LHC0088 • 3 hour(s) ago • views 110
തിരുവനന്തപുരം∙ കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്കൻ തീരത്തിന് വളരെ അകലയായി നിലനിൽക്കുന്ന വെതർ സിസ്റ്റമാണ് ഇതിന് കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
English Summary:
Kerala rain forecast indicates relief from the current heatwave, with predictions of rain in central and southern districts. The India Meteorological Department forecasts light to moderate showers in Thiruvananthapuram, Kollam, and Pathanamthitta from February 19-21, and in Idukki on the 20th and 21st. |
|