തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവച്ചതില്‍ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇ.ഡി 2023ലാണ് നോട്ടിസ് നല്‍കിയത്. എന്നാലത് ഇപ്പോഴാണ് പുറത്തുവന്നത്. അതീവ രഹസ്യമായിട്ടാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമന്‍സ് നല്‍കിയത്.
- Also Read മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇ.ഡി സമൻസ്; സമൻസ് അയച്ചത് കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിനിടെ
കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ നോട്ടിസ് നല്‍കിയാല്‍ അത് ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ രാജ്യവ്യാപകമായത് പ്രസിദ്ധീകരിക്കും. ഒരു കാര്യവുമില്ലെങ്കിലും ചോദ്യം ചെയ്യലും അറസ്റ്റും മറ്റുമായി വലിയ വാര്‍ത്താപ്രാധാന്യം അവര്‍ ഉണ്ടാക്കിയെടുക്കും. നാഷനല്‍ ഹെറാള്‍ഡ് കേസ്, ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ തുടങ്ങിയവരുടെ കേസില്‍ കാട്ടിയ കോലാഹലം നമുക്ക് മുന്നിലുണ്ട്. കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുടെയും മകന്റെയും കാര്യത്തില്‍ ഇ.ഡി അത്തരം വലിയ പ്രചാരണത്തിന് നിന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി സമാധാനം പറയണം. ഈ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ? ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ഉള്‍പ്പെടെ ഇ.ഡിയില്‍ നിന്ന് മറുപടി കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിന് പറഞ്ഞാല്‍ പോലും മുഖ്യമന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് അന്ന് ഈ സമന്‍സിനെതിരെ പ്രതികരിച്ചില്ലെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. ഇ.ഡിയുടെ സമന്‍സിനെതിരെ നിയമപോരാട്ടത്തിന് മുന്നോട്ട് വരാതിരുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിനേയും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഇ.ഡിയുടേത് പോലെ സമന്‍സിന്റെ വിവരം രഹസ്യമാക്കി വയ്ക്കണമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിര്‍ബന്ധമുണ്ടായിരുന്നു. സിപിഎമ്മും ഇ.ഡിയും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഈ സമന്‍സ് വിവരം പൂഴ്ത്തിവച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
- Also Read ‘പിണറായി വിജയൻ രക്തം കുടിക്കുന്ന ഡ്രാക്കുള, കോൺഗ്രസുകാരുടെ ചോര വീഴ്ത്തുന്നു, ആണിയടിച്ച് തറയ്ക്കും’
പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കേരള ഹൗസിലെ പ്രഭാത ഭക്ഷണം കഴിക്കലും കേന്ദ്ര മന്ത്രിമാരുടെ വീടുകളില്‍ ഉദ്യോഗസ്ഥരില്ലാതെയുള്ള പിണറായി വിജയന്റെ സന്ദര്‍ശനവും ഇതിനിടെയാണ് നടന്നത്. ഇതെല്ലം കൂട്ടിവായിച്ചാല്‍ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് വ്യക്തമാണ്. അതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം തെറ്റാണെന്നും തട്ടിപ്പാണെന്നും തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകുമോ? അതല്ലാതെ മടിയില്‍ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുനിഷ്ഠമായി മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
- Also Read ശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയറുമായി സുമയ്യ ആശുപത്രി വിട്ടു
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരായ ആക്രമണം ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിന്ന് സര്‍ക്കാരിന് രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തില്‍ ഒരു സംഭവസ്ഥലം സന്ദര്‍ശിച്ചാല്‍ ഇതാണ് അനുഭവം. ഇത് കാട്ടുനീതിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസുകാര്‍ക്ക്. ഇതൊന്നും കണക്കില്‍പ്പെടാതെ പോകില്ലെന്ന് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മറക്കണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. English Summary:
ED Summons to CM\“s Son: The recent revelation of ED summons to the Chief Minister\“s son has ignited a political storm, raising questions about transparency and alleged double standards. |
|