search

തകർത്തത് ഇടതിന്റെ 4 പതിറ്റാണ്ടിന്റെ കുത്തക: തിരുവനന്തപുരം കോർപറേഷനിൽ താമരക്കാലം

cy520520 Yesterday 11:38 views 995
  



തിരുവനന്തപുരം ∙ തുടർച്ചയായി 4 പതിറ്റാണ്ടു ഭരിച്ച ഇടതു മുന്നണിയെ വേരോടെ പിഴുത് തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കു തകർപ്പൻ വിജയം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കോർപറേഷന്റെ ഭരണംപിടിച്ച ബിജെപി, തലസ്ഥാന ജില്ലയിൽ തങ്ങളുടെ കരുത്തും സാന്നിധ്യവും അരക്കിട്ടുറപ്പിച്ചിരിക്കുന്നു. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ഏതാനും സീറ്റുകൾ പിടിക്കാമെന്ന പാർട്ടിയുടെ പ്രതീക്ഷയ്ക്ക് കരുത്തുപകരുന്ന വിജയമാണിത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോർപറേഷനിലെ വിജയം ബിജെപിക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

മറ്റിടങ്ങളിലെ പരാജയത്തിന്റെ വേദന മറക്കാൻ സഹായിക്കുന്ന ഈ വിജയം കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തലയെടുപ്പ് ഉയർത്തി. ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തു വന്നത് കോർപറേഷനിലെ വിജയത്തിന് ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്നതിനു തെളിവാണ്. കഴിഞ്ഞതവണ നേടിയതിന്റെ പകുതിയോളം വാർഡുകളിലേക്ക് ഇടതു മുന്നണി ചുരുങ്ങിയപ്പോൾ യുഡിഎഫ് നില മെച്ചപ്പെടുത്തി. 101 അംഗ കൗൺസിലിൽ വിഴിഞ്ഞം ഒഴികെയുള്ള വാർഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തവണ നേടിയ 34 സീറ്റിൽ നിന്നാണ് ബിജെപി 50ലേക്കു കയറിയത്. 53 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് 29ൽ ഒതുങ്ങി. കഴിഞ്ഞ തവണ 10 സീറ്റ് നേടിയ യുഡിഎഫ് ഇക്കുറി 19ലെത്തി.   

ബിജെപി തന്ത്രത്തിന് വിജയം
കൈവശമുള്ള വാർഡുകൾ നിലനിർത്തുന്നതിനൊപ്പം ഇടതു പാർട്ടികൾ കുത്തകയാക്കിയിട്ടുള്ള വാർഡുകളിൽ കടന്നുകയറിയാൽ സീറ്റുകളുടെ എണ്ണം ഉയർത്താമെന്ന തന്ത്രമാണ് ബിജെപി പയറ്റിയത്. അമ്പലത്തറ, നെടുങ്കാട്, വാഴോട്ടുകോണം, ശ്രീകാര്യം, കടകംപള്ളി ഉൾപ്പെടെ 9 വാർഡുകൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനായതു ബിജെപിക്കു നേട്ടമായി. തലസ്ഥാന ജില്ലയിലെ വോട്ടർമാർക്കിടയിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടെന്ന ബോധ്യത്തിൽ, അതു വോട്ടാക്കി മാറ്റാൻ ചിട്ടയായ പ്രവർത്തനമാണു ബിജെപി നടത്തിയത്. കഴിഞ്ഞ 2 തവണയും രണ്ടാം സ്ഥാനത്തെത്തിയ തങ്ങൾ തന്നെയാണ് കോർപറേഷനിൽ എൽഡിഎഫിനു ബദൽ എന്ന മുദ്രാവാക്യം പ്രചാരണത്തിലുടനീളം അവർ ഉയർത്തി.

കോർപറേഷൻ ഭരണസമിതിയുടെ അഴിമതിയാരോപണങ്ങളിൽ നടത്തിയ ഫലപ്രദമായ ഇടപെടലുകൾ പാർട്ടിയുടെ സ്വീകാര്യത വർധിപ്പിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ തന്റെ ഏറ്റവും വലിയ ദൗത്യമായി ഏറ്റെടുത്തതും തിരുവനന്തപുരത്തെ വിജയമായിരുന്നു. അതിനായി പാർട്ടി സന്നാഹങ്ങളുടെ വലിയൊരു ഭാഗം കോർപറേഷനിൽ കേന്ദ്രീകരിച്ചു. 2010 – 2015 കാലഘട്ടത്തിൽ 6 കൗൺസിലർമാരുണ്ടായിരുന്ന ബിജെപി തൊട്ടടുത്ത തിരഞ്ഞെടുപ്പു മുതലാണ് കുതിപ്പ് തുടങ്ങിയത്. 2015 ലെ തിരഞ്ഞെടുപ്പിൽ അംഗബലം 36 ആക്കി വർധിപ്പിച്ചു. 2020ൽ കുതിപ്പ് നിലനിർത്തിയെങ്കിലും ഉപതിരഞ്ഞെടുപ്പിൽ ഒരു വാർഡ് കൈവിട്ടു പോയി

വലിയ പതനംകണ്ട് എൽഡിഎഫ്
തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിൽ എൽഡിഎഫിന്റെ ഏറ്റവും വലിയ പതനമാണിത്. ഭരണവിരുദ്ധ വികാരം കോർപറേഷനിലും വ്യക്തമായി പ്രതിഫലിച്ചപ്പോൾ എൽഡിഎഫ് കടപുഴകി. മേയർ ആര്യാ രാജേന്ദ്രന്റെ ഭരണത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്കായി ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണു സിപിഎം തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. എന്നാൽ, അതേ ഭരണസമിതിയുടെ നേർക്കുയർന്ന അഴിമതിയാരോപണങ്ങൾ എതിരാളികൾ ചർച്ചയാക്കിയതോടെ, എൽഡിഎഫിനു പകരം ആര് എന്ന ചിന്തയിലേക്ക് ജനം നീങ്ങി.

അഴിമതിയാരോപണം ഉയർന്നപ്പോഴെല്ലാം ഭരണസമിതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് നേതൃത്വം മുൻപ് സ്വീകരിച്ചത്. സ്ഥാനാർഥി നിർണയത്തിലും മുൻപില്ലാത്തവിധം അപസ്വരങ്ങളുണ്ടായി. വിമതശല്യം പരിഹരിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനു മുൻപുയർന്ന ഇരട്ടവോട്ട് വിവാദവും മുന്നണിയെ തിരിഞ്ഞുകൊത്തി. മത്സരിച്ച 4 ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 2 പേർ പരാജയപ്പെട്ടു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വാർഡുകളിൽ സിപിഎം– ബിജെപി ഡീൽ ആരോപണമുയർന്നതും തിരിച്ചടിയായി.71 വാർഡിൽ മത്സരിച്ച സിപിഎമ്മിന് കിട്ടിയത് 26 എണ്ണം മാത്രം. 17 ഇടത്ത് മത്സരിച്ച സിപിഐ 3 സീറ്റിലൊതുങ്ങി. ഘടക കക്ഷികൾക്ക് വിജയിക്കാനായില്ല.  

ആത്മവിശ്വാസമുയർത്തി യുഡിഎഫ്
ചിട്ടയായ പ്രവർത്തനവും ഒരുക്കവും നടത്തിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിലേക്ക് യുഡിഎഫ് ഇറങ്ങിയത്. എതിരാളികളെ മലർത്തിയടിക്കാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് ഏതാണ്ട് ഇരട്ടിയോളം സീറ്റ് നേടിയത് മുന്നണിയുടെ ആത്മവിശ്വാസമുയർത്തും. തലസ്ഥാന ജില്ലയിൽ സംഘടനാതലത്തിൽ പോരായ്മകളേറെയുള്ള കോൺഗ്രസ് അതു മറികടക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. അതിന്റെ ഭാഗമായി കെ.മുരളീധരനെ കോർപറേഷൻ പോരാട്ടത്തിന്റെ മേൽനോട്ടമേൽപിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ പാർട്ടിയുടെ ഒരുക്കങ്ങൾക്കു ചുക്കാൻ പിടിച്ചു.

ഏറ്റവുമാദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ കോൺഗ്രസ്, പ്രചാരണത്തിൽ എതിരാളികളേക്കാൾ മുന്നിൽക്കയറി. കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്.ശബരീനാഥനെ സ്ഥാനാർഥിയാക്കിയതു വഴി തിരഞ്ഞെടുപ്പിൽ രണ്ടുംകൽപിച്ചുള്ള പോരാട്ടത്തിനാണ് കച്ചമുറുക്കുന്നതെന്ന സന്ദേശം കോൺഗ്രസിനു നൽകാൻ സാധിച്ചു. കോർപറേഷനിലുടനീളം വാഹനപ്രചാരണ യാത്ര നടത്തിയ മുരളീധരൻ മറ്റു നേതാക്കൾക്കൊപ്പം ബൂത്ത്തലത്തിൽ പ്രചാരണത്തിനിറങ്ങി. കോൺഗ്രസ് നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പേര് മുട്ടട വാർഡിലെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടാൻ സിപിഎം നടത്തിയ ശ്രമവും തുടർന്നുള്ള കോടതിയുടെ ഇടപെടലുകളും വോട്ടർമാർക്കിടയിൽ ചർച്ചയായതും പാർട്ടിക്കു ഗുണംചെയ്തു.  English Summary:
Thiruvananthapuram Corporation election witnessed a significant shift as BJP secured a major victory. This outcome highlights a change in political dynamics, signaling potential shifts in Kerala\“s political landscape. The results showcase a notable achievement for the BJP and reflect challenges faced by the LDF.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156564