കൊച്ചി ∙ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന ആലപ്പുഴ മുൻ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിർമാതാവ് ഷീല കുര്യന്‍ ഹൈക്കോടതിയിൽ. മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് ജി.ഗിരീഷ് സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. ഒരുമാസത്തിനകം മറുപടി സമർപ്പിക്കണം. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നവംബർ 13നു കേസ് വീണ്ടും പരിഗണിക്കും.
- Also Read ശബരിമല സ്വർണപ്പാളി വിഷയം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാൻ കാരണമായി കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
2021ൽ തന്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. തുടർച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാൾ പണം നൽകിയില്ല. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണിൽ വിളിച്ച് മോശമായി പെരുമാറിയെന്ന് ഷീല കുര്യൻ പറയുന്നു. പിറ്റേന്ന് തന്നെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് രണ്ടാഴ്ചയ്ക്കു ശേഷം ഡിവൈഎസ്പി മധു വിളിപ്പിച്ചെന്ന് ഷീല കുര്യൻ പറയുന്നു. സ്റ്റേഷനിൽ ആലപ്പുഴ സ്വദേശിയും അയാളുടെ സഹായിയും ഹാജരായിരുന്നു.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
തന്റെ പരാതി കേൾക്കുന്നതിനു പകരം മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണ് ഷീലയുടെ പരാതി. താൻ പരാതി നൽകിയ ആളുകളുടെ മുന്നിൽ വച്ചായിരുന്നു ഇതെന്നും അവർ പറയുന്നു. തുടർന്ന് മധു ബാബുവിനെതിരെ കേെസടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ മാസം ഒടുവിൽ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ താൻ കോടതിയെ സമീപിക്കുകയാണെന്ന് ഷീല കുര്യൻ പറയുന്നു.
എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണനെ കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചുവെന്ന ആരോപണം നേരിടുന്ന മധു ബാബുവിനെ അടുത്തിടെ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. 2012ല്‍ മധു കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്നും കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ ജില്ലകളില്‍ നിന്നും മധുവിനെതിരെ സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sheeladipu എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sheela Kurian Files Petition Against Former Alappuzha DYSP Madhu Babu in High Court: Sheela Kurian\“s case is now in High Court. The movie producer has approached the High Court alleging misbehavior and insulting her modesty by former Alappuzha DYSP Madhu Babu. The court has sought a report from the State Police Chief in this matter. |