LHC0088 • 1 hour(s) ago • views 631
നെടുമങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഡോക്ടർക്ക് സസ്പെൻഷൻ. ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിനെതിരെയാണു നടപടി. ഡോക്ടറെ സ്ഥലം മാറ്റി പ്രശ്നം പരിഹരിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യനീക്കം. ഉച്ചയ്ക്കു 12.33നു മന്ത്രിയുടെ ഓഫിസിൽ നിന്നു മാധ്യമങ്ങൾക്കുള്ള അറിയിപ്പിൽ ഡോക്ടറെ സ്ഥലം മാറ്റുമെന്നും ഗർഭസ്ഥശിശുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചെന്നും അറിയിച്ചു. കോൺഗ്രസിനും ബിജെപിക്കും ഒപ്പം ഡിവൈഎഫ്ഐ ഉൾപ്പെടെ ഭരണാനുകൂല സംഘടനകളും പ്രതിഷേധം കടുപ്പിച്ചതോടെ 4.22നാണ് ഡോ.ബിന്ദുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. തിരുവനന്തപുരത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണത്തിൽ ആരോപണ വിധേയയായ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.
വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ എൻ.കെ.രഞ്ജന കൃഷ്ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണു ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നു പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കാൻ നടപടി ആരംഭിച്ചതോടെ പ്രതിഷേധം കനത്തു.
തിരുവനന്തപുരത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ ആർഡിഒ കെ.പി.ജയകുമാർ പുറത്തേക്കിറങ്ങുമ്പോൾ, ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവർ തടയുന്നു.
ഡോക്ടറെ സസ്പെൻഡ് ചെയ്തശേഷം തുടർനടപടികളിലേക്കു കടന്നാൽ മതിയെന്നു രക്ഷിതാക്കൾ നിലപാട് എടുത്തതോടെ ആശുപത്രി അധികൃതർ വെട്ടിലായി. ഇതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചു. രക്ഷിതാക്കളുടെ സമ്മർദത്തിനും സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനും ശമനം വരുത്താനാണ് ഡോക്ടറെ സ്ഥലം മാറ്റുന്നതായി പ്രഖ്യാപിച്ചത്. എന്നിട്ടും പ്രതിഷേധക്കാർ തെല്ലും അയഞ്ഞില്ല. ഇതിനിടെ എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജയശ്രീ വാമൻ, അനസ്തീസിയ വിഭാഗത്തിലെ ഡോ.എസ്.ശോഭ, ജനറ്റിക്സ് വിഭാഗത്തിലെ ഡോ.വി.എച്ച്.ശങ്കർ എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഒാഫിസിനു മുന്നിലെ പ്രതിഷേധം കാരണം പിൻവാതിലിലൂടെ ഇവരെ അകത്തു പ്രവേശിപ്പിച്ചു.
പരാതിക്കാർ, സൂപ്രണ്ട്, ഡോക്ടർമാർ, നഴ്സ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഇതിനിടെ ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയ നെടുമങ്ങാട് ആർഡിഒ കെ.പി.ജയകുമാറിനെ കോൺഗ്രസുകാർ തടയാൻ ശ്രമിച്ചു. പൊലീസ് കാവലിൽ മുന്നോട്ടു നീങ്ങിയ അദ്ദേഹം ആശുപത്രിയുടെ മറ്റൊരു കെട്ടിടത്തിൽ കയറി അതുവഴി പുറത്തേക്കു പോയി. ഡോ.ബിന്ദുവിന് 2 തവണ 5,000 രൂപ വീതം നൽകിയെന്ന് ശിശുവിന്റെ പിതാവ് ബിനിൽ മനോഹർ ആരോപിച്ചു. ഡോക്ടറെ സസ്പെൻഡ് ചെയ്ത് ഉത്തരവ് എത്തിയതോടെയാണു പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. പിന്നാലെ ശിശുവിന്റെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.
ADVERTISEMENT Go AD-FREE
ഡോ. ബിന്ദു സുന്ദറിനെതിരെ വീണ്ടും പരാതി
നെടുമങ്ങാട് ∙ ഡോ.ബിന്ദു സുന്ദറിനെതിരെ വീണ്ടും പരാതികൾ. പെരിങ്ങമല പുള്ളിപച്ച തുണ്ടിൽ സൽമാൻ മൻസിലിൽ ജെ.ആമിന (22) ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിട്ട് 6 മാസമായിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതി. കഴിഞ്ഞവർഷം ഓഗസ്റ്റ് 20ന് പ്രസവത്തിന് ആമിന നെടുമങ്ങാട് ആശുപത്രിയിൽ അഡ്മിറ്റ് ആയി. അടുത്തദിവസം വൈകിട്ട് 3ന് പ്രസവവേദന കൂടി. ഇൗ സമയം ഡോ.ബിന്ദു സുന്ദർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലും നോക്കിയില്ലെന്ന് ആമിനയുടെ ഭർത്താവ് എൻ.സൽമാൻ പറഞ്ഞു. പിന്നാലെ പ്രസവിച്ചു. ആമിനയുടെ ഉമ്മ നിഹ്യജാൻ എത്തിയപ്പോൾ കുഞ്ഞും മാതാവും കിടക്കുന്നത് കണ്ട് നിലവിളിക്കുന്നതിനിടെ ആൾക്കാർ ഓടിക്കൂടി. പിന്നെയാണ് മറ്റൊരു ഡോക്ടർ എത്തി കുഞ്ഞിനെ എടുത്തതെന്നും സൽമാൻ പറഞ്ഞു.
എസ്എടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം അന്വേഷിക്കും
നെടുമങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ സമരം അവസാനിപ്പിച്ചതു രാത്രി 12.30ന്. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി പ്രവർത്തകരാണു സമരം സംഘടിപ്പിച്ചത്. രാത്രി 9ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു മോഹൻ, ആർസിഎച്ച് ജില്ലാ മേധാവി ഡോ.ശിൽപ ബാബു തോമസ്, ഡോ.അനൂപ് തുടങ്ങിയവർ എത്തിയിരുന്നു. ഡോ.ബിന്ദു സുന്ദറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുമെന്നു രാത്രി 12.30ന് ആരോഗ്യ വകുപ്പ് ഡയറക്ടർ സമരക്കാരെ അറിയിച്ചു. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം അന്വേഷണം നടത്തുമെന്നും ഡിഎംഒയ്ക്ക് 2 പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഡോ.റീന പറഞ്ഞു. ഇതിലും അന്വേഷണം നടത്തി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ഉറപ്പു നൽകിയശേഷമാണു പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ഇന്നലെ രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എടുത്തപ്പോൾ രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം വിട്ടുതരില്ലെന്നു പറഞ്ഞതോടെയാണു പ്രതിഷേധം വീണ്ടും കനത്തത്. ADVERTISEMENT Go AD-FREE English Summary:
Nedumangad District Hospital faces a major controversy following the suspension of Gynecologist Dr. Bindu Sundar after a pregnant woman\“s baby died during delivery. The incident sparked widespread protests from various political and social organizations, demanding immediate action and a thorough investigation into the alleged medical negligence. |
|