കോട്ടയം ∙ ‘പുതുപ്പള്ളിയിൽ പൊളിഞ്ഞു; ഇനി പഠിച്ചിട്ടുമതി സമരം.’ ബിജെപി സംസ്ഥാന നേതൃത്വം ഭാരവാഹികൾക്ക് നൽകിയ താക്കീതാണ് ഇത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎ ഓഫിസുകളിലേക്ക് തീരുമാനിച്ച എൻഡിഎ മാർച്ചും സമരവും പുനഃക്രമീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കോടിമതയിലെ ഓഫിസിലേക്ക് നടത്താനിരുന്ന മാർച്ച് അവസാന നിമിഷം മാറ്റി. കോട്ടയത്ത് മാർച്ച് 3ന് വൈകിട്ട് 4നാണ് സമരം നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടി മാറ്റിയതായി ജില്ലാ നേതാക്കളുടെ സന്ദേശം വാട്സാപ് ഗ്രൂപ്പുകളിൽ എത്തി. അപ്പോഴാണ് ഭൂരിപക്ഷം പ്രവർത്തകരും ഇക്കാര്യം അറിയുന്നത്.
പ്രചാരണ ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിരുന്നു. ദേശീയ നിർവാഹക സമിതി അംഗം പി.സി. ജോർജിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചത്. എംഎൽഎമാരുടെ ഓഫിസിലേക്ക് വികസന വിരുദ്ധത ചൂണ്ടിക്കാട്ടി മാർച്ച് സംഘടിപ്പിക്കാനായിരുന്നു ബിജെപി നിർദേശം.
27നു പുതുപ്പള്ളിയിൽ എംഎൽഎയുടെ ഓഫിസിലേക്കുള്ള മാർച്ചിനിടെ ചാണ്ടി ഉമ്മൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും ചിരിച്ച് കുശലം പറഞ്ഞത് വലിയ ചർച്ചയായി. ഇതോടെ സമരം വഴിപാടായതായി നേതൃത്വത്തിനു സംശയമായി. തുടർന്നാണ് ഇടപെടൽ. സമരത്തിന്റെ ആവശ്യങ്ങൾ എന്തെല്ലാമെന്ന് ഗൗരവത്തോടെ അവതരിപ്പിക്കാൻ കഴിയണമെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിർദേശിച്ചു. ശേഷിക്കുന്ന മണ്ഡലങ്ങളിൽ 7 മുതൽ 10 വരെ തീയതികളിൽ മാർച്ച് നടത്താനാണു നിർദേശം.
കോട്ടയത്തും വൈക്കത്തും 10നാണ് സമരം. വൈക്കത്തെ സമരം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കെ.അജിത്തിനു സ്വീകരണം നൽകും.
ADVERTISEMENT Go AD-FREE English Summary:
A shift in BJP\“s protest strategy in Kerala, with state leadership calling for better preparation before future agitations. This comes after concerns arose regarding the effectiveness of recent demonstrations, particularly in Puthuppally, where a march to an MLA\“s office was postponed. |