തൃപ്പൂണിത്തുറ ∙ ഇടതു കോട്ടയായിരുന്ന തൃപ്പൂണിത്തുറയിൽ താമരക്കൊടി പാറിച്ചു ബിജെപി. 53 വാർഡുകളുള്ള നഗരസഭയിൽ കേവലം ഒരു സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. 21 സീറ്റുകൾ നേടിയ ബിജെപി, സിറ്റിങ് ഭരണകക്ഷിയായ എൽഡിഎഫിനെ 20 സീറ്റുകളുമായി രണ്ടാമതാക്കി. അതേസമയം യുഡിഎഫ് 12 സീറ്റുകൾ നേടി തങ്ങളുടെ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 17 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 21 സീറ്റിലേക്ക് ഉയർന്നപ്പോൾ, 23 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് 3 സീറ്റുകൾ നഷ്ടപ്പെട്ട് 20ൽ ഒതുങ്ങുകയായിരുന്നു. ടൗൺ, തെക്കുംഭാഗം എന്നീ മേഖലകൾക്കു പുറമേ എരൂർ മേഖലയിലും ശക്തി തെളിയിക്കാൻ കഴിഞ്ഞതാണ് ബിജെപി 21 സീറ്റിലേക്കെത്താൻ കാരണമായത്. അതേസമയം എരൂർ, തിരുവാങ്കുളം മേഖലയിൽ നിന്നുള്ള 6 വീതം സീറ്റുകളാണ് യുഡിഎഫിനെ 12 സീറ്റ് നേടി നില മെച്ചപ്പെടുത്താൻ സഹായിച്ചത്. തെക്കുംഭാഗം, ഇരുമ്പനം, ടൗൺ, തിരുവാങ്കുളം മേഖലകളിലെ വിവിധ വാർഡുകളിൽ എൽഡിഎഫും വിജയിച്ചു.
ഇന്നുതന്നെ മണ്ഡലം കമ്മിറ്റി കൂടിയ ശേഷം ഭരണസമിതി രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ പറഞ്ഞു. എന്നാൽ, ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഈ നഗരസഭയുടെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇനി രാഷ്ട്രീയ നാടകം അരങ്ങേറാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 53 വാർഡുകളുള്ള നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകൾ വേണം. ബിജെപി 21 സീറ്റുകൾ നേടിയെങ്കിലും ഭരണം നേടാനുള്ള കേവല ഭൂരിപക്ഷമില്ല. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാൽ 32 സീറ്റുകളോടെ ഭരണം പിടിച്ചെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നു. എൽഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്ന് ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റുമോ അതോ യുഡിഎഫ് ആരെയും പിന്തുണയ്ക്കാതെ മാറി നിൽക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഭാവി തീരുമാനങ്ങൾ സംസ്ഥാന – ജില്ലാ നേതൃത്വങ്ങൾക്കു വിടുകയാണെന്നാണ് യുഡിഎഫ് ക്യാംപിൽ നിന്നുള്ള വിവരം. വോട്ടെണ്ണൽ കേന്ദ്രമായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂളിൽ നിന്നു 3 മുന്നണികളും സ്ഥാനാർഥികളുമായി ആഹ്ലാദ പ്രകടനം നടത്തി.
തൃപ്പൂണിത്തുറ ∙ നഗരസഭയിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നും അപകടകരമായ സാമുദായിക ധ്രുവീകരണമാണ് സംഭവിച്ചതെന്നും കെ. ബാബു എംഎൽഎ ആരോപിച്ചു. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള തൃപ്പൂണിത്തുറ പോലുള്ള സ്ഥലത്ത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. എൽഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്.
യുഡിഎഫിന് സീറ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്, എങ്കിലും അതിനെ വലിയ നേട്ടമായി കാണുന്നില്ല. ഈ ഗുരുതരമായ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പളം ∙ ഗ്രൂപ്പ് പോരും വിമത ശല്യവും സ്ഥാനാർഥി നിർണയ അലോസരങ്ങളും ഇല്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിട്ടതിന്റെ ഗുണം യുഡിഎഫിനു കിട്ടി. 19ൽ 15 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം നേടി യുഡിഎഫ് ഞെട്ടിച്ചു. ഭരണ വിരുദ്ധ വികാരമാണ് ആഞ്ഞടിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. 10 സീറ്റ് ഉണ്ടായിരുന്നു എൽഡിഎഫ് കേവലം 3 സീറ്റിലേക്ക് ഒതുങ്ങി. എൽഡിഎഫിന്റെ പ്രഗല്‌ഭരായ സ്ഥാനാർഥികൾ തറപറ്റി. നിലവിലെ സ്ഥിരസമിതി അധ്യക്ഷൻ ടി.ആർ.രാഹുൽ, പഞ്ചായത്ത് അംഗങ്ങളായ പി.എ.മാലിക്, കെ.പി.പ്രദീപ് എന്നിവരുടെ പരാജയം എടുത്തു പറയേണ്ടതാണ്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, സിപിഎം കുമ്പളം ലോക്കൽ സെക്രട്ടറി ആയിരുന്ന വി.കെ.വിനയൻ, പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മോനിഷ മധു എന്നിവരുടെ വിജയം സിപിഎമ്മിന് ആശ്വാസമായി.
പടലപ്പിണക്കത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കും സാരമായി കേടുപറ്റി. 2 സീറ്റ് ഉണ്ടായിരുന്ന എൻഡിഎ ഒരു സീറ്റിലേക്ക് ഒതുങ്ങി. നിലവിലെ പഞ്ചായത്ത് അംഗം സി.എസ്.സഞ്ജയ്കുമാർ മാത്രമാണ് വിജയിച്ചത്. 12 വാർഡുകളിൽ ട്വന്റി20 ശക്തമായ പ്രചാരണം നടത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. പോൾ ചെയ്ത 18,999 വോട്ടുകളിൽ 604 വോട്ടാണ് ട്വന്റി20യുടെ എല്ലാ സ്ഥാനാർഥികൾക്കുമായി ലഭിച്ചത്.
ഉദയംപേരൂർ ∙ രാഷ്ട്രീയപ്പോരാട്ടം കണ്ട ഉദയംപേരൂർ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചു. ആകെയുള്ള 23 സീറ്റുകളിൽ 13 എണ്ണം സ്വന്തമാക്കിയാണ് കോൺഗ്രസിന്റെ വിജയം. കഴിഞ്ഞ തവണത്തെ 11 സീറ്റുകളിൽ നിന്ന് 8 എണ്ണത്തിലേക്ക് എൽഡിഎഫ് താഴ്ന്നു. ഇടത് മുന്നണിയിൽ സിപിഎം 5 സീറ്റുകളും സിപിഐ 3 സീറ്റുകളുമാണ് ഇത്തവണ നേടിയത്. ശ്രദ്ധേയമായ മുന്നേറ്റം നടത്തി ബിജെപി ഒരു സീറ്റ് കരസ്ഥമാക്കി പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു. മണ്ഡലത്തിലെ ജനകീയ സാന്നിധ്യമായ എം.കെ. അനിൽകുമാർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 5 തവണയും വിജയിച്ച് കരുത്ത് തെളിയിച്ചു. പഞ്ചായത്തിലുള്ള 4 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും കോൺഗ്രസ് നേടി. ഉദയംപേരൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോൺഗ്രസ് വിജയം കരസ്ഥമാക്കി. വോട്ടെണ്ണൽ കേന്ദ്രമായ എസ്എൻഡിപി ഹൈസ്കൂളിൽ നിന്നു നടക്കാവ് വരെ കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം നടന്നു. വൈകിട്ട് വാഹനത്തിലുള്ള ആഹ്ലാദ പ്രകടനവും ഉണ്ടായിരുന്നു.
പെരുമ്പളം ∙ വേമ്പനാട് കായലിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളത്ത് എൽഡിഎഫിന് തകർപ്പൻ വിജയം. ആകെയുള്ള 14 സീറ്റുകളിൽ 11 എണ്ണവും തൂത്തുവാരിയാണ് എൽഡിഎഫ് ഭരണത്തുടർച്ച നേടിയത്. കഴിഞ്ഞ തവണ 9 സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണി ഇത്തവണ 11 ലേക്ക് കുതിച്ചു.
വിജയിച്ചവരിൽ 9 പേർ സിപിഎം അംഗങ്ങളും 2 പേർ സിപിഐ അംഗങ്ങളുമാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 3 സീറ്റുണ്ടായിരുന്ന പാർട്ടി ഇത്തവണ ഒന്നിലേക്ക് ചുരുങ്ങി. അതേസമയം, ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 2 സീറ്റുകൾ നേടി പഞ്ചായത്തിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു. മികച്ച വിജയം നേടിയ എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇന്നലെ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. English Summary:
Kerala Local Body Election Results analysis highlights BJP\“s victory in Thrippunithura and UDF\“s success in Kumbalam and Udayamperoor panchayats. The election outcomes reflect shifts in political dynamics and community sentiments across various regions. |
|