search

മാറുമോ മുന്നണി; പോകുമോ സീറ്റ്? ജാഗ്രതയോടെ ജോസ് കെ.മാണി; ജോസഫിന് ‘തടയൽ’ ദൗത്യം

cy520520 The day before yesterday 11:49 views 680
  

  

  

  

  



തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ കേരള കോൺഗ്രസിന്റെ(എം) മുന്നണിമാറ്റ ചർച്ചകൾ പുറത്ത് സജീവമായി. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നു ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കിയപ്പോൾ പുറത്തെ ചർച്ച തണുത്തു. അതിനർഥം അകത്ത് ഒന്നും സംഭവിക്കുന്നില്ല എന്നല്ല; സസ്പെൻസ് തുടരും.  

  • Also Read തുടരുമോ ക്യാപ്റ്റൻ? കോൺഗ്രസിന്റെ ത്രിമൂർത്തികൾ: മുഖ്യനാര്, മുന്നിലാര്...?   


കോൺഗ്രസോ കേരള കോൺഗ്രസോ അമിതതാൽപര്യം പുറത്ത് ഇക്കാര്യത്തിൽ കാണിക്കുന്നില്ല. എന്നാൽ, എൽഡിഎഫിൽ നിന്നിട്ട് ഈ തിരഞ്ഞെടുപ്പിൽ കാര്യമില്ലെന്ന ചിന്ത കേരള കോൺഗ്രസിലുണ്ടെന്നു കോൺഗ്രസ് വിലയിരുത്തുന്നു. അതു പൂർണമായും അസ്ഥാനത്താണെന്നു കേരള കോൺഗ്രസുകാരും പറയുന്നില്ല. ഇപ്പോൾ മാറിയില്ലെങ്കിൽ പിന്നെ എപ്പോഴെന്നു കുറച്ചുപേരെങ്കിലും ചോദിക്കുന്നു. മുന്നണിമാറ്റം അജൻഡയിലില്ലെന്ന് ചെയർമാൻ ഉറപ്പിച്ചു പറയുമ്പോഴും ഇപ്പോഴത്തെ അവസ്ഥയിൽ അതതു മണ്ഡലങ്ങളിൽ ജയിക്കാൻ കഴിയുമോ എന്ന ആധിയിലാണ് പല എംഎൽഎമാരും. കഴിഞ്ഞദിവസം മന്ത്രി റോഷി അഗസ്റ്റിന്റെ വീട്ടിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലും ഇക്കാര്യം ചർച്ചയായി. രണ്ടാംനിര നേതൃത്വവും അണികളിൽ നല്ലൊരു പങ്കും മുന്നണിമാറ്റം ആഗ്രഹിക്കുന്നു. പാർട്ടിയെ അനുകൂലിക്കുന്ന സാമുദായിക നേതൃത്വത്തിന്റെ സമ്മർദവും ശക്തമാണ്.    ജോസ് കെ.മാണി. ചിത്രം: മനോരമ

സമയം, കാരണം എന്നിവയാണ് പ്രധാന തടസ്സങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു പറ്റിയ സമയം എന്ന വാദമുണ്ട്. മതിയായ കാരണമില്ലാതെ മാറിയാൽ അധികാരത്തിനുവേണ്ടി ചാടിക്കളിക്കുന്ന പാർട്ടി എന്ന ദുഷ്പേരുണ്ടാകും. ചോദിക്കുന്ന ആവശ്യങ്ങളെല്ലാം സിപിഎം നടത്തിക്കൊടുക്കുന്ന സാഹചര്യവുമുണ്ട്. കോൺഗ്രസാകട്ടെ, അനുകൂലസൂചനകൾ നൽകുന്നുമില്ല. സീറ്റുകളുടെ കാര്യത്തിൽ ‘മാറാത്ത ഉറപ്പ്’ കോൺഗ്രസ് നേതൃത്വം നൽകിയാൽ കേരള കോൺഗ്രസ്(എം) മുന്നണിമാറ്റം ആലോചിക്കുമെന്ന സൂചനകളുണ്ട്. സംസ്ഥാന നേതൃത്വം വാക്കു കൊടുത്താൽ പോരാ, ഹൈക്കമാൻഡ് കൂടി റോൾ എടുക്കേണ്ടി വരുമെന്ന വിചാരം ഇരുപാർട്ടികളിലുമുണ്ട്. അതേസമയം, തദ്ദേശതിരഞ്ഞെടുപ്പിൽ മധ്യകേരളം തൂത്തുവാരിയതോടെ ഇനി കേരള കോൺഗ്രസിനു പിറകേ പോകേണ്ടെന്നു വാദിക്കുന്നവരും കോൺഗ്രസുകാരുമുണ്ട്.  
    

  • സൈനികനെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു: ‘മ്യൂസിക് ടോർച്ചറി’ലൂടെ പിടിയിലായ മഡുറോയുടെ ‘മുൻഗാമി’; ഏകാധിപതിയായ യുഎസിന്റെ ഒറ്റുകാരന്‍
      

         
    •   
         
    •   
        
       
  • ‘ഞൊറിവുള്ള’ ഇലകൾ, ചെടി ഒന്നിന് കിട്ടും 15,000 രൂപ; നോനോ ബനാന തൈ ഒന്നിന് 6000; കാശുതരുന്ന ചാമ്പയും വാഴയും
      

         
    •   
         
    •   
        
       
  • ദുബായിൽ പോയി ‘കാശുകാരായ’ കാസർകോട്: ഗൾഫിൽ അനുഗ്രഹമായ സോവിയറ്റ് തകർച്ച! പ്രവാസം വളർത്തിയ ഒരു ജില്ലയുടെ കഥ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും മറുവിഭാഗത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുകയാണ്. ജയിച്ചു നിൽക്കുമ്പോൾ അൽപം താണാൽ ഇരട്ടിശക്തിയോടെ കുതിക്കാൻ അതു സഹായകരമാകുമെന്നു വാദിച്ച് കേരള കോൺഗ്രസ്(എം) വരവിനെ അനുകൂലിക്കുന്നവരും കോൺഗ്രസിലുണ്ട്. കേരള കോൺഗ്രസ്(എം) തിരിച്ചെത്തിയാൽ ഭരണമാറ്റം ഉറപ്പിക്കാമെന്നാണ് ഇക്കൂട്ടരുടെ വാദം. സർക്കാർ രൂപീകരണസാധ്യത സംബന്ധിച്ച സംശയങ്ങളെല്ലാം അതുവഴി തീർക്കണമെന്നാണ് മുസ്‍ലിം ലീഗിന്റെയും അഭിപ്രായം. തങ്ങളുടെ ആവശ്യമെന്ന നിലയ്ക്ക് കേരള കോൺഗ്രസിനോട് അഭ്യർഥിക്കാനില്ല; താൽപര്യം പ്രകടിപ്പിച്ചാൽ പരിഗണിക്കാം എന്ന ധാരണയിലാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്. ഉദ്വേഗം തുടരുമെന്നർഥം. എൽഡിഎഫ് സീറ്റ് ചർച്ചകളാകും ഇക്കാര്യത്തിൽ നിർണായകം. അതു രമ്യമായി തീരുന്നില്ലെങ്കിൽ മുന്നണിമാറ്റ ചർച്ചകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകും.    പി.ജെ.ജോസഫ്. ചിത്രം: മനോരമ

ജോസഫിന് ‘തടയൽ’ ദൗത്യം

പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനു മുന്നിൽ ഇരട്ടദൗത്യമാണ്. ജോസ് വിഭാഗത്തിന്റെ തിരിച്ചുവരവു തടയണം; അവരുടെ വരവോ കോൺഗ്രസിന്റെ നീക്കങ്ങളോ തങ്ങളുടെ സീറ്റുകളെ ബാധിക്കാതെ നോക്കുകയും വേണം. അതിനായി ആരോഗ്യപ്രശ്നങ്ങളെല്ലാം മാറ്റിവച്ച് ചെയർമാൻ പി.ജെ.ജോസഫ് കളത്തിലിറങ്ങിക്കഴിഞ്ഞു.

  • Also Read ചർച്ച ചെയ്ത് കോൺഗ്രസ്; എല്ലാമറിയുന്ന മുഖ്യമന്ത്രി; പഠിച്ച് പട്ടികയാക്കി ബിജെപി: സർവേ പറയും സ്ഥാനാർഥിയെ   


കഴിഞ്ഞതവണ പത്തു സീറ്റാണ് പാർട്ടിക്കു ലഭിച്ചത്. തൊടുപുഴ, ഇടുക്കി, കോതമംഗലം, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട, തൃക്കരിപ്പൂർ എന്നിവ. തൊടുപുഴയിൽ പി.ജെ.ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മാത്രം ജയിച്ചു. പത്തു സീറ്റും വേണമെന്ന ആവശ്യത്തിലാണ് പാർട്ടിയെങ്കിലും കുട്ടനാട്, ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിൽ കോൺഗ്രസിനു നോട്ടമുണ്ട്. ജയസാധ്യതയുള്ള സീറ്റുകൾ നൽകാം; പക്ഷേ, ജയസാധ്യതയുള്ളവരെത്തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് താൽപര്യപ്പെട്ടതും ഇതേ നയത്തിന്റെ അടിസ്ഥാനത്തിലാണ്. 2021ൽ കേരള കോ‍ൺഗ്രസ് സ്ഥാനാർഥിനിർണയം പാളിയെന്ന വിലയിരുത്തലുള്ളതുകൊണ്ടാണ് കോൺഗ്രസ് ജാഗ്രത പുലർത്തുന്നത്.  

സീറ്റ് വച്ചുമാറ്റ സാധ്യതകളും ശക്തം. തിരുവല്ല ഏറ്റെടുത്ത് റാന്നി കേരള കോൺഗ്രസിനു നൽകിയാലോ എന്ന ചിന്ത കോൺഗ്രസിലുണ്ട്. തൃക്കരിപ്പൂരിനു പകരം പുനലൂർ എന്ന ആവശ്യം കേരള കോൺഗ്രസിനുമുണ്ട്. പൂഞ്ഞാർ വിട്ടുനൽകി ഇടുക്കി ഏറ്റെടുക്കണമെന്നു വാദിക്കുന്ന കോൺഗ്രസുകാരുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിലെ മൂന്നാം കക്ഷിക്കു ലഭിക്കേണ്ട മാന്യതയും പരിഗണനയും കൂടിയേതീരൂവെന്ന് കേരള കോൺഗ്രസും വാദിക്കുന്നു.  

  • Also Read കോൺഗ്രസിൽ എംപിമാർ ഇറങ്ങുമോ? മന്ത്രിമാരെ മാറ്റിനിർത്തുമോ സിപിഎം?   


കയ്യാലപ്പുറത്തോ ആർജെഡി? ദളും എൻസിപിയും എന്തുചെയ്യും?

മുന്നണിബന്ധത്തിൽ കയ്യാലപ്പുറത്താണ് ആർജെഡി. സംസ്ഥാന നേതൃയോഗത്തിൽ 11 ജില്ലാ പ്രസിഡന്റുമാർ എൽഡിഎഫ് വിടണമെന്നു വാദിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളാണ് എതിർത്തത്. കോഴിക്കോട് ജില്ലയ്ക്കു രണ്ടു മനസ്സാണ്. ഈ സാഹചര്യത്തിൽ ആർജെഡിയെ സംശയത്തോടെയാണ് സിപിഎം കാണുന്നത്.

കഴിഞ്ഞതവണ മൂന്നു സീറ്റാണ് ആർജെഡിക്കു നൽകിയത്. രണ്ടെണ്ണം സിപിഎം ജയിച്ച സീറ്റുകളുമായിരുന്നു. കൽപറ്റയും വടകരയും തോറ്റ ആർജെഡി കൂത്തുപറമ്പിൽ മാത്രമാണു ജയിച്ചത്. ഇത്തവണ കൂത്തുപറമ്പ് സീറ്റിൽ സിപിഎമ്മിനു കണ്ണുണ്ട്. വടകരയാണ് സിപിഎം നോട്ടമിട്ട രണ്ടാം സീറ്റ്. കെ.കെ.രമയെ തോൽപിക്കണമെന്ന രാഷ്ട്രീയവാശിയാണ് കാരണം. കഴിഞ്ഞതവണ ജനതാദൾ (എസ്) സ്ഥാനാർഥിയായി കോവളത്തു മത്സരിച്ച എ. നീലലോഹിതദാസ് ഇപ്പോൾ ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയാണ്. ജെഡിഎസ് സമ്മതിച്ചാൽ കോവളം ആർജെഡിക്കു ലഭിക്കും. രണ്ടു ദളുകൾക്കുമായി ഏഴു സീറ്റ് മാറ്റിവയ്ക്കാനാകില്ലെന്നും ലയിക്കണമെന്നുമുള്ള ആവശ്യം സിപിഎം വീണ്ടും പുറത്തെടുക്കാനിടയുണ്ട്.  

  • Also Read ‘പരാജയ കാരണം രാഹുൽ; കോൺഗ്രസിന്റെ തിരിച്ചുവരവിന് പ്രിയങ്ക വേണം’: ആരാണ് പാർട്ടിയിലെ പുതിയ ചേരി നിർമാണത്തിനു പിന്നിൽ?   


ആർജെഡി മത്സരിച്ചുപോരുന്ന കൽപറ്റയും വടകരയും യുഡിഎഫ് വിട്ടുകൊടുത്തേക്കില്ലെന്നതാണ് മുന്നണിമാറ്റത്തിലെ ഒരു തടസ്സം. എൽഡിഎഫ് സീറ്റ് ചർച്ചകളി‍ൽ അവഗണിക്കപ്പെട്ടാൽ പക്ഷേ, മുന്നണിമാറ്റ കാർഡ് ആർജെഡി വീണ്ടും പുറത്തെടുത്തേക്കാം.  

പുതിയ പാർട്ടിയായി മാറുന്ന പഴയ ജനതാദളിനും (എസ്) സീറ്റ് വിഭജനത്തിൽ ആശങ്കയുണ്ട്. കഴിഞ്ഞതവണ ലഭിച്ച തിരുവല്ല, കോവളം, അങ്കമാലി, ചിറ്റൂർ എന്നിവയിൽ സിറ്റിങ് സീറ്റുകളായ ചിറ്റൂരിനെക്കുറിച്ചും തിരുവല്ലയെക്കുറിച്ചും പേടി വേണ്ട. മറ്റു രണ്ടു സീറ്റുകൾ കിട്ടുമോയെന്ന് ഉറപ്പില്ല. എൻസിപിയുടെ മൂന്നു സീറ്റിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂരിൽ സിപിഎമ്മിനു നോട്ടമുണ്ട്. കുട്ടനാടും സിപിഎം കുറച്ചുനാളായി ആഗ്രഹിക്കുന്നുണ്ട്. രണ്ടും സിറ്റിങ് സീറ്റാണെന്ന് എൻസിപിക്കു വാദിക്കാം. വിഘടിച്ച ഐഎൻഎലിനു കഴിഞ്ഞ തവണത്തേതുപോലെ മൂന്നു സീറ്റ് കൊടുക്കുമോ എന്നതും കണ്ടറിയണം.  

സീറ്റ് കൂട്ടാൻ ബിഡിജെഎസ്

തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസ് എൻഡിഎ വിടുമെന്ന സൂചന ഉയർന്നെങ്കിലും തുടർനീക്കങ്ങൾ നടന്നതായി വിവരമില്ല. ബിഡിജെഎസ് മുന്നണിയിലേക്കു വരാൻ തയാറാണെങ്കിൽ ആലോചിക്കേണ്ടതല്ലേ എന്ന വികാരമുള്ളവർ യുഡിഎഫ് ക്യാംപിലുണ്ട്.   തുഷാർ വെള്ളാപ്പള്ളി (ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

കഴിഞ്ഞതവണ 21 സീറ്റിലാണു തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന പാർട്ടി മത്സരിച്ചത്. ഇത്തവണ കുറഞ്ഞത് 25 സീറ്റ് ആവശ്യപ്പെടും. തുഷാർ മത്സരിക്കുമോ എന്നതാണു പ്രവർത്തകർ ആകാംക്ഷയോടെ കാക്കുന്ന കാര്യം. എൻഡിഎയുടെ മറ്റു ഘടകകക്ഷികളിൽ കഴി‍ഞ്ഞതവണ ഒരു സീറ്റിൽ മത്സരിച്ച കാമരാജ് കോൺഗ്രസിനു വീണ്ടും സീറ്റ് നൽകിയേക്കും. രണ്ടു സീറ്റിൽ മത്സരിച്ച എഐഎഡിഎംകെയുടെ കാര്യം എന്താകുമെന്ന് ബിജെപി കേന്ദ്രങ്ങൾക്കുതന്നെ അറിയില്ല. 2021ൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച സി.കെ.ജാനു യുഡിഎഫിലുമെത്തി.

ചെറുകക്ഷികൾ; വലിയ പ്രതീക്ഷകൾ

യുഡിഎഫിലെ ചെറുകക്ഷികൾ വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞതവണ അഞ്ചു കിട്ടിയ ആർഎസ്പി അത്രയെണ്ണത്തിനായി പിടിമുറുക്കും; ചില വച്ചുമാറലുകൾ അവർ ആഗ്രഹിക്കുന്നുണ്ട്. കേരള കോൺഗ്രസിന്റെ (ജേക്കബ്) അനൂപ് ജേക്കബ് സിറ്റിങ് സീറ്റായ പിറവത്തുനിന്നു ജനവിധി തേടും. രണ്ടു സീറ്റാണ് സിഎംപിയുടെ ആവശ്യം. ജനറൽ സെക്രട്ടറി സി.പി.ജോണിനായി തിരുവനന്തപുരമാണ് അവർ ചോദിക്കുന്നത്. യുഡിഎഫ് സെക്രട്ടറികൂടിയായ ജോണിന്റെ ദീർഘകാല സംഭാവന കണക്കിലെടുത്ത് ജയസാധ്യതയുള്ള സീറ്റ് അദ്ദേഹത്തിനു നൽകണമെന്ന വികാരം കോൺഗ്രസിലുണ്ട്.   അനൂപ് ജേക്കബ് (Photo: facebook.com/Anoopjacobofficial)

കൊല്ലം ഉൾപ്പെടെ രണ്ടു സീറ്റാണു ഫോർവേഡ് ബ്ലോക്കിന്റെ ആവശ്യം. കൊല്ലം കിട്ടിയാൽ ജനറൽ സെക്രട്ടറി ജി.ദേവരാജൻ മത്സരിക്കും. പാലായിൽനിന്നു വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് മാണി സി.കാപ്പൻ. ആർഎംപി നേതാവ് കെ.കെ.രമ വടകരയിൽനിന്നുതന്നെ ജനവിധി തേടും. അസോഷ്യേറ്റ് അംഗമായി യുഡിഎഫിനൊപ്പം ചേർന്ന പി.വി.അൻവറിന് ഒരു സീറ്റ് നൽകും. മറ്റൊരു അസോഷ്യേറ്റ് അംഗം സി.കെ.ജാനുവിനു സീറ്റ് നൽകുന്നതിൽ തീരുമാനമായില്ല.

നാളെ: മത്സരവിരോധികളും പുതുതാരങ്ങളും

റിപ്പോർട്ടുകൾ: സുജിത് നായർ, സി.കെ.ശിവാനന്ദൻ, അനിൽ കുരുടത്ത്, ജയചന്ദ്രൻ ഇലങ്കത്ത്, രാജു മാത്യു, മിഥുൻ കുര്യാക്കോസ്, ജോജി സൈമൺ, ഫിറോസ് അലി English Summary:
Kerala Congress (M) faces uncertain political future amidst discussions of a potential coalition shift. The party grapples with internal conflicts and external pressures as they navigate seat allocation and political alliances. The potential shift from LDF and a possible move to UDF can change the Kerala political landscape.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157166