Chikheang • The day before yesterday 11:49 • views 500
മലക്കപ്പാറയ്ക്കടുത്തു വീരാൻകുടി ആദിവാസി ഉന്നതിയിലെ കുടിലിൽ ആ രാത്രിയിൽ നല്ല ഉറക്കത്തിലായിരുന്നു ബേബിയും ഭാര്യ രാധികയും നാലുവയസ്സുകാരൻ മകൻ രാഹുലും. എന്തോ ശബ്ദം കേട്ട് ഉണർന്ന ബേബി കണ്ടതു രാഹുലിനെ കടിച്ചെടുക്കുന്ന പുലിയെ ആണ്. ബേബി എഴുന്നേറ്റതോടെ രാഹുലുമായി പുലി കാട്ടിലേക്ക് ഓടി. അലറിവിളിച്ചു പിന്നാലെ ബേബിയും രാധികയും. ഓട്ടത്തിനിടയിൽ കയ്യിൽ കിട്ടിയ കമ്പും കല്ലുമെല്ലാം അവർ പുലിക്കു നേരെ എറിഞ്ഞു. അതോടെ രാഹുലിനെ ഉപേക്ഷിച്ചു പുലി കാടുകയറി.
തൃശൂർ കോടശേരി മാരാംകോട് ഭാഗത്തെ കശുമാവിൻ തോപ്പിൽ ടാർപോളിൻ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെഡ്ഡിലിരുന്ന് അഞ്ചു മാസം മുൻപു നടന്ന ഈ സംഭവം പറയുമ്പോൾ ഇപ്പോഴും വീരാൻകുടിക്കാരുടെ ശബ്ദം വിറയ്ക്കുന്നു. പക്ഷേ പുലിയേക്കാൾ ഇവർ ഇപ്പോൾ പേടിക്കുന്നത് മുന്നോട്ടുള്ള ജീവിതം ഓർത്താണ്. ഉരുൾപൊട്ടലും കാട്ടുമൃഗങ്ങളും അലട്ടാത്ത സുരക്ഷിത ഭൂമിയും വീടും തരാമെന്ന സർക്കാർ വാഗ്ദാനം വിശ്വസിച്ച്, ജനിച്ചുവളർന്ന ഊരും നല്ല വീടും വനംവകുപ്പിനു വിട്ടുനൽകിയ 47 ആദിവാസി കുടുംബങ്ങൾ. വനംവകുപ്പ് കാലുമാറിയതോടെ ടാർപോളിൻ ഷീറ്റുകളിലാണ് ഇവരുടെ ജീവിതം. ശുചിമുറി ഇല്ലാതെ, വെള്ളവും വെളിച്ചവും ഉപജീവന മാർഗവുമില്ലാതെ കശുമാവിൻതോപ്പിൽ നരകിച്ചു പൊറുക്കുന്നു. സർക്കാരിന്റെ കൊലച്ചതിയുടെ ഇരകൾ.
പുതിയ ജീവിതം
അതിരപ്പിള്ളി പഞ്ചായത്തിൽ മലക്കപ്പാറയ്ക്കു സമീപം ഘോരവനത്തിനു നടുവിലാണ് അരേക്കാപ്പ്, വീരാൻകുടി ആദിവാസി ഉന്നതികൾ. നിരന്തര ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതിനു പുറമേ വന്യജീവി ശല്യവും അതിരൂക്ഷമായ മേഖല. 7 വർഷം മുൻപു വലിയ ഉരുൾപൊട്ടലുണ്ടായപ്പോൾ ഒരുപാടു കുടുംബങ്ങളുടെ വീടും ഭൂമിയും പോയി. മറ്റു വഴിയില്ലാതെ കുടിൽ കെട്ടി കിടക്കുന്ന നാളുകളിലൊന്നിലായിരുന്നു പുലിയുടെ ആക്രമണം. ആനയോ പുലിയോ വീട്ടുമുറ്റത്തെത്താതെ ഒരു രാത്രിയെങ്കിലും പേടി കൂടാതെ സ്വസ്ഥമായി ഉറങ്ങണമെന്ന മോഹം ജീവിതാഭിലാഷമായി വളർന്ന സമയത്താണു സർക്കാർ ഇവരെ തേടിയെത്തുന്നത്.
- കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
- സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
- സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
MORE PREMIUM STORIES
ഊരിലെ ഭൂമിയും വീടും വനംവകുപ്പിനു വിട്ടുനൽകുന്നവർക്കു സുരക്ഷിത മേഖലയിൽ പകരം ഭൂമിയും വീടുമായിരുന്നു വാഗ്ദാനം. ഹൈക്കോടതി നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ഏപ്രിലിൽ ചേർന്ന സംസ്ഥാനതല യോഗത്തിലാണ് ചാലക്കുടി ഡിഎഫ്ഒയ്ക്കു കീഴിലെ മാരാംകോട് കശുമാവിൻതോപ്പിൽ ഇവർക്ക് പുനരധിവാസമൊരുക്കാൻ തീരുമാനിച്ചത്. വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
ഉന്നതിയിലുള്ള ഭൂമിയുടെ അതേയളവിൽ മാരാംകോടിൽ പകരം ഭൂമി നൽകും, വിട്ടുനൽകുന്ന ഭൂമിയിലെ കുരുമുളകും കാപ്പിയുമടക്കം വിളകളുടെ ആദായം 5 വർഷത്തേക്കു കുടുംബങ്ങൾക്ക് ഉപയോഗിക്കാം എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. സ്വന്തമായി 15 ഏക്കർ ഭൂമിയിൽ കൈവശരേഖ ഉണ്ടായിരുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. 135 ഏക്കറോളം ഭൂമി ഇവർ വിട്ടുനൽകി. പകരം ആദ്യ ഘട്ടമായി 42 ഹെക്ടർ ഭൂമിയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. കോൺക്രീറ്റ് വാർത്തതും ഓടുമേഞ്ഞതുമായ വീടുകളായിരുന്നു പലർക്കും ഊരിലുണ്ടായിരുന്നത്. വൈദ്യുതിയും െവള്ളവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നു. പുതിയ ഭൂമിയിൽ ഇവയെല്ലാം അതിവേഗം ഒരുക്കി നൽകുമെന്നു റവന്യു, വനം വകുപ്പുകൾ വാഗ്ദാനം ചെയ്തു. 5 മാസം മുൻപ് 47 കുടുംബങ്ങൾ വീടുവിട്ടിറങ്ങി.
ചതിയുടെ കഥ
ഉന്നതിയിലെ വീടുകൾ ഒഴിയുന്നതു വരെ സഹായങ്ങളുമായി ഒപ്പം നിൽക്കുകയും മാരാംകോടിൽ പുനരധിവാസ ഭൂമിയിൽ കുറ്റിയടിച്ചു നൽകുകയും ചെയ്ത വനംവകുപ്പ് അജ്ഞാത കാരണങ്ങളാൽ നിലപാടു മാറ്റി, പുനരധിവാസം താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഊര് വിട്ടിറങ്ങിയവർ പെരുവഴിയിലായത്. കശുമാവിൻതോപ്പിൽ വീടിനു ഭൂമി അളന്നു തിരിക്കാനെത്തിയ റവന്യു, സർവേ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയാണെന്നു കൂടി വനംവകുപ്പ് പറഞ്ഞതോടെ 18 കുഞ്ഞുങ്ങളടക്കം 105 മനുഷ്യർക്ക് ആരും തുണയില്ലാതായി.
ടാർപോളിൻ ഷെഡ്ഡിലാണ് ഇപ്പോൾ ഇവരുടെ ജീവിതം. ശുചിമുറിയോ വെള്ളമോ വൈദ്യുതിയോ ഇവിടെ ഇല്ല. പകൽ കൊടുംചൂടിൽ ഷീറ്റിനു കീഴിൽ ഇരിക്കാൻ പോലും പറ്റില്ല. മറയില്ലാത്ത കൂരകളിൽ രാത്രിയിൽ കൊടുംതണുപ്പിൽ ഉറങ്ങാനുമാകില്ല. ഓരോ കൂരയ്ക്കു മുന്നിലും രാത്രിയിലവർ തീകൂട്ടും. അതിനു ചുറ്റിനുമിരുന്നു നേരം വെളുപ്പിക്കും.
അരേക്കാപ്പുകാർക്കു സമാനമായി സംസ്ഥാനത്തു 4 ഉന്നതികളിലെ കുടുംബങ്ങളെ വിവിധ ഭാഗങ്ങളിലേക്കു വിജയകരമായി പുനരധിവസിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഇവരുടെ കാര്യത്തിൽ മാത്രം തടസ്സം തുടർന്നു. പ്രത്യേക അനുമതിയോടെ എത്രയുംവേഗം കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കാൻ തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ സർക്കാരിനു റിപ്പോർട്ട് നൽകിയെങ്കിലും വനംവകുപ്പിന്റെ എതിർപ്പും തടസ്സവും തുടരുന്നു. ഊരുമൂപ്പൻ സാബു പെരുമാൻ പറയുന്നു: ‘വലിയ സൗകര്യങ്ങളോ സഹായങ്ങളോ ഒന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. മനുഷ്യരാണെന്ന പരിഗണന നൽകണം. ഞങ്ങളോടു മനുഷ്യപ്പറ്റ് കാണിക്കണം.’
നാട്ടുകാരാണു പലപ്പോഴും ഇവിടെയുള്ളവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നത്. വിദ്യാർഥികൾ മുതൽ കൈക്കുഞ്ഞുങ്ങൾ വരെ 18 കുട്ടികളും രോഗബാധിതരായ ഒരുപറ്റം വയോധികരും ടാർപോളിൻ ഷീറ്റിനടിയിലെ ദുരിത ജീവിതം നയിക്കുന്ന മനുഷ്യർക്കിടയിലുണ്ട്. രാത്രിയിലെ തണുപ്പിൽ മാസങ്ങൾ നീണ്ട ജീവിതം ഇവരിൽ പലരുടെയും ആരോഗ്യം മോശമാക്കി. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രമെന്ന സന്നദ്ധ സംഘടന ഇവർക്കു വേണ്ടി നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞതോടെ പഴയ ഊര് ഏതാണ്ട് ഒരുമാസത്തിനുള്ളിൽ തന്നെ കാട്ടുമൃഗങ്ങൾ സ്വന്തമാക്കി. പല വീടുകളും ആനക്കൂട്ടം ഇടിച്ചു കളഞ്ഞു. കുരുമുളകും കാപ്പിയും പറിക്കാൻ മാസത്തിലൊരിക്കൽ ഇവിടേക്ക് ഇവർ പോകാറുണ്ട്. അപ്പോഴൊക്കെ അടച്ചുറപ്പും സൗകര്യങ്ങളുമുള്ള പഴയ വീടുകൾ കാണും, നെടുവീർപ്പിട്ടു മടങ്ങും. English Summary:
Tribal Resettlement Failure focuses on the plight of 47 tribal families in Kerala who were promised land and housing in exchange for vacating their ancestral land. After giving up their homes, the families were left to live in makeshift shelters, highlighting a failure in government promises and a violation of tribal rights. |
|