തിരുവനന്തപുരം∙ പുതുതായി തദ്ദേശസ്ഥാപനങ്ങളിലേക്ക് അധികാരത്തിലെത്തുന്നവരെ തുടക്കത്തിൽതന്നെ കാത്തിരിക്കുന്നതു കടുത്ത ധനപ്രതിസന്ധി. നിലവിലെ വാർഡ് അംഗങ്ങൾക്ക് ഈ വർഷം കാര്യമായി ഫണ്ട് ചെലവാക്കാനായില്ല. ഇനി വരുന്നവർക്ക് അതിനുള്ള അവസരവും കുറവ്. സംസ്ഥാന സർക്കാരിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ തദ്ദേശസ്ഥാപനങ്ങൾക്കെല്ലാം കൂടി ചെലവാക്കാൻ കഴിഞ്ഞത് ബജറ്റിൽ നീക്കിവച്ച 9,215 കോടി രൂപയിൽ 2,578 കോടി രൂപ മാത്രം. അതായത് 27.98% മാത്രം. ബാക്കി ചെലവിടാനുള്ളതോ, 6,637 കോടി രൂപയും.
- Also Read യുഡിഎഫ് കലാശക്കൊട്ടിനിടയിലേക്ക് ലോറി; തടഞ്ഞിട്ടും നിർത്തിയില്ല, ചില്ലുകൾ തകർത്തു
8 മാസമായിട്ടും തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾ പലതും ആരംഭിക്കാൻ പോലുമാകാത്തതിനു കാരണം ട്രഷറി നിയന്ത്രണമടക്കമുള്ള സർക്കാർ നടപടികളാണ്. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ ഭരണസമിതി അധികാരത്തിലെത്തി പദ്ധതികൾ പൊടിതട്ടിയെടുക്കുമ്പോൾ ഇൗ മാസം കഴിയും. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാം. അതോടെ വീണ്ടും പെരുമാറ്റച്ചട്ടം നിലവിൽവരും. പുതിയ ഭരണസമിതികൾക്കു ഭരണപരിചയമില്ലെങ്കിൽ പദ്ധതികൾ വേഗം നടത്തിയെടുക്കുക ബുദ്ധിമുട്ടാകും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാകും ഇത്തവണയെന്നാണു സൂചന. English Summary:
Kerala Local Bodies Face Funding Crisis: Local body projects in Kerala are facing a severe fund crisis, with only 27.98% of the allocated budget spent so far. This poses challenges for new ward members and the implementation of development initiatives due to treasury controls and upcoming elections. |
|