search

സാധനം കയ്യിലുണ്ടോ ? പാചക വാതകം സ്റ്റോക്കുണ്ടെന്ന് അറിയിച്ച് സന്ദേശം; വിതരണം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതും ഇതേ എണ്ണക്കമ്പനികൾ

deltin33 The day before yesterday 17:37 views 1041
  



മലപ്പുറം ∙ ഒരു വശത്ത് പാചകവാതക വിതരണ ഏജൻസികളോട് ഗാർഹിക സിലിണ്ടറുകൾ നിയന്ത്രിക്കാനും വാണിജ്യ സിലിണ്ടറുകൾ നൽകുന്നത് നിർത്താനും അനൗദ്യോഗികമായി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. മറുവശത്ത് രാജ്യത്ത് പാചക വാതക വിതരണത്തിന് ക്ഷാമമില്ലെന്നും സ്റ്റോക്കുണ്ടെന്നും ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനികളുടെ എസ്എംഎസ് സന്ദേശവും. പുറമേ സിലിണ്ടറുകളുടെ വില വർധനയും. ഇതോടെ ആശയക്കുഴപ്പത്തിലായി പാചകവാതക വിതരണ മേഖല.

സിലിണ്ടർ വിതരണത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ വിവരം അനൗദ്യോഗികമായി ഏജൻസികളെ അറിയിച്ചത് ചൂഷണ തന്ത്രമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. 2 ദിവസം മുൻപാണ് പുതിയ കണക്‌ഷനുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഒറ്റ സിലിണ്ടറുകാർക്ക് 21 ദിവസത്തിനകവും 2 സിലിണ്ടറുകാർക്ക് 30 ദിവസത്തിനകവും പുതിയ സിലിണ്ടറുകൾ അനുവദിക്കരുതെന്നും ഏജൻസികൾക്ക് നിർദേശം വന്നത്. കഴിഞ്ഞ ദിവസമാണ് വാണിജ്യ സിലിണ്ടറുകൾ നൽകുന്നത് നിർത്തിവയ്ക്കാൻ ചില എണ്ണക്കമ്പനികൾ വിഡിയോ കോൺഫറൻസ് വഴി ആവശ്യപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ഇവയുടെ വിതരണം റീഫിൽ കേന്ദ്രങ്ങളിൽ നിന്ന് പൂർണമായും നിർത്തി.
  

ഇതിനിടെ സിലിണ്ടർ വില വർധിപ്പിച്ച വാർത്ത കൂടി വന്നതാണ് സംശയത്തിനിടയാക്കിയത്. സ്റ്റോക്കുള്ള സിലിണ്ടറുകൾ പിടിച്ചുവച്ച് വില കൂട്ടി വിൽക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണമുയർന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ചതിൽ വെട്ടിലായത് ഹോട്ടൽ–കേറ്ററിങ് മേഖലയാണ്. സിലിണ്ടർ വില വർധിച്ചത് അവർക്ക് ഇരുട്ടടിയുമായി. 5 കിലോഗ്രാമിന്റെ സിലിണ്ടറുകളുടെ വിതരണവും വാണിജ്യ സിലിണ്ടറുകളിൽ ഉൾപ്പെടുന്നതിനാൽ അവ നിർത്തലാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരെയാണ് പ്രതിസന്ധിയിലാക്കുക.
  ADVERTISEMENT Go AD-FREE

സമൂഹ മാധ്യമങ്ങളിൽ സിലിണ്ടർ ക്ഷാമമുണ്ടെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് എസ്എംഎസിലൂടെ എണ്ണക്കമ്പനികൾ അയച്ച സന്ദേശം. എന്നാൽ ആവശ്യമുള്ള സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നാണ് ഏജൻസികളുടെ പക്ഷം. ബുക്കിങ് സംവിധാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ മാറുന്നത് പ്രതിസന്ധിയിൽ ഇളവു വരുത്തുമെന്നാണ് പ്രതീക്ഷ.
  

ഗ്യാസ് ട്രബിൾ !
തേഞ്ഞിപ്പലം ∙ യുഎസ്– ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടെ ഇന്ത്യൻ ഓയി‍ൽ കോർപറേഷന്റെ ചേളാരി എൽപിജി ബോട്‌ലിങ് പ്ലാന്റിൽ വാണിജ്യ സിലിണ്ടറുകളി‍ൽ ഗ്യാസ് നിറയ്ക്കുന്നതു തൽക്കാലം നിർത്തലാക്കി. 19 കിലോഗ്രാം, 5 കിലോഗ്രാം, സിലിണ്ടറുകളിലെ പാചക വാതക ഫില്ലിങ് നിർത്തലാക്കിയതോടെ മലബാറിലെ ഉപഭോക്താക്കൾക്ക് മറ്റൊരു ഉത്തരവ് വരെ ഇൻഡേൻ വാണിജ്യ സിലിണ്ടർ ലഭിക്കില്ലെന്ന് ഉറപ്പായി.

എന്നാൽ ഏജൻസികളിൽ സ്റ്റോക്കുളള വാണിജ്യ സിലിണ്ടറുകൾ തീരും വരെ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ തടസ്സമില്ല. ഗാ‍ർഹിക സിലിണ്ടർ ഫില്ലിങ് തുടരുന്നുണ്ട്. ഇന്നലെ 2 ഷിഫ്റ്റുകളിലായി 100ലേറെ ലോഡ് സിലിണ്ടറുകളിൽ ഗ്യാസ് നിറച്ച് ബുക്കിങ് അനുസരിച്ച് വിതരണത്തിനായി ഏജൻസികളിൽ എത്തിച്ചു. അതേസമയം ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്ത് 3 മുതൽ ഒരാഴ്ചയ്ക്കകം ലഭ്യമാക്കുന്ന രീതി മാറ്റിയിട്ടുണ്ട്.
  ADVERTISEMENT Go AD-FREE

ഇപ്പോൾ ഒരു സിലിണ്ടർ ലഭിച്ച് ഒരു മാസം കഴി‍ഞ്ഞേ രണ്ടാമത്തെ സിലിണ്ടർ ലഭിക്കാനിടയുളളൂ. ഒരു സിലിണ്ടർ ലഭിച്ച് 15 ദിവസം കഴിയാതെ രണ്ടാമത്തെ സിലിണ്ടറിനുളള ബുക്കിങ്ങും സ്വീകരിക്കുന്നില്ല. നിത്യേന 16 ലോഡ് വാണിജ്യ സിലിണ്ടർ (19 കിലോ) മലബാറിൽ വിതരണത്തിന് എത്തിച്ചിരുന്നു. ഇപ്പോൾ അതിന് സാധിക്കാത്തത് ഹോട്ടലുകാർ, കാറ്ററിങ് ബിസ്നസുകാ‍ർ, കന്റീൻ നടത്തിപ്പുകാർ തുടങ്ങിയവരെ പ്രതികൂലമായി ബാധിക്കും.
  

നിത്യേന 3,456 വാണിജ്യ സിലിണ്ടറുകൾ വീതം 2 ദിവസം മുൻപ് വരെ ചേളാരി പ്ലാന്റിൽ നിന്ന് അയച്ചിരുന്നു. ദിവസം തോറും 1500 കുട്ടി സിലിണ്ടറുകൾ (5 കിലോഗ്രാം) അയക്കുന്നത് നിർത്തലാക്കിയതും ഇത്തരം സിലിണ്ടറുകളെ ആശ്രയിക്കുന്ന പലർക്കും തിരിച്ചടിയായി. പ്ലാന്റിൽ പാചക വാതക ലഭ്യതയും കുറ‍ഞ്ഞു. എറണാകുളം, മംഗളൂരു എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്നായി നിത്യേന 32 ബുള്ളറ്റ് ടാങ്കറുകൾ ഗ്യാസുമായി എത്തിയിരുന്നത് 16 വരെയായി കുറ‍ഞ്ഞു.
  

എന്നാ‍ൽ, പ്ലാന്റിലെ സംഭരണിയിൽ 10 ദിവസത്തേക്ക് ആവശ്യമായ ഗ്യാസ് സ്റ്റോക്കുണ്ട്. പാർക്കിങ് കേന്ദ്രത്തിലും ചേളാരിയിലേക്കുളള യാത്രയിലുമായുളള അൻപതോളം ബുള്ളറ്റ് ടാങ്കറുകളിലും ഗ്യാസുണ്ട്. ഒരു മാസം ഗ്യാസ് ക്ഷാമത്തിന് സാധ്യത കുറവെന്നാണ് നിഗമനം. പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചതോടെ ആശങ്കയിലായ ഉപയോക്താക്കളെ സംബന്ധിച്ച് സിലിണ്ടർ ലഭ്യത സംബന്ധിച്ച അനിശ്ചിതത്വവും പ്രതിസന്ധിയാണ്.
  ADVERTISEMENT GO AD-FREE English Summary:
LPG Cylinder Shortage Kerala is causing confusion in the cooking gas distribution sector. Oil companies are unofficially asking distributors to control domestic cylinders and stop supplying commercial cylinders, while simultaneously sending SMS messages assuring customers of no shortage.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478039