search

എസ്ഐആർ: അർഹർ പുറത്തായിക്കൂടാ

deltin33 Yesterday 11:47 views 780
  



സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കരട് വോട്ടർപട്ടികയിൽനിന്ന് ഒട്ടേറെപ്പേർ പുറത്തായെന്ന വിവരം വലിയ ആശങ്കയുണ്ടാക്കുന്നു. വോട്ടവകാശത്തിന് അർഹതയുള്ളവർക്ക് ആ അവകാശം നഷ്ടപ്പെടുന്നതു ജനാധിപത്യത്തിൽ നിഴൽ വീഴ്ത്തുമെന്നതിൽ സംശയമില്ല.  

സ്ഥലത്തില്ലാത്തവരും സ്ഥലംമാറിപ്പോയവരും മരിച്ചവരുമായ 24.08 ലക്ഷം പേരുടെ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ ബൂത്ത് അടിസ്ഥാനത്തിലാണു പ്രസിദ്ധീകരിച്ചത്. ഇതിലുള്ളവരെ മരിച്ചവർ, കണ്ടെത്താനാകാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെയാണ് കമ്മിഷൻ തരംതിരിച്ചത്. എന്നാൽ, ഓരോ ഇനത്തിലുമുള്ളവരുടെ ജില്ലാ, മണ്ഡല അടിസ്ഥാനത്തിലുള്ള എണ്ണമോ പേരോ പ്രസിദ്ധീകരിക്കാതെ വന്നതു ദുരൂഹതയ്ക്കു കാരണമായിരിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്തായവരിൽ 1.60 ലക്ഷം പേർ ഫോം വാങ്ങാൻ വിസമ്മതിച്ചവരോ വാങ്ങിയശേഷം മടക്കിനൽകാത്തവരോ ആണെന്നാണ് ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) വിശദീകരിച്ചത്.   

മൊത്തം വോട്ടർമാരുടെ 10 ശതമാനത്തോളം എസ്ഐആറിൽനിന്നു പുറത്തായി എന്നത് അതീവഗൗരവത്തോടെ കാണേണ്ട കാര്യംതന്നെയാണ്.  ജയിക്കുന്നവരും തോൽക്കുന്നവരും തമ്മിലുള്ള വോട്ടു വ്യത്യാസം കേരളത്തിൽ പലപ്പോഴും രണ്ടു ശതമാനത്തിൽ താഴെയാണെന്നത് കാണാതെപോകരുത്.   ഇരട്ടവോട്ടിന്റെ കാര്യത്തിൽ തർക്കമില്ലെങ്കിലും മരിച്ചുപോയവർ, കണ്ടെത്താൻ സാധിക്കാത്തവർ എന്നിവരുടെ എണ്ണമെടുത്തതിൽ ഗുരുതര പിഴവുകളുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആക്ഷേപം.   
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എസ്ഐആർ നടപടികൾക്കിടെ എന്യൂമറേഷൻ ഫോം നൽകാൻ ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ) ഒരു തരത്തിലും കണ്ടെത്താനാകാതെ ‘അപ്രത്യക്ഷരായ’ 6.5 ലക്ഷം വോട്ടർമാരുടെ കാര്യത്തിലുണ്ടായ സംശയത്തിന്റെ മറയും നീക്കിയേതീരൂ. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നൽകാനാകുന്നില്ല. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്ന 2.78 കോടി വോട്ടർമാരിൽ 2.3% വരുന്ന ഇവർ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്ന നിർണായകസംഖ്യയാണെന്നതു ശ്രദ്ധേയമാണ്.   

വോട്ട് ഉറപ്പാക്കാൻ വ്യക്തികൾക്കാണ് പ്രാഥമികമായ ഉത്തരവാദിത്തമെന്നിരിക്കെ ഓരോരുത്തരും അതു ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ചെറുപ്പക്കാരായ പലരും എസ്ഐആർ നടപടികളുടെ ഭാഗമായില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ 18 മുതൽ 30 വരെ വയസ്സുള്ള യുവസമൂഹത്തിൽ 40 ശതമാനത്തോളം പേർ ഇപ്പോഴും വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നാണ് അനുമാനം. നിലവിലെ വോട്ടർപട്ടികയിൽ 54 – 56 ലക്ഷം പേർ ഈ പ്രായക്കാരാണ്. നിർണായക പ്രാധാന്യമുള്ള യുവതയു‍ടെ പ്രാതിനിധ്യം പരമാവധി ഉറപ്പാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്ന് കൂടുതൽ ശ്രദ്ധയും വ്യാപകമായ നാടുണർത്തലും ഉണ്ടാവേണ്ടതായിരുന്നു. മറ്റിടങ്ങളിലേക്കു കേരളത്തിൽനിന്ന് ഏറെപ്പേർ കുടിയേറിയിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കരുത്.   

എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിൽ ചില ബിഎൽഒമാർ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതുമൂലം പലർക്കും ഫോം കിട്ടാതെ പോയിട്ടുണ്ടെന്നും ആരോപണമുണ്ട്. കരടുപട്ടികയിൽനിന്ന് ഏതെങ്കിലും കാരണത്താൽ അന്യായമായി പുറത്താക്കപ്പെട്ടെന്നു കണ്ടെത്തുന്നവർക്ക് പുതിയ വോട്ടറായി മാത്രമേ ഇനി പട്ടികയിൽ പേരു ചേർക്കാൻ സാധിക്കൂവെന്നതിൽ എന്തു ന്യായമാണുള്ളത്? മറ്റുള്ളവരുടെ വീഴ്ചയ്ക്ക് വോട്ടർമാർ എന്തു പിഴച്ചു? പട്ടികയിൽനിന്നു പുറത്തായത് വോട്ടറുടെ പിഴവുകൊണ്ടല്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വരുത്തിയ വീഴ്ച പരിഹരിക്കാൻ പുതിയ വോട്ടറായി അപേക്ഷ നൽകണമെന്നതു ന്യായമല്ലെന്നും സിഇഒയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയകക്ഷികൾ ചൂണ്ടിക്കാട്ടിയതു കമ്മിഷൻ ഗൗരവത്തോടെ പരിഗണിക്കുകതന്നെ വേണം.   

ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുപ്രക്രിയ നീതിയുക്തമാക്കാൻ വോട്ടർപട്ടികയിൽ കാലാനുസൃതമായ ശുദ്ധീകരണം വേണമെന്നതിൽ തർക്കമില്ല. അനർഹരെ ഒഴിവാക്കുന്നതിനും അർഹരായവർക്കു സ്ഥാനം ഉറപ്പുവരുത്തുന്നതിനും പട്ടികപരിഷ്‌കരണം കൂടിയേതീരൂ. അതു പക്ഷേ, സാങ്കേതികകാരണങ്ങളുടെയും ഔദ്യോഗിക നൂലാമാലകളുടെയും പേരിൽ ആരുടെയെങ്കിലും അർഹമായ വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയാകണംതാനും.

എസ്ഐആറിന്റെ ഭാഗമായി 2002ലെ വോട്ടർപട്ടികയിലെ വിവരങ്ങൾ നൽകാനാകാതെ പോയവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടിസ് ഒരാഴ്ച മുൻപ് നൽകാനുള്ള തീരുമാനം ആശ്വാസകരമാണ്. വോട്ടർപട്ടികയുടെ പവിത്രതയും സുതാര്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നിൽവച്ച്, സമഗ്ര വോട്ടർപട്ടിക പരിഷ്കരണമെന്ന ദൗത്യം പരാതിയില്ലാതെ ജനകീയമായി പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു കഴിയേണ്ടതുണ്ട്. വിലപ്പെട്ട സമ്മതിദാനാവകാശം നഷ്ടപ്പെടാതിരിക്കാൻ വേണ്ട ജാഗ്രത ഓരോ വോട്ടർക്കും ഉണ്ടാവണം. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ മേൽനോട്ടവും മാർഗനിർദേശവും അനിവാര്യമാണുതാനും. English Summary:
Voter List Revision in Kerala: The Mystery of 6.5 Lakh \“Disappeared\“ Voters in Kerala\“s SIR Process
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069