ഒരു സിനിമയിലെ ഒറ്റ സീൻ കൊണ്ട് തിരിച്ചറിയപ്പെടുന്നതിന്റെ ത്രിൽ നീലേശ്വരംകാരി വിജിഷയ്ക്ക് നന്നായി അറിയാം. ‘അവിഹിതം’ എന്ന സിനിമയിലെ ക്ലൈമാക്സ് സീൻ ഒന്നുകൊണ്ടുമാത്രം വിജിഷയ്ക്ക് ലഭിച്ചത് കരിയറിൽ ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്ര പ്രശംസയും അംഗീകാരങ്ങളുമാണ്. ‘ആ അവിഹിതം എന്റെയായിരുന്നു’ എന്ന് ആരോടും അഭിമാനത്തോടെ പറയാവുന്ന രീതിയിലാണ് ആ സിനിമയിലെ കഥാപാത്രം സ്വീകരിക്കപ്പെട്ടതെന്ന് വിജിഷ പറയുന്നു. അവിഹിതത്തെ പിന്തുണയ്ക്കുന്ന സിനിമയും കഥാപാത്രവുമല്ലേ എന്ന് വിമർശിക്കുന്നവരോടും വിജിഷയ്ക്ക് മറുപടിയുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ ‘ഡമ്മി’യായി അഭിനയജീവിതം ആരംഭിച്ച് ഓഡിഷനുകൾ വഴി സിനിമയിലേക്ക് കാലെടുത്തുവച്ച വിജിഷ തന്റെ സിനിമായാത്ര മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
റിലീസോടെ മാറിയ വിഷമം
‘അവിഹിതം’ റിലീസ് ചെയ്യുന്നതിനു മുൻപ് ആരോടും പറഞ്ഞിരുന്നില്ല. കഥാപാത്രത്തിന്റെ സ്വഭാവം ആരോടും പറയാൻ പറ്റില്ലല്ലോ, അത് സർപ്രൈസ് അല്ലേ. ഇൻസ്റ്റഗ്രാമിലും ഒന്നും പോസ്റ്റ് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. പക്ഷേ സിനിമ റീലാസായ ശേഷം ഒരുപാട് പേര് മെസജ് അയച്ച് അഭിനന്ദിച്ചു. ‘അവിഹിതം’ സിനിമ കണ്ട് ആദ്യം മെസജ് അയക്കുന്നത് ‘മരണമാസ്’ സിനിമയുടെ സംവിധായകൻ ശിവപ്രസാദ് ആണ്. ചിത്രം ഒടിടിയിൽ റിലീസ് ആയതിന് പിന്നാലെ ‘ധീരൻ’ സിനിമയുടെ സംവിധായകൻ ദേവദത്ത് ഷാജി മെസജ് അയച്ചു. സിനിമ ഒടിടിയിൽ റിലീസായപ്പോഴാണ് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചത്. അതൊക്കെ കണ്ടപ്പോൾ സന്തോഷം തോന്നി. വിജിഷ
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
അവിഹിതത്തിലേക്ക് എത്തിയത് നിമിത്തം പോലെ
‘അവിഹിതം’ സിനിമയിലേക്ക് എത്തുന്നത് ഒരു നിമിത്തം പോലെയാണ്. എറണാകുളത്ത് ഒരു സുഹൃത്തിന്റെ കൂടെ ഒരു പ്രൊജക്ട് ചെയ്യുന്നതിനിടെയാണ് സിനിമയുടെ എ.ഡി ആയ നിഖിൽ എന്നെ വിളിക്കുന്നത്. എന്നിലേക്ക് എങ്ങനെയാണ് അവർ എത്തിയത് എന്നറിയില്ല. സെന്ന സാറിന്റെ മറ്റൊരു സിനിമയുടെ ഓഡിഷനിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അതിലൂടെയായിരിക്കണം എന്നെ കണ്ടെത്തിയത്. പ്രൊജക്ടിന്റെ നടുവിലൊക്കെ ആയതുകൊണ്ട് ആദ്യം പോകേണ്ടെന്ന് വിചാരിച്ചതാണ്. നാട്ടിൽ നിന്ന് എറണാകുളത്ത് എത്തിയ ഉടനെയാണ് ഓഡിഷന് വിളി വരുന്നത്. തിരിച്ച് പെട്ടെന്ന് നാട്ടിലേക്ക് പോകാനും മടി തോന്നി. പിന്നെ സുഹൃത്ത് നിർബന്ധിച്ചപ്പോൾ ചെയ്ത് നോക്കാം എന്ന് കരുതി ചെന്നതാണ്.
ഓഡിഷന് ചെയ്യിച്ചത് ക്ലൈമാക്സ് സീൻ
ഓഡിഷന് എത്തിയപ്പോൾ ക്ലൈമാക്സ് രംഗമാണ് എന്നോട് അഭിനയിക്കാൻ പറഞ്ഞത്. സന്ദർഭം വിവരിച്ചുതന്നു. സിനിമയിൽ എന്റെ ഭർത്താവായിരുന്ന അനീഷേട്ടനെ തന്നെയാണ് പെയർ ആയിട്ട് തന്നത്. ഡയലോഗ് എനിക്ക് ഇഷ്ടമുള്ളതു പോലെ പറയാമെന്ന് പറഞ്ഞു. ചെയ്ത് കഴിഞ്ഞപ്പോൾ അവർക്കൊക്കെ ഇഷ്ടമായി. അങ്ങനെയാണ് സിനിമയിലേക്ക് ഇൻ ആകുന്നത്.
കെട്ടിപ്പിടുത്തം ഓക്കെ ആണോ?
ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നോട് ചോദിച്ചു, കുറച്ച് കെട്ടിപ്പിടിത്തവും കാര്യങ്ങളുമൊക്കെ ഉണ്ടാകും, അത് ഓക്കെയാകുമോ എന്ന്. ചെയ്ത് നോക്കാമെന്ന് ഞാൻ പറഞ്ഞു. സീനിൽ അത് ശരിയാംവിധം കാണിക്കുകയൊന്നുമില്ല, ഷാഡോ മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്ന് പറഞ്ഞു. സെന്ന സാർ എന്റെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു. ഷാഡോ സീനുകളെപ്പറ്റി അദ്ദേഹം പറയുമ്പോൾ ശരിക്കും എനിക്കൊരു ടെൻഷൻ ഉണ്ടായിരുന്നു. സീനുകൾ എങ്ങനെയായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ടായിരുന്നു. മുൻപ് ഇങ്ങനെയൊന്നും ചെയ്തിട്ടില്ലല്ലോ. പിന്നെ ഒരു കലാകാരി എന്ന നിലയിൽ ആ ചാലഞ്ച് ഏറ്റെടുക്കാമെന്ന് ഉറപ്പിച്ചു. അവിഹിതം സിനിമയിൽ നിന്നും
അവിഹിതം എന്റെ ഏഴാമത്തെ സിനിമ
2023ൽ പുറത്തിറങ്ങിയ ‘കുണ്ഡലപുരാണം’ ആണ് ഞാൻ ആദ്യമായി അഭിനയിച്ച സിനിമ. അതിൽ ഉണ്ണിരാജയുടെ പെയർ ആയിട്ടാണ് അഭിനയിച്ചത്. ആദ്യം റിലീസ് ആകുന്നത് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമയാണ്. ‘ഒരു ജാതി ജാതകം’ ‘അൻപോടു കൺമണി’, ‘മരണമാസ്’, ‘ഹത്തനെ ഉദയ’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു.
അവിഹിതം തന്ന ബ്രേക്ക്
‘ഒരു ജാതി ജാതക’ത്തിൽ ഒരു സീനിൽ മാത്രമാണ് ഞാൻ അഭിനയിച്ചത്. ട്രെയിനിൽ നിന്നുള്ള ആ സീൻ സമൂഹമാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അതു കണ്ട് കുറച്ചുപേരൊക്കെ എന്നെ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പെർഫോം ചെയ്യാൻ ഒരു അവസരം ലഭിക്കുന്നത് ‘അവിഹിത’ത്തിലാണ്. ‘ഹത്തനെ ഉദയ’യിലും നല്ലൊരു വേഷം ചെയ്തെങ്കിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിയില്ല. അവിഹിതം ഒരുപാട് പേര് കണ്ടതുകൊണ്ട് ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുന്നു. പിന്നെ ആ സീനുകൾ ചെയ്തതിന്റെ പേരിൽ മോശം അഭിപ്രായങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരു മെസജുപോലും അത്തരത്തിൽ ഉണ്ടായിരുന്നില്ല. അതും എനിക്ക് വലിയൊരു സന്തോഷമായിരുന്നു.
ഷൂട്ട് തുടങ്ങിയത് ക്ലൈമാക്സ് സീനിൽ
സിനിമ തുടങ്ങിയത് ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടാണ്. സെന്ന സാർ ആളുകളോട് അധികം സംസാരിക്കുന്ന വ്യക്തിയല്ല. വൈകുന്നേരം നമ്മൾ സെറ്റിൽ എത്തി. രാത്രിയായപ്പോൾ റൈറ്റർ അംബരീഷ് എനിക്ക് ഡയലോഗ് തന്നു. അപ്പോൾ മുതൽ എനിക്ക് ടെൻഷൻ ആയി. അന്നേരം സെന്ന സാർ എന്നെ അടുത്ത് വിളിച്ച് സീൻ എന്താണെന്ന് പറഞ്ഞുതന്നു. ഷൂട്ടിന്റെ ആദ്യദിവസം കൂടെ അഭിനയിക്കുന്ന ആർക്കും അറിയില്ല ആരാണ് ഈ ക്യാരക്ടർ എന്നുള്ളത്. ഇത് ആരുടെ അവിഹിതമാണെന്ന് എനിക്ക് മാത്രമേ അറിയൂ. ഇവർ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കും, എന്നാലുമത് ആരായിരിക്കും? പടം കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലൂടെ പോയതും ഇതുപോലെ തന്നെയായിരിക്കുമല്ലോ. ഷൂട്ട് തുടങ്ങുന്ന സമയത്ത് സെന്ന സാർ എന്നെ എല്ലാവർക്കും എന്നെ ഇൻട്രൊഡ്യൂസ് ചെയ്ത് കൊടുത്തു. അവിഹിതം സിനിമയിൽ നിന്നും
സിനിമയിൽ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമാണ് ഇപ്പോൾ വിജിഷ ചെയ്യാൻ പോകുന്നത് എന്ന് സെന്ന സാർ എന്നോട് പറഞ്ഞിരുന്നു. ആ കഥാപാത്രത്തിന്റെ ഇമോഷൻ എനിക്ക് അതുപോലെ തന്നെ കിട്ടണം, എന്നാൽ ഓവർ ആവുകയും ചെയ്യരുത് എന്ന് പറഞ്ഞു. ഗീതയുടെ ഉള്ളിലുള്ള ഫ്രസ്ട്രേഷൻ എല്ലാവരെയും അറിയിക്കണം. അതായിരുന്നു എനിക്കുള്ള ചാലഞ്ച്. ഇതൊക്കെ കേട്ടപ്പോൾ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു.
പക്ഷെ എന്റെ ആദ്യ ടേക്കിൽ തന്നെ ആ സീൻ ഓക്കെ ആയി. സെന്ന സാറിന് പെർഫോമൻസ് ഭയങ്കരമായി ഇഷ്ടമായി. പക്ഷെ ക്യാമറയുടെ ടെക്നിക്കൽ പ്രശ്നം കാരണം ആ ഷോട്ട് ശരിയായി കിട്ടിയില്ല. ഇത്രയും നല്ല പെർഫോമൻസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ശ്രദ്ധിച്ചുകൂടെ എന്നൊക്കെ സെന്ന സാർ ടെക്നീഷ്യൻമാരോട് പറയുന്നത് കേട്ടു. പിന്നീട് എന്റെയടുത്ത് വന്ന് പറഞ്ഞു, നല്ല പെർഫോമൻസ് ആയിരുന്നു എനിക്ക് ഒന്നുകൂടി അത് തരണം എന്ന്. എനിക്ക് വീണ്ടും ടെൻഷനായി. എപ്പോഴും ചക്ക വീണ് മുയൽ ചാവില്ലല്ലോ എന്ന് ഞാൻ ഓർത്തു. പക്ഷെ എനിക്ക് അത് കൊടുക്കാൻ പറ്റി. രണ്ടാമത് ചെയ്യുമ്പോഴും ആ സീൻ ഞാൻ ഭംഗിയാക്കി. ബ്രില്യന്റ് പെർഫോമൻസ് ആയിരുന്നു എന്ന് സെന്ന സാർ മൈക്കിലൂടെ പറഞ്ഞു. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മൊമന്റ് ആണ് അത്. സീൻ കഴിഞ്ഞ് ആ സെറ്റിലുള്ള എല്ലാവരും വന്ന് എനിക്ക് ഷേക്ക് ഹാൻഡ് ഒക്കെ തന്നു. എല്ലാവരും അഭിനന്ദിച്ചു. എല്ലാവർക്കും ഫീലായി എന്ന് തോന്നുന്നു ആ സംഭവം.
കണക്ട് ചെയ്യാനായി എന്ന മെസജുകൾ
ക്ലൈമാക്സ് സീനിൽ ഞാൻ പറയുന്ന സീരിയലിന്റെ കാര്യം പലയിടത്തും ഞാൻ കമന്റായി കണ്ടിരുന്നു. ഒരു സീരിയൽ കാണാൻ സമ്മതിക്കാത്തതിന്റെ പേരിലാണോ അവൾ മറ്റൊരാളുടെ കൂടെ പോയതെന്ന് പലരും ചോദിക്കുന്നത് കണ്ടു. ഞാൻ മനസ്സിലാക്കുന്നത് അങ്ങനെയുള്ള ആൾക്കാർ നമ്മുടെ ചുറ്റും ഒരുപാടുണ്ടെന്നാണ്. ഭർത്താവിന്റെ കാൽക്കീഴിൽ എന്നപോലെ വീട്ടിൽ ഒതുങ്ങിക്കൂടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. ഗീതയുടെ ഇമോഷൻസ് എനിക്ക് കണക്ട് ആകുന്നുണ്ട് എന്ന് പറഞ്ഞ് എനിക്ക് ഒരുപാട് സ്ത്രീകളുടെ മെസജ് വന്നിട്ടുണ്ട്.
‘അവിഹിതം’ അവിഹിതത്തെ പിന്തുണയ്ക്കുന്ന സിനിമയല്ല
അവിഹിതത്തിന് പിന്തുണ നൽകുന്ന ചിത്രമാണിതെന്ന തരത്തിലും ചിലർ അഭിപ്രായപ്പെട്ടു കണ്ടു. സിനിമ ഒരിക്കലും അവിഹിതത്തെ പിന്തുണയ്ക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നാണ് സിനിമ പറയുന്നത്. നിങ്ങൾ ഇങ്ങനെ ചെയ്യൂ എന്ന് സിനിമ ഒരിടത്തും നിർദേശിക്കുന്നില്ല. നിങ്ങൾ അവിഹിതം എന്ന് വിളിക്കുന്ന പ്രവൃത്തിക്ക് പിന്നിൽ ഒരു കാരണമുണ്ടാകാം എന്ന സന്ദേശം സിനിമ നൽകുന്നുണ്ട്. നെഗറ്റീവ് റിവ്യൂ പറയുന്നവർ പോലും സിനിമയുടെ അവസാനം വരെ കാണുന്നത് ഇത് ആരാണെന്ന് അറിയാനാണ്. അവർക്ക് അത് പറയാനുള്ള അർഹതയുണ്ടോ എന്ന് എനിക്ക് അറിയില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള മനുഷ്യരുടെ ത്വരയാണ് ഈ സിനിമയിൽ കാണിക്കുന്നത്. അവിഹിതം സിനിമയിൽ നിന്നും
സിനിമയിൽ ‘ഡമ്മി’യായി തുടങ്ങിയ അഭിനയ ജീവിതം
അഭിനയം കുഞ്ഞുനാൾ മുതലുള്ള ആഗ്രഹമാണ്. ഒരു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന് നമുക്കൊക്കെ വെറുതെയെങ്കിലും തോന്നാറില്ലേ, അതുപോലെ. പക്ഷെ സിനിമയിൽ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. സിനിമ സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമാണ് എന്നൊരു സാഹചര്യത്തിലാണ് ജീവിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ നാടകങ്ങളിൽ അഭിനയിച്ചത് മാത്രമാണ് ആകെയുള്ള അനുഭവ സമ്പത്ത്.
നടൻ രാജേഷ് മാധവനുമായി ദീർഘകാലമായുള്ള സൗഹൃദമുണ്ട്. രാജേഷട്ടൻ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോഴൊക്കെയും ഞാൻ ഒഴിഞ്ഞുമാറുമായിരുന്നു. എനിക്ക് അതൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ല എന്ന തോന്നലായിരുന്നു എനിക്ക്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പ്രീ ഷൂട്ട് നടക്കുമ്പോൾ ഞാൻ എറണാകുളത്ത് ജോലി ചെയ്യുകയാണ്. കുഞ്ചാക്കോ ബോബനും ഗായത്രിയുമൊഴികെ ബാക്കി എല്ലാ അഭിനേതാക്കളെയും വച്ചാണ് മുഴുവൻ സീനുകളും പ്രീ ഷൂട്ട് ചെയ്തത്. കുഞ്ചാക്കോ ബോബന് പകരം രാജേഷ് മാധവനായിരുന്നു പ്രീ ഷൂട്ടിൽ. ഗായത്രിക്ക് പകരമുണ്ടായിരുന്ന കുട്ടിക്ക് അവസാന നിമിഷത്തിൽ പിന്മാറേണ്ടിവന്നു. അപ്പോൾ രാജേഷേട്ടൻ എന്നെ വിളിച്ചു. അയ്യോ പടത്തിൽ എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. നീ പടത്തിലില്ല, ഡമ്മി മാത്രമാണ് വന്ന് അഭിനയിച്ച് നോക്ക് എന്ന് രാജേഷേട്ടൻ പറഞ്ഞു. അങ്ങനെ ആ പടം മുഴുവൻ ഞാൻ അഭിനയിച്ചു. എനിക്കൊരു ആക്ടിങ് വർക്ക്ഷോപ്പ് പോലെയായിരുന്നു ആ സിനിമ. പ്രീ ഷൂട്ട് കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ അടക്കം എന്നെ അഭിനന്ദിച്ചു. സിനിമയിൽ ട്രൈ ചെയ്യണം എന്ന് പറഞ്ഞു. അതാണ് ഞാൻ സിനിമയിൽ ഒരു കൈ നോക്കാം എന്ന് കരുതി ഇറങ്ങാൻ കാരണം. അതിന് ശേഷമാണ് ഓഡിഷനുകളിൽ പങ്കെടുത്തു തുടങ്ങിയത്. ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഓഡിഷൻ വഴി ലഭിച്ചതാണ്.
അമ്മയുടെ സ്വപ്നം
എന്റെ അമ്മ ഭയങ്കര സിനിമ പ്രേമിയായിരുന്നു. അന്നത്തെ കാലത്തൊക്കെ മുടങ്ങാതെ തിയറ്ററിൽ പോയി സിനിമ കാണുന്നയാളായിരുന്നു. പണ്ട് സീരിയലിലെ കാസ്റ്റിങ് കോൾ കണ്ട് എന്നെ തൃശൂരിലേക്കൊക്കെ പറഞ്ഞുവിട്ടിട്ടുണ്ട്. അമ്മയിപ്പോൾ ഇല്ല. അമ്മയ്ക്ക് സിനിമയോടുള്ള ആ ഇഷ്ടം അതേപോലെ എനിക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. അമ്മ ആഗ്രഹിച്ച ഒരു നിലയിലേക്ക് ഞാൻ ഇപ്പോൾ എത്തുന്നതിന്റെ സന്തോഷം കൂടിയുണ്ട്.
അവസരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു
ടൊവീനോയുടെ ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷെ ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ട് അത് ചെയ്യാൻ കഴിഞ്ഞില്ല. അഭിനന്ദനം അറിയിച്ച സംവിധായകരെല്ലാം പുതിയ സിനിമ ചെയ്യുമ്പോൾ എന്നെ ഓർമിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഇതൊരു സ്ട്രഗ്ളിങ് സമയമാണ് എന്നാണ് കരുതുന്നത്. ത്രൂഔട്ട് വേഷങ്ങളൊന്നും വേണമെന്നില്ല, ഓപ്പറേഷൻ ജാവയിൽ ഉണ്ണി രാജ ചെയ്ത അഖിലേഷേട്ടനെ ഓർമയില്ലേ... അതുപോലെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ കിട്ടിയാലും സന്തോഷമാണ്. English Summary:
Actor Vijisha shares about how the breakthrough role in \“Avihitham\“ has significantly boosted her career. The climax scene of the movie has gained recognition and appreciation for her performance. This has led to increased opportunities and attention in the Malayalam film industry. |
|