search

കൊച്ചി നഗരത്തിൽ വെള്ളത്തിനുള്ളിൽ ത്രികോണാകൃതിയിൽ ചെറുകഷണം ഭൂമി; ഈ ‘3 ഏക്കർ സ്ഥലത്തിന്റെ’ തലവര മാറുമോ?

LHC0088 1 hour(s) ago views 341
  

  



കായലിന്റെ തലോടലിൽ ആ ചെറു തുരുത്ത് ഇടയ്ക്കിടെ ആടുന്നതു പോലെ തോന്നും. ഒഴുകിയെത്തിയ കാറ്റ് തുരുത്തിലെ വൃക്ഷത്തലപ്പുകളോടു സ്വകാര്യം പറഞ്ഞു പറന്നു പോയി. കായലലകളിൽ ഇളകിയാടുന്ന വെള്ളം തുരുത്തിന്റെ അരികുകളിൽ ചെറു പ്രകമ്പനങ്ങൾ തീർത്തു മടങ്ങി. വൈറ്റില തൈക്കൂടം ശിൽപശാല റോഡിൽ നിന്നു വിളിച്ചാൽ തലമിറ്റം ദ്വീപ് വിളികേൾക്കും. തൈക്കൂടത്തിനും തലമിറ്റത്തിനുമിടയിൽ ഏകദേശം 50 മീറ്റർ വീതിയിൽ കനാൽ ഒഴുകുന്നു. കൊച്ചിൻ തുറമുഖത്തു നിന്ന് അമ്പലമുകളിലെ ഫാക്ട് പ്ലാന്റിലേക്കുള്ള ബാർജുകൾ ഇടയ്ക്കിടെ ആ കനാലിൽ ഓളമൊരുക്കി കടന്നു പോകും.

കൊച്ചി നഗര മധ്യത്തിൽ, വൈറ്റിലയ്ക്കു തൊട്ടടുത്ത്, ചമ്പക്കര കനാൽ കണിയാമ്പുഴയോടു ചേരുന്ന ഭാഗത്ത്, വെള്ളത്തിനു നടുവിലായി ത്രികോണാകൃതിയിൽ ഒരു ചെറു കഷണം ഭൂമി– തലമിറ്റം ദ്വീപ്. 3 ഏക്കറോളം സ്ഥലം. കിഴക്കു ഭാഗത്തു തൃപ്പൂണിത്തുറ നഗരസഭ. തെക്കു വടക്കു ഭാഗത്തു കൊച്ചി കോർപറേഷൻ; ചുറ്റിലും വെള്ളം.‘തലമിറ്റം’ ഒരു ദ്വീപായതിനു പിന്നിൽ ഒരു കഥയുണ്ട്. 55 വർഷം മുൻപ്, 1971ലാണു കൊച്ചി തുറമുഖത്തെ ഉദ്യോഗമണ്ഡലിലെ വ്യവസായ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കാനായി ചമ്പക്കര കനാൽ ആഴവും വീതിയും കൂട്ടി വികസിപ്പിക്കുന്നത്. അന്നത്തെ കനാൽ വികസനത്തിൽ തൈക്കൂടത്തെ പകുത്തെടുത്തപ്പോൾ ഒറ്റപ്പെട്ടു പോയതാണ് ആ തുരുത്ത്.

അന്ന് അവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ വീട്ടു പേരാണത്രേ പിന്നീട് ആ ദ്വീപിനു വീണത്– തലമിറ്റം. ചുറ്റിലും നഗരം വികസിക്കുമ്പോൾ അതിനെല്ലാം സാക്ഷിയായി സ്വയം പച്ചപ്പു പടർത്തുകയായിരുന്നു തലമിറ്റം ദ്വീപ്. വിളിച്ചാൽ വിളികേൾക്കുന്ന അകലത്തിൽ കരയുണ്ടെങ്കിലും ഒറ്റപ്പെട്ട ആ തുരുത്തിൽ ജീവിതം എളുപ്പമായിരുന്നില്ല. ദ്വീപിലേക്കുള്ള യാത്രയ്ക്കു കടത്തു മാത്രമായിരുന്നു ആശ്രയം. നഗരജീവിതത്തിന്റെ ആഘോഷങ്ങളൊന്നും എത്താത്ത ആ ദ്വീപിൽ 8 കുടുംബങ്ങളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്നു മുൻപ് അവിടെ താമസിച്ചിരുന്ന സാജു പറഞ്ഞു. ജീവിതം എളുപ്പമല്ലാതായതോടെ ഓരോരുത്തരായി തുരുത്തു വിട്ടൊഴിഞ്ഞു. ഇപ്പോൾ ഇടയ്ക്കിടെ വന്നു പോകുന്നവരല്ലാതെ സ്ഥിര താമസക്കാരായി ആരും അവിടെ ഇല്ല.   

ശിൽപശാല റോഡിലെ ചെറിയ കടവിൽ നിന്നു നോക്കുമ്പോൾ തലമിറ്റത്തു ചെറു വീടുകൾ കാണാം. ആളൊഴിഞ്ഞപ്പോൾ ബാക്കിയായ തുരുത്തിന്റെ മുഖം. കേരളത്തനിമ നിറഞ്ഞ, അതിരുകൾ അകലങ്ങൾ സൃഷ്ടിക്കാത്ത ഒരു നാടൻ ഗ്രാമത്തിന്റെ അന്തരീക്ഷമാണു തലമിറ്റത്തുള്ളത്. മരങ്ങളും സസ്യങ്ങളും നിറഞ്ഞയിടം; ഒപ്പം അവിടെ കൂട്ടുകൂടാനെത്തുന്ന കുറെയേറെ പക്ഷികളും. കാറ്റിൽ കായലിലൂടെ ഒഴുകിയെത്തിയ കുളവാഴക്കൂട്ടം തലമിറ്റം ദ്വീപിനെ തൊട്ടുരുമ്മി അൽപ നേരം നിന്നു. പിന്നീടു മെല്ലമെല്ലെ ഒഴുകിനീങ്ങി. ADVERTISEMENT Go AD-FREE

തലമിറ്റത്തിന്റെ തലവര മാറും!
തലമിറ്റം ദ്വീപിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുമെന്നാണു കൊച്ചി കോർപറേഷൻ ബജറ്റിലെ പ്രഖ്യാപനം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി ആദ്യ ഗഡുവായി 50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈറ്റില വാട്ടർ മെട്രോ– കുന്നറ പാർക്ക്– തലമിറ്റം ദ്വീപ് എന്നിവയെ ബന്ധിപ്പിച്ചുള്ള പ്രാദേശിക ടൂറിസം സർക്യൂട്ടാണു പരിഗണിക്കുന്നതെന്നു ഡിവിഷൻ കൗൺസിലർ വി.പി. ചന്ദ്രൻ പറഞ്ഞു. വൈറ്റിലയിൽ നിന്നു കുന്നറ പാർക്കിനെ ബന്ധിപ്പിച്ചു ചെറിയ നടപ്പാതയും ചെറു കാറുകൾക്കു സഞ്ചരിക്കാനുള്ള റോഡും ആലോചനയിലുണ്ട്. കുന്നറ പാർക്കിനെ ബോട്ടിങ് സെന്ററാക്കും. ഇതിനായി 80 ലക്ഷം ബജറ്റിലുണ്ട്.

കുന്നറ പാർക്കിൽ നിന്നു ബോട്ടിൽ കയറി കണിയാമ്പുഴ വഴി തലമിറ്റം ദ്വീപിലെത്താം. അവിടെ നിന്നു ചമ്പക്കര മാർക്കറ്റ്, ഗാന്ധി സ്ക്വയർ, ഇരുമ്പു പാലം വഴി കറങ്ങി വരാം. തീരപരിപാലന ചട്ടം നിലവിലുള്ളതിനാൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണമുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സൗഹൃദമായ താൽക്കാലിക നിർമിതികളാകും പ്രായോഗികം. മുള കൊണ്ടുള്ള ചെറു കുടിലുകൾ, വോക്‌വേകൾ, പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ, കണ്ടൽ ചെടി സംരക്ഷണ പദ്ധതികൾ, ബോട്ടിങ് സൗകര്യം, പരമ്പരാഗത മത്സ്യബന്ധനം എന്നിവ ഉൾപ്പെടുത്തിയാണ് ഇക്കോ ടൂറിസം പദ്ധതികൾ നടപ്പാക്കുക. ഉൾനാടൻ ജലാശയങ്ങളെ ബന്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ ബോട്ടിങ്ങിനും വലിയ സാധ്യതയാണുള്ളത്. തലമിറ്റം ദ്വീപിലെ സ്ഥലമുടമകളെ കൂടി പങ്കാളികളാക്കിയും അവർക്കു വരുമാനം ഉറപ്പാക്കിയുമുള്ള കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണു ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുക. മുൻപ് അവിടെ താമസിച്ചിരുന്നവരുടെ ചെറിയ വീടുകളും ഇതിനു വേണ്ടി പ്രയോജനപ്പെടുത്താം – കൗൺസിലർ പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
Thalamittam Island, a small island near Vytila, is set to transform with an upcoming eco-tourism project. This initiative aims to boost local tourism by connecting it with Vytila and Kunner Park, offering unique experiences like bamboo huts, walkways, and bird watching.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166602