കോഴിക്കോട് ∙ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ രാത്രി കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിലും സംഘർഷം. ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം തൊട്ടടുത്തുള്ള ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ എത്തിയതോടെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രകടനത്തിനു മുന്നിലൂടെ പോയ പൊലീസ് ജീപ്പിനു നേരെ പാഞ്ഞടുത്ത പ്രവർത്തകരെ ടി.സിദ്ദിഖ് എംഎൽഎ അടക്കമുളള നേതാക്കളെത്തിയാണ് അനുനയിപ്പിച്ചത്. റോഡരികിൽ സ്ഥാപിച്ച ബോർഡുകളും മറ്റും തകർത്താണ് യുഡിഎഫ് പ്രവർത്തകർ മാവൂർ റോഡിലേക്ക് പ്രകടനമായി പോയത്. മാവൂർ റോഡിലും മറ്റും ഗതാഗത തടസ്സമുണ്ടായി. പൊലീസ് വലയം തീർത്തെങ്കിലും പ്രകടനക്കാർ അത് ഭേദിച്ച് നഗരഭാഗത്തേക്ക് പോയി.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ വെള്ളിയാഴ്ച രാത്രി യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ നിന്ന്. ചിത്രം: എം.ടി.വിധുരാജ് / മനോരമ ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ദേശീയപാതയിൽ ആലപ്പുഴ ബൈപ്പാസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണിനേയും മറ്റു പ്രവർത്തകരേയും പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു.ചിത്രം: മനോരമ
റോഡ് നിർമാണത്തിനായി വച്ചിരുന്ന വീപ്പകളും മറ്റും റോഡിലേക്ക് മറിച്ചിട്ടാണ് പ്രവർത്തകർ മുന്നോട്ടു പോയത്. കോഴിക്കോട് കമ്മിഷണർ ഓഫിസിനു മുന്നിലെത്തിയ പ്രവർത്തകർ പൊലീസിനെതിരെയും സർക്കാരിനെതിരെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ സമാധാനിപ്പിച്ചത്. കമ്മിഷണർ ഓഫിസിനു മുന്നിൽ ധർണ നടത്തിയ ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു.
- Also Read പേരാമ്പ്രയിലെ പൊലീസ് ലാത്തിച്ചാർജ്; ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ, ശസ്ത്രക്രിയക്ക് വിധേയനാക്കും
ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്. ചിത്രം: ഹരിലാൽ/മനോരമ
ശനിയാഴ്ച രാവിലെ 9.30 ന് കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഐജി ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരിങ്ങലിൽ ശനിയാഴ്ച ആരംഭിക്കാനിരുന്ന കോൺഗ്രസിന്റെ സിറ്റി നേതൃത്വ പരിശീലന ക്യാംപ് ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അറിയിച്ചു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നു. ചിത്രം: മനോരമ English Summary:
Shafi Parambil Injured: Shafi Parambil, an MP, sustained injuries during a clash in Kozhikode, requiring surgery. The incident has sparked protests and political tensions in Kerala, leading to further unrest. The UDF is planning further demonstrations in response to the police action. |