LHC0088 • 3 hour(s) ago • views 191
ആലപ്പുഴ ∙ സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് (യുവി) വികിരണം ഏൽക്കുന്ന ജില്ലകളിൽ ആലപ്പുഴയും. 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് ആയ സൂചിക 8 രേഖപ്പെടുത്തിയതു ചെങ്ങന്നൂരിലും മൂന്നാറിലും കോന്നിയിലുമാണ്. ഇതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സൂചിക 6നു മുകളിലുള്ള പ്രദേശങ്ങളിൽ ഉള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതലെടുക്കണമെന്നാണു നിർദേശം. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്കു 3 വരെ ജില്ലയിൽ യുവി സൂചിക 6നു മുകളിലാണ്. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാകാൻ സാധ്യതയുണ്ട്.
ജില്ലയിൽ താരതമ്യേന ഉയർന്ന സ്ഥലമായ ചെങ്ങന്നൂരാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രമുള്ളത്. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു നിർദേശമുണ്ട്.
ശ്രദ്ധിക്കുക
∙ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ഉച്ചസമയങ്ങളിൽ നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
∙ ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് റേഡിയേഷൻ ഏൽക്കുന്നത് സൂര്യാതപത്തിനും ചർമരോഗങ്ങൾക്കും കാരണമാകും.
∙ പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
∙ ഉഷ്ണമേഖല പ്രദേശങ്ങളിലും ഉയർന്ന മലമ്പ്രദേശങ്ങളിലും സാധാരണയായി ഉയർന്ന യുവി സൂചിക അനുഭവപ്പെടാറുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. |
|