ഒരിക്കൽ ന്യൂസീലൻഡുകാർ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകളെല്ലാം തച്ചുടച്ചതാണ്. ലോകകപ്പിനു തൊട്ടുമുൻപ് തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ വിധി കിവീസ് എഴുതിയെന്നു കരുതിയവർ ഏറെയാണ്. എന്നാൽ അവർക്കു തെറ്റി. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കിരീടം ചുമ്മാ വന്ന് കൊണ്ടുപോകാൻ നോക്കിയാൽ നമ്മൾ സമ്മതിക്കുമോ? ഇല്ല. മറ്റൊരു നാട്ടിൽ പോയി ജീവനും ജീവിതവും വെട്ടിപ്പിടിച്ച് ശീലമുള്ള മലയാളികളിലൊരുവൻ ഇന്ത്യയ്ക്കായി ലോകകപ്പ് പൊരുതി നേടിയിരിക്കുന്നു. 2024 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെ കിരീട വിജയത്തിൽ മലയാളി ഭാഗ്യത്തിന്റെ പൊന്‍തൂവൽ ചാർത്തിയെങ്കിൽ, ഇക്കുറി കഥ വേറെയാണ്.
- ഞാൻ തകർന്നുപോയിരുന്നു, മനസ്സ് പിടിവിട്ടുപോയി; മാനസിക പിന്തുണ നൽകിയത് സച്ചിൻ സർ: വെളിപ്പെടുത്തി സഞ്ജു Cricket
വിഴിഞ്ഞത്തുനിന്ന് ഇന്ത്യൻ ടീമിന്റെ ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ അണിഞ്ഞ നമ്മുടെ സഞ്ജു എല്ലാ രീതിയിലും പൊരുതി നേടിത്തന്ന കപ്പാണിത്. മലയാളികൾക്ക് എല്ലാം കൊണ്ടും അവകാശപ്പെടാവുന്ന മോഹകപ്പ്. തുടർച്ചയായ മൂന്നാം അർധ സെഞ്ചറിയുമായി ലോകകപ്പിലെ റെക്കോർഡുകൾ വെട്ടിപ്പിടിച്ചപ്പോൾ ‘പവർഫുൾ’ സാംസൺ തച്ചുതകർത്തത് ലോകകപ്പിലെ കിവികളുടെ കന്നിക്കിരീടമെന്ന സ്വപ്നങ്ങളാണ്. അന്നു തിരുവനന്തപുരത്ത് സ്വന്തം ആരാധകര്‍ക്കു മുന്നിൽ നിരാശപ്പെടുത്തിയ മടങ്ങേണ്ടി വന്നതിന്റേതടക്കം കണക്കെല്ലാം ഈയൊരൊറ്റ ഇന്നിങ്സിലൂടെ തീർത്തു കൊടുത്തിട്ടുണ്ട്. ഈ തോൽവി ന്യൂസീലൻഡ് എന്തായാലും അടുത്ത കാലത്തൊന്നും മറക്കില്ല.
റെക്കോർഡ് സ്കോർ, തീപ്പൊരി ബാറ്റിങ്
ലോകകപ്പിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇഷാൻ കിഷൻ ഉൾപ്പടെയുള്ള പ്രധാന ബാറ്റർമാരെല്ലാം എട്ടും ഒൻപതും മത്സരങ്ങൾ കളിച്ചപ്പോൾ ഇന്ത്യക്കാരിൽ ടോപ് സ്കോററായ സഞ്ജു കളിച്ചത് അഞ്ച് മത്സരങ്ങൾ മാത്രമാണ്. ഇത്രയും കളികളിൽനിന്ന് മൂന്ന് അർധസെഞ്ചറികളുൾപ്പടെ 321 റണ്‍സ് സഞ്ജു അടിച്ചുകൂട്ടി. ട്വന്റി20 ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനം. പാക്കിസ്ഥാന്റെ സഹിബ്സദ ഫർഹാനും (383), ന്യൂസീലൻഡ് താരം ടിം സെയ്ഫർട്ടും (326) മാത്രമാണു സഞ്ജുവിനു മുന്നിലുള്ളത്. ലോകകപ്പിന്റെ ഒരു സീസണിൽ കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിൽ 2014ൽ വിരാട് കോലി നേടിയ 319 റൺസെന്ന നേട്ടത്തെയും സാംസൺ പഴങ്കഥയാക്കി.
- Ind vs Nz- Final കലാശപ്പോരിൽ കിവികൾ വീണു! ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ് Cricket
വേറെയുമുണ്ട് സഞ്ജുവിന്റെ പേരിൽ റെക്കോർഡുകൾ. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തമാണ്. 2016 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മാർലൻ സാമുവൽസിന്റെ റെക്കോർഡാണ് സഞ്ജു തകർത്തത്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്കും പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചറി നേടുന്ന താരമായി. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോർഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ കോലി നേടിയ 77 റൺസിനെയും സഞ്ജു പിന്തള്ളി. ലോകകപ്പിനു മുൻപ് ടീമിൽ വന്നും പോയും ഇരുന്ന ബാറ്ററെന്ന നിലയിൽനിന്ന്, കുറച്ചു വർഷത്തേക്കെങ്കിലും ട്വന്റി20 ഫോർമാറ്റിൽ സഞ്ജുവിന്റെ സ്ഥാനത്തെ വെല്ലുവിളിക്കാൻ ആളുണ്ടാകില്ലെന്നുറപ്പ്. സഞ്ജു സാംസൺ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ ADVERTISEMENT Go AD-FREE
ഇരുട്ടടിയായ ന്യൂസീലൻഡ് സീരീസ്
ലോകകപ്പിനു മുൻപ് ഇന്ത്യൻ താരങ്ങൾക്ക് തയാറെടുക്കാനായിരുന്നു ബിസിസിഐ ന്യൂസീലൻഡിനെ നാട്ടിലേക്കു വിളിച്ചുവരുത്തി ട്വന്റി20 പരമ്പര നടത്തിയത്. സഞ്ജു സാംസണിന്റെ ലോകകപ്പിലെ സാധ്യതകളെ ഏറക്കുറെ ഇല്ലാതാക്കിയത് ഈ പരമ്പരയായിരുന്നു. ഇന്ത്യയിലെ അഞ്ചു വേദികളിൽ നടന്ന മത്സരങ്ങളിലെല്ലാം ഓപ്പണറായി ഇറങ്ങിയെങ്കിലും സഞ്ജു രണ്ടക്കം കടന്നത് വിശാഖപട്ടണത്തു മാത്രം. അതും നേടിയത് 24 റൺസ്. നാഗ്പുരിലും (10), റായ്പുരിലും (ആറ്), ഗുവാഹത്തിയിലും (പൂജ്യം) താരം നിരാശപ്പെടുത്തി. ജന്മനാടായ തിരുവനന്തപുരത്ത് ആദ്യമായി ബാറ്റിങ്ങിനിറങ്ങിയപ്പോഴും സഞ്ജു ആറു റൺസ് മാത്രമാണ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ വൺഡൗണായിറങ്ങിയ ഇഷാൻ കിഷൻ സെഞ്ചറി നേടുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലും തകർപ്പൻ ഫോമിൽ കളിച്ച ഇഷാൻ കിഷനെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറാക്കാൻ ബിസിസിഐയ്ക്ക് ഇതോടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സ്വാഭാവികമായും ലോകകപ്പ് പ്ലേയിങ് ഇലവനിൽനിന്ന് പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു പുറത്തായി.
- ഇതെല്ലാം മുൻകൂട്ടി കണ്ടാണോ സഞ്ജുവിനെ ‘തല’ ചെന്നൈയിലേക്കു ക്ഷണിച്ചത്? കോലിയുടെയും റെക്കോർഡ് വീണു: കളം നിറയുമോ ‘ചേട്ടന്റെ’ പിള്ളേർ! Sports+
പാഠം പഠിപ്പിച്ച തോൽവി
ഗ്രൂപ്പ് ഘട്ടത്തിൽ ഏറക്കുറെ എല്ലാ മത്സരങ്ങളിലും സഞ്ജു പുറത്തിരിക്കുമെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. എന്നാൽ യുഎസിനെതിരായ മത്സരത്തിനു പിന്നാലെ ഓപ്പണർ അഭിഷേകിന് ഭക്ഷ്യവിഷബാധയേറ്റതോടെ കാര്യങ്ങൾ മാറി. അഭിഷേകിന് വിശ്രമം ആവശ്യമായതുകൊണ്ടു മാത്രം സഞ്ജു ടീമിലെത്തി. പക്ഷേ ദുർബലരായ നമീബിയയ്ക്കെതിരെ വലിയ സ്കോർ കണ്ടെത്താൻ മലയാളി താരത്തിനു സാധിച്ചില്ല. മൂന്നു സിക്സറുകളും ഒരു ഫോറും നേടി വമ്പനടികളുമായി തുടങ്ങിയെങ്കിലും എട്ടു പന്തിൽ 22 റൺസുമായി താരം പുറത്തായി. അഭിഷേക് ടീമിലേക്കു തിരിച്ചെത്തിയതോടെ സ്വാഭാവികമായും സഞ്ജു പുറത്തായി. ഗ്രൂപ്പ് ഘട്ടമത്സരങ്ങളിൽ അഭിഷേക് തുടർച്ചയായി മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടും സഞ്ജുവിനെ പരീക്ഷിച്ചുനോക്കാൻ ബിസിസിഐ തയാറായിരുന്നില്ല. ട്വന്റി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ. (PTI Photo/Kunal Patil)
തോൽവിയറിയാതെ ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ എട്ടില്‍ എത്തിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിത അടിയായിരുന്നു ദക്ഷിണാഫ്രിക്കയിൽനിന്ന് ഏറ്റത്. 76 റൺസിന്റെ തോൽവി വഴങ്ങിയ ഇന്ത്യ അടുത്ത മത്സരത്തിൽ സിംബാബ്‍വെയ്ക്കെതിരെ പ്ലേയിങ് ഇലവൻ പൊളിച്ചു. അഭിഷേകിനൊപ്പം സഞ്ജു ഓപ്പണിങ് ബാറ്ററായി വന്നു, ഇഷാൻ കിഷൻ വൺഡൗണിലേക്ക് ഇറങ്ങി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയശേഷം ‘ഹോം ഗ്രൗണ്ടിൽ’ സഞ്ജുവിന്റെ ആദ്യ പോരാട്ടമായിരുന്നു ഇത്. ചെപ്പോക്കിൽ 15 പന്തുകൾ നേരിട്ട സഞ്ജു 24 റൺസെടുത്തു പുറത്തായി. ബൗണ്ടറി കടന്നത് രണ്ടു സിക്സും ഒരു ഫോറും. ഈ മത്സരം ഇന്ത്യ 72 റൺസിനു വിജയിച്ചതോടെ ടീമിൽ പിന്നീട് മാറ്റങ്ങളുണ്ടായില്ല. ADVERTISEMENT Go AD-FREE
സമ്മർദത്തെ അതിജീവിച്ച സാംസൺ പവർ
സെമി ഫൈനലിലെത്താൻ വെസ്റ്റിൻഡീസിനെതിരെ വിജയിച്ചേ മതിയാകൂ എന്ന ഘട്ടത്തിലാണ് ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ഇന്നിങ്സിലൊരെണ്ണം സഞ്ജുവിൽനിന്നും ഉണ്ടായത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജു 12 ഫോറുകളും നാല് സിക്സുകളും ബൗണ്ടറി കടത്തി പുറത്താകാതെനിന്നു. സമ്മർദം കാരണം സഹതാരങ്ങൾ ചെറിയ സ്കോറുകളിൽ പുറത്തായപ്പോഴും സഞ്ജുവിന്റെ തകര്‍പ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം നേടിക്കൊടുത്തത്.മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ച സഞ്ജു, 26 പന്തിൽ അർധ സെഞ്ചറി തികച്ചു. ട്വന്റി20 ലോകകപ്പിൽ സഞ്ജുവിന്റെ ആദ്യ അർധ സെഞ്ചറിയായിരുന്നു ഇത്. സൂര്യകുമാർ യാദവുമായി ചേർന്ന് 35 പന്തിൽ 58 റൺസ് കൂട്ടുകെട്ടാണ് സഞ്ജു ഉയർത്തിയത്. സൂര്യയ്ക്കു ശേഷം തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെല്ലാം ഗ്രൗണ്ടിലെത്തി മടങ്ങിയെങ്കിലും പുറത്താകാതെനിന്ന സഞ്ജുവിന്റെ അപരാജിത കുതിപ്പാണു കളി ജയിപ്പിച്ചത്. ഈഡൻ ഗാർഡൻസിൽ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അർഹിച്ച സെഞ്ചറി 3 റൺസ് അകലെ ‘നഷ്ടപ്പെട്ടെങ്കിലും’ മുഖം നിറയെ ചിരിയും മനസ്സുനിറയെ സംതൃപ്തിയുമായിരുന്നു മലയാളി താരത്തിന്. സെഞ്ചറി നഷ്ടമായെങ്കിലും കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം സഞ്ജു സ്വന്തമാക്കി.സത്യം പറഞ്ഞാൽ ഇതുപോലൊരു ദിവസത്തിനു സഞ്ജുവും അതേപോലെ ലോകമാകെയുള്ള മലയാളികളും എത്രയോ നാളുകളായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജു സാംസണും പരിശീലനത്തിനിടെ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ
സെമിയിൽ പൊളി സഞ്ജു
ഈഡൻ ഗാർഡൻസിലെ അർധ സെഞ്ചറി പ്രകടനം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിലും സഞ്ജു ആവർത്തിച്ചു. ബാറ്റിങ് പറുദീസയായ മുംബൈയിൽ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസർ ജോഫ്ര ആർച്ചറെയടക്കം സഞ്ജുവിന് കൈപ്പാങ്ങിന് കിട്ടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി 42 പന്തുകൾ നേരിട്ട സഞ്ജു 89 റൺസാണ് അടിച്ചുകൂട്ടിയത്. ബൗണ്ടറി കടന്നത് ഏഴു സിക്സുകളും എട്ടു ഫോറുകളും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ആദ്യ ഓവറിൽ തന്നെ മികച്ച തുടക്കമാണ് സഞ്ജു നൽകിയത്. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു ഫോറും ഒരു സിക്സും സഹിതം 11 റൺസാണ് സഞ്ജു അടിച്ചത്.
അഭിഷേക് പുറത്തായതിനു പിന്നാലെയെത്തിയ ഇഷാൻ കിഷൻ ഉറച്ച പിന്തുണ നൽകിയതോടെ സഞ്ജുവിന് സമ്മർദമില്ലാതെ കളിക്കാനായി. എട്ടാം ഓവറിൽ ലിയാം ഡോസണെ സിക്സറിന് തൂക്കി സഞ്ജു ട്വന്റി20 ലോകകപ്പിൽ തന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചറി തികച്ചു. 26 പന്തിലായിരുന്നു നേട്ടം. പത്താം ഓവറിൽ ഇഷാൻ പുറത്താകുമ്പോൾ രണ്ടാം വിക്കറ്റിൽ ഇരുവരും 97 റൺസ് അടിച്ചുകൂട്ടി. 13–ാം ഓവറിൽ ആർച്ചറിനെ തുടർച്ചയായി രണ്ടു സിക്സർ പറത്തി, അതിവേഗം സെഞ്ചറിയിലേക്ക് കുതിക്കുകയാണെന്ന പ്രതീക്ഷ നൽകി. എന്നാൽ വിൽ ജാക്സ് എറിഞ്ഞ തൊട്ടടുത്ത പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഡീപ് കവറിൽ ഫിൽ സോൾട്ട് കയ്യിലൊതുക്കി. അർഹിച്ച സെഞ്ചറിക്ക് വെറും 11 റൺസകലെയാണ് സഞ്ജു വീണത്. എങ്കിലും ആ മുഖത്ത് ചിരി മാത്രം ബാക്കിയായി. ADVERTISEMENT GO AD-FREE
ലോകകപ്പിനു ശേഷം ഇനി വരാനുള്ളത് ഐപിഎലാണ്. 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിന്റെ താരനിരയിലേക്കു കൂടുമാറിയ സഞ്ജു ഇനി ചെപ്പോക്കിന്റെ പുത്രനാകും. അതിനു ശേഷം നടക്കുന്ന ട്വന്റി20 മത്സരങ്ങളില്‍ അഭിഷേക് ശർമയ്ക്കൊപ്പം ട്വന്റി20യിലെ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി സഞ്ജു ഉണ്ടാകും, പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഇന്ത്യൻ ദേശീയ ടീമിനെ ആദ്യമായി ഒരു മലയാളി ക്യാപ്റ്റൻ നയിക്കുന്നതും നമ്മള്‍ കാണും. English Summary:
Sanju Samson T20 World Cup performance has been extraordinary, showcasing a remarkable turnaround after initial doubts. He has etched his name in the record books, contributing significantly to India\“s T20 World Cup victory with exceptional batting displays. |