search

പതിവു ജോലി മടുത്തുകഴിഞ്ഞാൽ എന്തുചെയ്യും? റോഷ്നി കാട്ടിലേക്കിറങ്ങും; അതാണ് റീചാർജ്

LHC0088 Yesterday 19:06 views 233
  



ജോലിത്തിരക്കിൽ സമ്മർദമേറുമ്പോൾ ക്യാമറയുമായി കാട്ടിലേക്കൊരു യാത്ര... പുറംലോകവുമായി ബന്ധമില്ലാതെ, കാടിന്റെ വന്യതയിലേക്കും നിശ്ശബ്ദതയിലേക്കും ഇറങ്ങിച്ചെന്ന് അപൂർവചിത്രങ്ങൾ പകർത്താനായി കാത്തിരിപ്പ്... ദുബായിയിൽ ജോലിചെയ്യുന്ന പിലാത്തറ സ്വദേശി റോഷ്നി സന്തോഷ്കുമാറിന്റെ കാടുകയറലിനെ ഇങ്ങനെ വിശേഷിപ്പിച്ചു തുടങ്ങാം. ആഫ്രിക്കൻ കാടുകളിൽ വന്യജീവികളുടെ അപൂർവനിമിഷങ്ങൾ ക്യാമറയിൽ പകർത്താനായി കാത്തിരിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷമ കൊണ്ടാണ് റോഷ്നി മനസ്സിനെയും ശരീരത്തെയും റീചാർജ് ചെയ്യുന്നത്. ഓഫിസ് തിരക്കുകളിൽ കൂളായി ജോലി ചെയ്യാനുള്ള ഊർജവുമായിട്ടായിരിക്കും കാട്ടിൽനിന്നു മടങ്ങുക. വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി എന്ന പാഷന്റെ പൂർത്തീകരണത്തോടൊപ്പം സ്വയം നവീകരിക്കാൻ കൂടിയുള്ളതാണ് റോഷ്നിക്ക് ഓരോ യാത്രയും. പിലാത്തറ റോച്ചി നിവാസിൽ പി.ആർ.രാധാകൃഷ്ണൻ– എ.വി.ഉഷാറാണി ദമ്പതികളുടെ മകളായ റോഷ്നി നീലേശ്വരം സ്വദേശി സന്തോഷ്കുമാറുമായുള്ള വിവാഹശേഷമാണ് ദുബായിലേക്കു പോകുന്നത്. പയ്യന്നൂർ കോളജിൽ പഠിക്കുമ്പോൾ പങ്കെടുത്ത പരിസ്ഥിതി ക്യാംപുകളാണ് മനസ്സിൽ പച്ചപ്പുവിരിയിച്ചത്.
  

അന്നൊക്കെ വന്യജീവികളുടെ ഫോട്ടോകൾ കാണുമ്പോൾ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. അക്കാലത്ത് ചെറിയൊരു ക്യാമറപോലും സ്വപ്നം കാണാൻ പറ്റുമായിരുന്നില്ല. കാട്ടിൽപോയി എങ്ങനെ ആനയുടെയും പുലിയുടെയും സിംഹത്തിന്റെയുമൊക്കെ ചിത്രങ്ങൾ പകർത്തുന്നുവെന്ന് കൂട്ടുകാരോടു ചോദിക്കുമായിരുന്നു. ദുബായിലെത്തിയപ്പോൾ മനസ്സിൽ സൂക്ഷിച്ച പച്ചപ്പുകൾക്ക് മരുഭൂമിയുടെ നിറമായി. എവിടെയും വലിയ വലിയ കെട്ടിടങ്ങൾ മാത്രം. ഓഫിസിലെ തിരക്കു കഴിഞ്ഞ് വീടെത്തിയാൽ അവിടത്തെ കാര്യങ്ങൾ. ദുബായിലെ ‘വൈൽഡ് ടെയ്‌ൽസ്’ എന്നൊരു കൂട്ടായ്മയിൽ അംഗമായതോടെയാണ് ജീവിതം വീണ്ടും ഹരിതാഭമായി.
  

വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫിയിലും കാട്ടിലേക്കുള്ള യാത്രകളിലും താൽപര്യമുള്ളവരുടെ കൂട്ടായ്മയാണ് വൈൽഡ് ടെയ്ൽസ്. ആഫ്രിക്കൻ രാജ്യമായ കെനിയയിലെ മാസായിമാര വന്യജീവി സങ്കേതത്തിലേക്കായിരുന്നു റോഷ്നിയുടെ ആദ്യയാത്ര. കാടും വന്യജീവികളും പുതിയൊരു കാഴ്ചപ്പാടാണ് തുറന്നിട്ടത്. വന്യജീവികളെ അടുത്തുനിന്നു കാണാമെന്നതാണ് മസായിമാരയുടെ പ്രത്യേകത. സിംഹം, ആഫ്രിക്കൻ ആന, ഒറ്റക്കൊമ്പൻ കാണ്ടാമൃഗം, പുള്ളിപ്പുലി, കാട്ടുപോത്ത് എന്നിവയെല്ലാം നിക്കോൺ D750 ക്യാമറയിൽ പകർത്തുമ്പോൾ പ്രത്യേകമൊരനുഭൂതിയിലായി. ഒരാഴ്ച കാട്ടിലെ വാസം ശരിക്കും അനുഭവിച്ചറിഞ്ഞു. ദുബായിലെ തിരക്കിൽനിന്ന്, പുറംലോകവുമായുള്ള ബന്ധമില്ലാതെ കഴിഞ്ഞ നിമിഷങ്ങൾ മനസ്സിനെ ശരിക്കും റീചാർജ് ചെയ്തുവെന്ന് തിരിച്ചറിഞ്ഞത് ഓഫിസിലെത്തിയപ്പോഴാണ്. പുതിയൊരുന്മേഷത്തോടെയാണ് ജോലിയിൽ പ്രവേശിച്ചത്. അങ്ങനെ വൈൽഡ് ടെയ്ൽസിനൊപ്പമുള്ള യാത്രകൾ പതിവായി. തിരക്കുകൾ ജീവിതത്തിൽ മടുപ്പുണ്ടാക്കുമ്പോൾ കാട് അഭയകേന്ദ്രമായി. വന്യജീവികളുടെ അപൂർവനിമിഷങ്ങൾക്കായി കാത്തിരിക്കാൻ കാണിക്കുന്ന ക്ഷമ പലതും പഠിപ്പിച്ചു.
  

ചിലദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടുവരെ കാത്തിരുന്നാലും ഒരു നല്ല ഫ്രെയിമും ലഭിക്കില്ല. എന്നാൽ ചില ദിവസങ്ങളിൽ എത്ര പകർത്തിയാലും മതിയാകാത്തത്ര ചിത്രങ്ങൾ ലഭിക്കും.ഒരിക്കൽ മാസായിമാരയിൽ, കലമാനും കുഞ്ഞും സ്നേഹം പങ്കിടുന്ന ചിത്രം പകർത്തുമ്പോൾ പെട്ടെന്നൊരു പുള്ളിപ്പുലി ചാടിവീണ് കുഞ്ഞിനെ കടിച്ചെടുത്തുകൊണ്ടുപോയി. വല്ലാത്തൊരു ഷോക്കാണ് അത് റോഷ്നിയിലുണ്ടാക്കിയത്. ജീവിതത്തിന്റെ മറ്റൊരു പാഠമായിരുന്നു കാട് അന്നേരം പഠിപ്പിച്ചത്. അപ്രതീക്ഷിതമായി എന്തിനെയും നേരിടാനുള്ള ചങ്കുറപ്പ് നേടാനായി ആ കാഴ്ച. കുഞ്ഞിനു വേണ്ടി കുറേദൂരം ഓടിയ അമ്മയുടെ തിരിച്ചുവരവ് ഏറെനേരം നോക്കിയിരുന്നു. വീണ്ടും ജീവിതത്തിലേക്കു മടങ്ങി കലമാൻ. ആദ്യമേ പ്ലാൻ ചെയ്തിട്ടാണ് വൈൽഡ് ടെയ്ൽസിന്റെ യാത്രകളെല്ലാം. പുതുതായി പോകുന്ന സ്ഥലത്തെക്കുറിച്ചു കൃത്യമായി പഠിച്ച് വേണ്ട സൗകര്യങ്ങളെല്ലാം തയാറാക്കും. യാത്രകൾ ജീവിതത്തിന്റെ ഭാഗമായതോടെ റോഷ്നി ക്യാമറകളും മാറ്റിക്കൊണ്ടിരുന്നു. നിക്കോണിന്റെ Z9 കാമറയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
  ADVERTISEMENT Go AD-FREE

നാട്ടിലെത്തിയാലും കാനനഭംഗിതേടി യാത്രപോകും. തേക്കടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് ഏറെ ഇഷ്ടം. ആഫ്രിക്കൻ കാടുകളിലേക്കാണു കൂടുതൽ യാത്ര നടത്തിയത്. ഇന്ത്യൻകാടുകളിൽ മരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്നതിനാൽ മൃഗങ്ങളെ കണ്ടെത്താൻ പ്രയാസമാണ്. മൃഗങ്ങൾ ക്യാമറയിൽ പതികയുകയാണെങ്കിൽ അപൂർവചിത്രമായിരിക്കും. ഒരുപക്ഷേ, ഏറ്റവുമധികം ക്ഷമയോടെ കാത്തിരിക്കേണ്ടി വരിക ഇന്ത്യൻ കാടുകളിലായിരിക്കും.
  

ആദ്യം പാഷനായിരുന്നു കാട്ടിലേക്കുള്ള യാത്രയെങ്കിൽ ഇപ്പോഴത് ജീവിത്തിന്റെ ഭാഗമാണെന്നാണ് റോഷ്നി പറയുന്നു. ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും ജീവിതം പുതുക്കിപ്പണിതിരിക്കും. കാഴ്ചയും കാഴ്ചപ്പാടും മാറും. അത് ഓഫിസിലും വീട്ടിലും ഏറെ ഗുണം ചെയ്യുമെന്ന് അനുഭവത്തിന്റെ ലെൻസുവച്ച് റോഷ്നി പറയുന്നു. ഒറ്റയ്ക്കുള്ള യാത്രകളെക്കാൾ ഉപകരിക്കുക കൂട്ടായ്മയുടെ ഭാഗമായി പോകുമ്പോഴാണ്. എത്ര തിരക്കുള്ള ജീവിതമാണെങ്കിലും കൊല്ലത്തിൽ ഒന്നോ രണ്ടോ യാത്രകൾ ജീവിതത്തെ പുതുക്കിപ്പണിയാൻ സഹായിക്കുമെന്നാണ് ഇവർ പറയുന്നത്. മകൾ പ്രാർഥന കാനഡയിൽ സൈക്കോളജി പിജി വിദ്യാർഥിയാണ്. ഭർത്താവ് സന്തോഷ്കുമാറും ദുബായിലാണു ജോലി ചെയ്യുന്നത്.
  ADVERTISEMENT Go AD-FREE English Summary:
Roshni Santhoshkumar, a professional working in Dubai, finds rejuvenation by venturing into the wild with her camera, capturing rare moments of wildlife. This passion for wildlife photography allows her to recharge and gain a fresh perspective on life and work.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166777