കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൾഫ് മേഖല യുദ്ധത്തിന്റെ ആശങ്കയിലായിരുന്നു. എങ്കിലും റമസാൻ മാസം അതുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. സാധാരണ ദിവസം പോലെ തന്നെയാണ് ശനിയാഴ്ചയും ജോലിസ്ഥലത്തേക്കു പോയത്. ഖത്തർ സമയം 10 മണിയോടെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചെന്ന വിവരം അറിയുന്നത്. മണിക്കൂറുകൾക്കകം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ എമർജൻസി അലർട്ട് മെസേജ് ഫോണിൽ വന്നു. മിലിറ്ററി സെന്ററുകൾക്ക് സമീപമോ ഓപ്പൺ ഏരിയയിലോ നിൽക്കരുതെന്നും പരമാവധി വീടുകളിലോ കെട്ടിടങ്ങൾക്കുള്ളിലോ നിൽക്കണമെന്നായിരുന്നു ആദ്യ സന്ദേശം. അമേരിക്കയുടെ മിലിറ്ററി ബേസ് ഖത്തറിലുള്ളത് കൊണ്ട് ഇറാന്റെ ആക്രമണം അവിടേക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഉടൻ ഖത്തറിലെ അമേരിക്കൻ ക്യാംപിനെ ലക്ഷ്യമാക്കി മിസൈലുകൾ തലയ്ക്ക് മീതേ ചീറിപ്പാഞ്ഞു തുടങ്ങി.
മിസൈലുകളെ സമർഥമായി ഖത്തർ പ്രതിരോധിച്ചു. എന്നാൽ, മിസൈലുകളെ തകർക്കുമ്പോൾ പൊട്ടി വീണ അവശിഷ്ടങ്ങൾ സാധാരണ ജനങ്ങൾക്കിടയിൽ ഭീതിപടർത്തി. ചിലയിടങ്ങളിൽ ചെറിയ രീതിയിലുള്ള സ്ഫോടനവും ആശങ്കയും ഉണ്ടാക്കി. ഇന്നലെയും പലതവണയാണ് സ്ഫോടന ശബ്ദമുണ്ടായത്. ആക്രമണം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണെങ്കിലും അവശിഷ്ടങ്ങൾ പൊട്ടിവീഴാനുളള സാധ്യത ഏറെയാണ്. ഖത്തർ ആഭ്യന്തര മന്ത്രാലയം കൃത്യമായ സമയത്തു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ആയാണ് പ്രവർത്തിക്കുന്നത്. എങ്കിലും പരീക്ഷാ കാലമായത് കൊണ്ട് എല്ലാ വിദ്യാർഥികളും ആശങ്കയിലാണ്. ഹൈദർ ചുങ്കത്തറ (ഖത്തറിലെ വ്യവസായിയും സാമൂഹിക പ്രവർത്തകനും), ഷിബു കൈനോട്ട് (ഖത്തറിൽ ജോലി ചെയ്യുന്ന മോങ്ങം സ്വദേശി)
ഭക്ഷണസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ ഹൈപ്പർ മാർക്കറ്റുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അവശ്യ സേവനങ്ങൾക്കായി ആരോഗ്യമേഖലയും സജ്ജമാണ്. കഴിഞ്ഞ ഉപരോധ കാലത്തും കോവിഡ് സമയത്തും ആക്രമണ ഘട്ടങ്ങളിലും ഇപ്പോഴും ഖത്തർ കാണിക്കുന്ന കരുതലും ശ്രദ്ധയും പ്രവാസികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
ഓഫിസുകൾ വർക്ക് ഫ്രം ഹോം; സ്കൂളുകൾ ഓൺലൈനായി
ദോഹയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഞാൻ ജോലി ചെയ്യുന്ന അൽഖോർ. ഇവിടെ വലിയ പ്രശ്നങ്ങളില്ല. സൗദി–ഖത്തർ അതിർത്തിയോട് ചേർന്ന അബൂ ഉദൈദിലാണ് ഖത്തറിലെ യുഎസ് മിലിറ്ററി ബേസ്. അതു ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണം. ഇവിടെ തലയ്ക്കു മുകളിലൂടെ ഡ്രോണുകളും മിസൈലുകളും പറക്കുന്നത് കാണാം. ഇവിടെ സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്കു മാറി. സർക്കാർ ഓഫിസുകൾ വർക്ക് ഫ്രം ഹോമാണ്. സ്വകാര്യ സ്ഥാപനങ്ങൾ ചിലത് തുറന്നിട്ടുണ്ട്. ADVERTISEMENT Go AD-FREE
യുദ്ധം തുടങ്ങിയ ആദ്യ ദിനം മാർക്കറ്റുകളിൽ വലിയ തിരക്കായിരുന്നു. അരിയും മറ്റു സാധനങ്ങളുമൊക്കെ വാങ്ങി സൂക്ഷിക്കാൻ ജനം ഇറങ്ങിയതായിരുന്നു കാരണം. എന്നാൽ, ആശങ്കയുടെ സാഹചര്യമില്ലെന്നും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ടെന്നും സർക്കാർ വ്യക്തമാക്കിയതിനാൽ ഇന്നലെ തെരുവുകളെല്ലാം ഒഴിഞ്ഞു കിടന്നു. പള്ളികളിൽ നമസ്കാരമുൾപ്പെടെയുള്ള ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ, ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം വ്യവസായ മേഖലയിൽ ചിലർക്കു പരുക്കേറ്റതായി വാർത്തയുണ്ടായിരുന്നു. പ്രതിരോധ സംവിധാനമുപയോഗിച്ച് നിർവീര്യമാക്കുന്ന മിസൈലുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ വീണത്. നിലവിൽ ആശങ്കയുടെ ആവശ്യമില്ല. ഇവിടുത്തെ ഭരണകൂടം കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. യുദ്ധം ഉടൻ അവസാനിച്ച് സമാധാനം തിരികെ വരുമെന്ന് പ്രത്യാശിക്കാം. ADVERTISEMENT Go AD-FREE |