LHC0088 • 1 hour(s) ago • views 846
തിരുവനന്തപുരം ∙ വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിൽ ഏകദേശം 4 കിലോമീറ്ററിൽ തുരങ്കങ്ങളും 12 കിലോമീറ്റർ ദൈർഘ്യത്തിൽ വയഡക്ടും വരും. പദ്ധതിയുടെ ഡിപിആർ (സമഗ്ര പദ്ധതി രേഖ) പൂർത്തിയായെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അനുമതി നേടേണ്ടതിനാൽ തിരഞ്ഞെടുപ്പിനു ശേഷമേ പ്രഖ്യാപനമുണ്ടാകൂ എന്നാണു വിവരം.
ദേശീയപാത അതോറിറ്റി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനു സമർപ്പിച്ച ഡിപിആർ പൊതു– സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് അനുമതി നൽകുന്ന ഉന്നതാധികാര സമിതിക്കു (പിപിപിഎസി) കൈമാറി. പിപിപിഎസിയുടെ അനുമതി ലഭിച്ച ശേഷമേ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകൂ. അതിനിടയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷമേ പദ്ധതി പ്രഖ്യാപിക്കാൻ കഴിയൂ എന്നതിനാൽ പദ്ധതി വീണ്ടും രണ്ടു മാസം വൈകിയേ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തൂ.
ഔട്ടർ റിങ് റോഡിനായി നേരത്തെ തയാറാക്കിയ ഡിപിആർ പ്രകാരം പലയിടത്തും കുന്ന് ഇടിച്ചു നിരത്താനും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തി റീ ഇൻഫോഴ്സ്ഡ് എർത്ത് (ആർഇ) വാൾ നിർമിക്കാനുമായിരുന്നു തീരുമാനം. എന്നാൽ, ഇത്തരത്തിൽ അശാസ്ത്രീയമായി നിർമിച്ച ദേശീയപാത (എൻഎച്ച് 66) പലയിടത്തും തകർന്നതിനാൽ ദേശീയപാത അതോറിറ്റി വിദഗ്ധരെ നിയോഗിച്ച് സ്ഥല പരിശോധന നടത്തി ഡിപിആർ പരിഷ്കരിക്കുകയായിരുന്നു. ഇതു പ്രകാരം പത്തോളം സ്ഥലങ്ങളിൽ തുരങ്കവും വയഡക്ടും നിർമിക്കാൻ തീരുമാനിച്ചു.
പദ്ധതിയുടെ വടക്കൻ റീച്ചിന് (തേക്കട– നാവായിക്കുളം) പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ല. പരിസ്ഥിതി അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. പരിസ്ഥിതി പഠനത്തിനായി മന്ത്രാലയം ടേംസ് ഓഫ് റഫറൻസ് തയാറാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ അധികം ബാധിക്കാത്തവിധം തുരങ്കങ്ങളും വയഡക്ടുകളും നിർമിക്കുന്നതിനാൽ പരിസ്ഥിതി അനുമതി വൈകില്ലെന്നാണു വിവരം.
ഭൂമിക്കായി വീണ്ടും വിജ്ഞാപനം വേണം
ഔട്ടർ റിങ് റോഡിനായി ഭൂമി ഏറ്റെടുക്കാൻ ദേശീയപാത നിയമപ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമായ 3എ വിജ്ഞാനം ഒന്നിലധികം തവണ പുറത്തിറക്കിയിരുന്നു. ഇതിൽ 100 ഹെക്ടർ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനം അന്തിമ ഘട്ടത്തിലാണ്. 3 വർഷത്തിലധികമായി ഭൂവുടമകൾ നഷ്ടപരിഹാരം കാത്തിരിക്കുന്നു.
എന്നാൽ, 3 ഡിയിലേക്ക് എത്താത്ത ബാക്കി പ്രദേശങ്ങൾക്കായുള്ള പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ 2024 നവംബറിൽ വീണ്ടും വിജ്ഞാപനം പുറത്തിറക്കി. ഇതിന്റെയും കാലാവധി കഴിഞ്ഞ നവംബറിൽ അവസാനിച്ചു. ഇനി പുതിയ വിജ്ഞാപനം വേണ്ടി വരും.
ഒരു പ്രധാന ജംക്‌ഷൻ കടക്കാൻ മാത്രം നിർമിക്കുന്ന മേൽപാലങ്ങളാണ് ഫ്ലൈഓവർ. കിലോമീറ്ററുകളോളം നീളത്തിൽ നിർമിക്കുന്ന മേൽപ്പാലമാണ് വയഡക്ട്. 10 മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ട് ആർഇ വാൾ നിർമിക്കേണ്ട സാഹചര്യങ്ങളിൽ വയഡക്ട് പരിഗണിക്കണമെന്നാണ് നിലവിൽ ദേശീയപാത അതോറിറ്റി നിർദേശിച്ചിരിക്കുന്നത്. English Summary:
The Vizhinjam Navayikulam Outer Ring Road project in Kerala is progressing with plans for tunnels and viaducts. The project\“s DPR is complete, but final approval from the Union Cabinet is pending post-election due to the code of conduct, with potential delays. |
|