മൂന്നാർ ∙ തുടർച്ചയായ രണ്ടാം ദിവസവും പടയപ്പ വാഹനം തകർത്തു. കടലർ ഫാക്ടറി ഡിവിഷനിൽ എം.കറുപ്പുസ്വാമിയുടെ ഓട്ടോറിക്ഷയാണു ഞായറാഴ്ച രാത്രി 12.30നു കാട്ടാന പടയപ്പ തകർത്തത്. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ കറുപ്പുസ്വാമി അദ്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്നാറിൽനിന്നു സുഹൃത്ത് നരേഷിനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു കറുപ്പുസ്വാമി. നരേഷിനെ കടലാറിലെ വീട്ടിലിറക്കിയശേഷം പോകുന്നതിനിടെ റോഡിൽ നിന്നിരുന്ന പടയപ്പയുടെ മുന്നിൽപെടുകയായിരുന്നു. പാഞ്ഞടുത്ത പടയപ്പ ഓട്ടോയുടെ മുൻഭാഗം അടിച്ചുതകർത്തു. പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ കറുപ്പുസ്വാമിയുടെ കരച്ചിൽകേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടിയെത്തി ബഹളംവച്ചാണ് ആനയെ ഓടിച്ചത്.
ശനിയാഴ്ച രാത്രി രാജമല എട്ടാംമൈലിൽ ഈരാറ്റുപേട്ട സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പടയപ്പ അടിച്ചു തകർത്തിരുന്നു. ഒരു ബസിന്റെ ചില്ലും തകർത്തിരുന്നു. ഒരു മാസമായി മദപ്പാടിലാണു പടയപ്പ. English Summary:
Munnar elephant attack incidents continue as the wild elephant Padayappa damaged an autorickshaw for the second consecutive day. The elephant also destroyed a car and a bus windshield in separate incidents, highlighting increasing human-wildlife conflict in the region. |
|