LHC0088 • 1 hour(s) ago • views 478
ഹരിപ്പാട് ∙ യുഡിഎഫ് ഭരണം തിരികെപ്പിടിച്ച വീയപുരത്ത് നിഷാ ജോജി പ്രസിഡന്റാകുമെന്ന് യുഡിഎഫ്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായ ഇവിടെ യുഡിഎഫിന്റെ ഈ വിഭാഗത്തിൽപെട്ട സ്ഥാനാർഥികൾ പരാജയപ്പെട്ടതിനാൽ, എൽഡിഎഫിന് ലഭിക്കുമെന്നായിരുന്നു പ്രചാരണം. പ്രസിഡന്റ് സ്ഥാനം ലക്ഷ്യം വച്ച് യുഡിഎഫ് രണ്ട് എസ്‌സി വനിതകളെ മത്സരരംഗത്ത് ഇറക്കിയെങ്കിലും രണ്ടുപേരും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് എൽഡിഎഫിൽ ജയിച്ച പട്ടികജാതി വനിത പഞ്ചായത്ത് പ്രസിഡന്റാകുമെന്ന ചർച്ച ബലപ്പെട്ടത്. എന്നാൽ 144 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 11–ാം വാർഡിൽ നിന്നു വിജയിച്ച നിഷാ ജോജി എസ്‌സി വിഭാഗത്തിൽപെട്ട വനിതയാണെന്ന വിവരം യുഡിഎഫ് നേതൃത്വം വൈകിയാണ് അറിഞ്ഞത്.
ഭർത്താവ് ജോജി ക്രിസ്തുമത വിശ്വാസിയായതിനാൽ നിഷയും ഈ വിഭാഗത്തിലാണെന്നാണ് കരുതിയിരുന്നത്. എന്നാൽ വിദ്യാഭ്യാസ രേഖകളിൽ ഉൾപ്പെടെ നിഷയും മാതാപിതാക്കളും പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് യുഡിഎഫ് നേതൃത്വം അറിഞ്ഞത്. ഇതോടെയാണ് ഇവരെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമോപദേശം തേടിയിരിക്കുകയാണ് യുഡിഎഫ്.
അതേസമയം പട്ടിക ജാതി സമുദായത്തിൽപെട്ടവർ മറ്റൊരു മതത്തിൽ ചേർന്നാൽ പട്ടിക ജാതി ആനുകൂല്യം ലഭിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ടെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. വീയപുരത്ത് ആകെയുള്ള 14 വാർഡിൽ 6 സീറ്റ് യുഡിഎഫിനും 5 സീറ്റ് എൽഡിഎഫിനും 3 സീറ്റ് ബിജെപിക്കും ലഭിച്ചിരുന്നു. യുഡിഎഫിൽ എസ്‌സി വനിത ഇല്ലെന്ന ധാരണയിൽ സിപിഎമ്മിലെ പി.ഓമന പ്രസിഡന്റാകുമെന്നായിരുന്നു പ്രചാരണം. English Summary:
Nisha Joji becomes Viyapuram panchayat president. UDF leadership discovered that Nisha Joji belongs to the Scheduled Caste (SC) category, making her eligible for the president position, which is reserved for SC women, after initially thinking otherwise. |
|