കൊച്ചി∙ ശ്രീലങ്കൻ തീരത്തു തകർന്ന ഇറാനിയൻ കപ്പലായ ഐആർഐഎസ് ദേനയിലെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും. വിവരം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നു നാവികസേന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ശ്രീലങ്കൻ നാവികസേന റിപ്പോർട്ട് ചെയ്തതനുസരിച്ച്, മാർച്ച് 4ന് പുലർച്ചെയാണ് ഐആർഐഎസ് ദേനയിൽ നിന്നുള്ള അപായ സന്ദേശം കൊളംബോയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിച്ചത്. ശ്രീലങ്കയുടെ സെർച്ച് ആൻഡ് റെസ്ക്യൂ മേഖലയിൽ, ഗാലെ തീരത്തിന് 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറിയാണ് കപ്പൽ ഉണ്ടായിരുന്നത് എന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. തകർന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്തുക എന്ന മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇന്ത്യൻ നാവികസേന ഈ ദൗത്യത്തിൽ പങ്കുചേരുന്നതെന്നും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ അധികൃതരുമായുള്ള ഏകോപനം തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
What you should read next
LIVE ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തകർന്നതായി സൂചന Latest News
ശ്രീലങ്കയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചില്‍ ശക്തിപ്പെടുത്താൻ മാർച്ച് 4 രാവിലെ 10 മണിക്ക് ഇന്ത്യൻ നാവികസേന ഒരു ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനം വിന്യസിച്ചു. ജീവൻ രക്ഷാബോട്ടുകളുമായി മറ്റൊരു വിമാനത്തെയും അടിയന്തര സാഹചര്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ അപകടമുണ്ടായ സ്ഥലത്തിനു സമീപമുണ്ടായിരുന്ന ഐഎൻഎസ് തരംഗിണിയെ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. 4ന് വൈകിട്ട് നാലുമണിയോടെ കപ്പൽ തിരച്ചിൽ മേഖലയിൽ എത്തിച്ചേർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിന് കൊച്ചിയിൽ നിന്നും ഐഎൻഎസ് ഇക്ഷക് പുറപ്പെടുകയും നിലവിൽ ആ പ്രദേശത്ത് തിരച്ചിൽ തുടരുകയും ചെയ്യുന്നുവെന്നും നാവികസേന വ്യക്തമാക്കി.
ഇന്ത്യ ആതിഥേയത്വം വഹിച്ച ‘മിലാൻ 2026’ നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐആർഐഎസ് ദേന. അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണമാണ് കപ്പൽ തകരാൻ കാരണമായതെന്നാണു റിപ്പോർട്ടുകൾ. യുഎസ് ആക്രമണത്തിൽ 87 ഇറാൻ നാവികര്‍ കൊല്ലപ്പെട്ടെന്നും രക്ഷപ്പെട്ട 32 പേർ നിലവിൽ ചികിത്സയിലാണെന്നും ശ്രീലങ്കൻ നാവികസേന വ്യക്തമാക്കിയിരുന്നു. കാണാതായ 60ഓളം പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ.
JUST IN
46 SECONDS AGO അമ്പതിനായിരത്തോളം എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ യുഎസ്; രേഖകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ആരോപണങ്ങളും Latest News
46 SECONDS AGO ഇറാനിയൻ കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും; 32 പേർ ചികിത്സയിൽ Latest News
57 MINUTES AGO പുത്തൂർ സുവോളജിക്കൽ പാർക്ക്: കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ മുഖം, ടൂറിസത്തിനും പുതിയ കരുത്ത് Business News
VIEW MORE
English Summary:
IRIS Dena: The Indian Navy has also joined the rescue operation for the Iranian ship IRIS Dena, which sank off the coast of Sri Lanka. The Navy clarified in a press release that they launched the rescue operation immediately after receiving the information.