പാലക്കാട് ∙ ബിജെപി പ്രതീക്ഷയർപ്പിക്കുന്ന പാലക്കാട് നിയോജകമണ്ഡലത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർഥിയാകും. അടുത്തദിവസം മുതൽ അനൗപചാരികമായി പ്രവർത്തനം ആരംഭിക്കുമെന്നാണു സൂചന. സാധ്യതാപട്ടികയിൽ അവസാനഘട്ടത്തിൽ ശോഭാ സുരേന്ദ്രനും പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമാണുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട്ട് വനിതാ സ്ഥാനാർഥിയെ പരിഗണിക്കണമെന്നായിരുന്നു സംഘപരിവാർ നിർദേശം. പ്രശാന്ത് ശിവനെ കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ച ആലത്തൂരിൽ പരിഗണിക്കാനാണു സാധ്യത.
2016ൽ പാലക്കാട്ട് ശോഭ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ൽ ഇ.ശ്രീധരനിലൂടെ ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. പാലക്കാട് നഗരസഭാധ്യക്ഷനും ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.സ്മിതേഷിനാണു മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചുമതല.
മലമ്പുഴയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറായിരിക്കും സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാർ മത്സരിച്ച മലമ്പുഴയിൽ ബിജെപിയാണു രണ്ടാം സ്ഥാനത്ത്. തദ്ദേശതിരഞ്ഞെടുപ്പിൽ അകത്തേത്തറ പഞ്ചായത്തിൽ ഭരണം പിടിച്ചത് ഉൾപ്പെടെ പാർട്ടി കൂടുതൽ മുന്നേറ്റം ഉണ്ടാക്കി.
തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടം കണക്കിലെടുത്ത് ഒറ്റപ്പാലം, ഷൊർണൂർ, കോങ്ങാട് മണ്ഡലങ്ങളിലും നീക്കം ഊർജിതമാണ്. ഷൊർണൂരിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാൽ, ജനറൽ സെക്രട്ടറി ഇ.പി.നന്ദകുമാർ എന്നിവരും ഒറ്റപ്പാലത്തു മേജർ രവി, മുൻ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരും പരിഗണനയിലുണ്ട്. കോങ്ങാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന് സാധ്യത പറയുന്നുണ്ടെങ്കിലും ജില്ലയിലുള്ള നേതാവിനായിരിക്കും മുൻഗണന. ADVERTISEMENT Go AD-FREE
നെന്മാറയിൽ എൻഡിഎ ഘടകകക്ഷി ബിഡിജെഎസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അനുരാഗായിരിക്കും സ്ഥാനാർഥി. ബിജെപി സംസ്ഥാനകമ്മിറ്റി തയാറാക്കിയ സ്ഥാനാർഥി പട്ടിക കേന്ദ്രനേതൃത്വത്തിനു കൈമാറിയെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷമായിരിക്കും തീരുമാനമുണ്ടാവുക. തിരഞ്ഞെടുപ്പിൽ സജീവമായി ഇറങ്ങുന്ന ആർഎസ്എസ് ബൂത്ത്തല പ്രവർത്തനത്തിലും ഗൃഹസമ്പർക്കത്തിലുമാണു ശ്രദ്ധ കേന്ദ്രീകരിക്കുക. English Summary:
Sobha Surendran is expected to be the BJP candidate for the Palakkad constituency in the 2026 Kerala Assembly elections, aiming to improve upon her second-place finishes in 2016 and 2021. The party is also focusing on other constituencies like Malampuzha, Ottapalam, Shornur, and Kongad, with potential candidates being considered. |