പകര തീരുവ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് യൂറോപ്പിൽ നിന്ന് തിരിച്ചടി. യുഎസുമായി ധാരണയിലെത്തിയ വ്യാപാര ഡീലിൽ നിന്ന് പിന്മാറുമെന്ന് യൂറോപ്യൻ യൂണിയനും യുകെയും . ട്രംപ് വിവിധ രാജ്യങ്ങളുമായി ധാരണയിലെത്തിയ വ്യാപാര ഉടമ്പടികളും സുപ്രീം കോടതി വിധിയോടെ തുലാസിലായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യുഎസ് വ്യാപാര ചർച്ചയിലെ തുടർ നടപടികൾ കോടതി വിധി കൂടുതൽ പഠിച്ച ശേഷം മതിയെന്ന നിലപാടിലാണ്. ഇതിനിടയിലാണ് യൂറോപ്യൻ യൂണിയനും യുകെയും സമാനമായ നീക്കം നടത്തുന്നത്.
എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ പ്രസ്താവനയാണ് യൂറോപ്യൻ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നത്. നേരത്തെയുള്ള ധാരണ അനുസരിച്ച് യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും 15 ശതമാനം നികുതിയാണ് നൽകേണ്ടത്. കൂടാതെ ചില ഉൽപന്നങ്ങൾക്ക് തീരുവ രഹിത കയറ്റുമതിയും ഉറപ്പാക്കിയിരുന്നു. പുതിയ തീരുവ എല്ലാ ഉൽപന്നങ്ങൾക്കും ബാധകമാകുമോയെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്ക. കൂടാതെ എല്ലാ രാജ്യങ്ങൾക്കും ഒരേ തീരുവ ചുമത്തിയാൽ യുഎസുമായുള്ള വ്യാപാരത്തിൽ തങ്ങള്‍ക്കുള്ള മേൽക്കൈ നഷ്ടമാകുമെന്നും യൂറോപ്യൻ രാജ്യങ്ങള്‍ കരുതുന്നു.
- Also Read ഇടക്കാല വ്യാപാരക്കരാർ: ചർച്ച മാറ്റി ഇന്ത്യയും യുഎസും; ഇന്ത്യ കൂടുതൽ ഇളവുകൾ തേടിയേക്കും
ട്രംപിന്‍റെ പുതിയ തീരുവയിൽ കൂടുതൽ സുതാര്യത വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനോടകം ധാരണയിലെത്തിയ വ്യാപാര കരാറിനെ പുതിയ തീരുവ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കാനും ഇവർ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിന്‍റെ ഭാഗത്തു നിന്നുണ്ടായത് താരിഫ് അരാജകത്വമാണെന്ന് യൂറോപ്യൻ പാർലമെന്‍റിന്‍റെ രാജ്യാന്തര വാണിജ്യ കമ്മിറ്റിയുടെ അധ്യക്ഷൻ ബെർണാഡ് ലാങ്കേ പ്രതികരിച്ചു. ഇക്കാര്യത്തിൽ ഒരു വ്യക്തതയുമില്ല. കുറേ ചോദ്യങ്ങളും ആശയക്കുഴപ്പവും മാത്രമാണ് ബാക്കിയാകുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. വ്യാപാര കരാർ നിലനിൽക്കുമ്പോൾ പുതിയ തീരുവ ചുമത്തുന്നത് നിയമപരമായി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്‍റെ പുതിയ തീരുവയെപ്പറ്റി ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമന്‍റിന്‍റെ ട്രേഡ് കമ്മിറ്റി അടിയന്തര യോഗം ചേരുന്നുണ്ട്. തീരുവയുമായി ബന്ധപ്പെട്ട വ്യക്തമായ ചിത്രം ലഭിക്കുന്നതു വരെ യുഎസുമായുള്ള വ്യാപാര കരാർ മരവിപ്പിക്കാനുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ADVERTISEMENT Go AD-FREE
അതേസമയം, പുതിയ തീരുവയിൽ യുകെയും ആശങ്കയിലാണ്. നേരത്തെ 10 ശതമാനം തീരുവയാണ് യുഎസിലേക്കുള്ള കയറ്റുമതിക്ക് നിശ്ചയിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇത് 15 ശതമാനമായി ഉയരും. ഇതോടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപാരത്തില്‍ നേരത്തെയുണ്ടായിരുന്ന മുൻതൂക്കം നഷ്ടപെടുമെന്നും യുകെ കരുതുന്നു. പുതിയ തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്ന് യുകെ സർക്കാർ വക്താവ് പ്രതികരിച്ചു.
നേട്ടം ചൈനയ്ക്കും ഇന്ത്യക്കും
അതേസമയം, ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ഉയർന്ന തീരുവ ചുമത്തപ്പെട്ട ചൈന, ഇന്ത്യ,ബ്രസീൽ പോലുള്ള രാജ്യങ്ങള്‍ക്കാണ് നേട്ടമാകുന്നതെന്നും വിലയിരുത്തലുണ്ട്. നേരത്തെ ഐഇഇപിഎ പ്രകാരം ചുമത്തപ്പെട്ടിരുന്ന ഉയർന്ന തീരുവ പുതിയ പ്രഖ്യാപനത്തോടെ 15 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടേത് 18ൽ നിന്ന് 15 ശതമാനമായി. ചൈനയുടേത് 32 ശതമാനത്തിൽ നിന്ന് ശരാശരി 24 ശതമാനമായി കുറഞ്ഞെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്. ഏഷ്യൻ രാജ്യങ്ങളുടെ ആകെ തീരുവ 20 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞതായും കണക്കുകൾ പറയുന്നു. എന്നാൽ ഇപ്പോഴത്തെ കുറഞ്ഞ തീരുവ അധിക കാലം തുടരാന്‍ സാധ്യതയില്ലെന്നും പുതിയ തീരുവയ്ക്ക് ട്രംപ് മറ്റു വഴികൾ കണ്ടെത്തുമെന്നും റിപ്പോർട്ട് പറയുന്നു.
What you should read next
- ട്രംപ് വീണ്ടും തോൽക്കും, 15 ശതമാനം തീരുവയും നിയമ വിരുദ്ധമെന്ന് വിദഗ്‍ധർ, \“തലവേദന\“യായി ഒരു ഇന്ത്യക്കാരനും Economy
ADVERTISEMENT Go AD-FREE
തീരുവ നയത്തിൽ മാറ്റമില്ല
ട്രംപിന്‍റെ തീരുവ നയത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജമൈസൺ ഗ്രീർ. തീരുവ നടപ്പിലാക്കുന്നതിനുള്ള മാർഗത്തിലാണ് മാറ്റമുണ്ടായത്. പക്ഷേ നയത്തിൽ ഒരു മാറ്റവുമില്ല. ഐഇഇപിഎ പ്രകാരം ചുമത്തിയ തീരുവയ്ക്ക് തുല്യമായ തീരുവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള വഴികളും കണ്ടുപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT GO AD-FREE |
|