LHC0088 • 2025-10-9 07:51:01 • views 718
ന്യൂഡൽഹി ∙ ഇന്ത്യ - അഫ്ഗാനിസ്‌ഥാൻ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കംകുറിക്കാൻ ലക്ഷ്യമിട്ട് അഫ്ഗാനിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്. ഇന്നു മുതൽ 16 വരെ നീളുന്ന സന്ദർശനത്തിനായി അഫ്ഗാനിസ്‌ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഡൽഹിയിലേക്കു പുറപ്പെട്ടു. 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്‌ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം ഒരു താലിബാൻ നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
- Also Read ‘ബഗ്രാം വിട്ടുകൊടുക്കേണ്ടതില്ല’: ട്രംപിനെ എതിർത്ത് അഫ്ഗാൻ അനുകൂല നിലപാടുമായി ഇന്ത്യ, ഒപ്പം റഷ്യയും ചൈനയും പാക്കിസ്ഥാനും
യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് താൽക്കാലികമായി നീക്കിയതിനെ തുടർന്നാണ് അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് വഴിതെളിഞ്ഞത്. റഷ്യയിൽ നടന്ന മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അമീർ ഖാൻ മുത്തഖി ഡൽഹിയിലേക്കു തിരിച്ചത്. നിലവിൽ റഷ്യ മാത്രമാണ് അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.
എട്ടു ദിവസത്തെ സന്ദർശനകാലയളവിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി സഹകരണം, വ്യാപാരം, ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ, കോൺസുലർ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി മുത്തഖി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. സന്ദർശനവേളയിൽ മുത്തഖിയുടെ വൈദ്യപരിശോധനയും ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
- Also Read ‘മാറ്റത്തിന്റെ പ്രസിഡന്റ്, ഇന്ത്യ – പാക്ക് സംഘർഷം ഒഴിവാക്കി’: ട്രംപിനെ പ്രശംസിച്ച് കാർണി
2021 ൽ താലിബാൻ അധികാരമേറ്റതിനു പിന്നാലെ സുരക്ഷ മുൻനിർത്തി അഫ്ഗാനിസ്‌ഥാനിൽ നിന്ന് പൗരൻമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ മാനുഷിക സഹായങ്ങൾ അഫ്ഗാനിൽ വിതരണം ചെയ്യുന്നതിനായി പരിമിതമായ ഇടപെടലുകൾ നടത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വർഷം ആദ്യം ദുബായിൽ വച്ചു മുത്തഖിയുമായി ചർച്ച നടത്തിയിരുന്നു. English Summary:
Afghanistan Foreign Minister India visit: Afghanistan’s Taliban Foreign Minister Amir Khan Muttaqi’s visit to India is to reinforce Afghanistan-India relations, address pressing trade and infrastructure concerns, and discuss regional security dynamics. India will host Muttaqi from October 9 to 16. |
|