. PK Sasi condemned the attack and visited Vinesh in the hospital, expressing strong disapproval of such violence. The police are actively investigating the case and have detained individuals for questioning. |