വണ്ടൂർ ∙ വംശനാശ ഭീഷണി നേരിടുന്ന ‘ഓറിയന്റൽ വൈറ്റ് ഐബിസ്’ ദേശാടനപ്പക്ഷികൾ കാഴ്ചക്കാർക്കു കൗതുകമാകുന്നു. കൂരിക്കുണ്ട് ബൈപാസിൽ കളനിറഞ്ഞു കിടക്കുന്ന വെള്ളക്കെട്ടുള്ള നിലങ്ങളിലാണ് ഇവ കൂട്ടമായെത്തിയത്. വെള്ളത്തൂവലുകൾ നിറഞ്ഞ ശരീരവും കറുത്ത തലയും നീളമുള്ള കറുത്തകാലുകളുമുള്ള ഇനമാണ് എത്തിയിട്ടുള്ളത്. കൊക്ക് നീളമുള്ളതും അഗ്രം വളഞ്ഞതും കറുത്തനിറമുള്ളതുമാണ്. തലയ്ക്കു കറുത്തനിറം ഉള്ളതിനാൽ ഇതിനു കറുത്ത തലയൻ ഐബിസ് എന്നും പേരുണ്ട്.
ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ഇന്തൊനേഷ്യയിലും റഷ്യയിലും വരെ വ്യാപനശ്രേണിയുണ്ടെങ്കിലും ഇവയുടെ ആകെ എണ്ണം ഇരുപതിനായിരത്തിൽ താഴെയാണെന്നാണു പറയുന്നത്. ഐയുസിഎൻ ചുവന്ന പട്ടികയിൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ നാലിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നു. വർഷം തോറും എണ്ണം കുറയുകയാണ്.
ജപ്പാൻ, കൊറിയ, ലാവോസ്, മംഗോളിയ എന്നിവിടങ്ങളിലേക്കാണ് വൈറ്റ് ഐബിസിന്റെ ദേശാടനം. എത്തുന്ന രാജ്യങ്ങളിൽ അതിജീവനത്തിനു അനുകൂല സാഹചര്യമുണ്ടെങ്കിൽ തിരിച്ചുപോകാത്ത പ്രത്യേകതയുമുണ്ട്. നമ്മുടെ നാട്ടിലെത്തി ഏറെക്കാലം കൊക്കുകളോടും കാക്കകളോടുമൊപ്പം കൂടുകൂട്ടി താമസിക്കുന്ന വൈറ്റ് ഐബിസുകളുമുണ്ട്. തണ്ണീർത്തടങ്ങൾ, തീരപ്രദേശങ്ങൾ, പുൽമേടുകകൾ, കാടുമൂടിക്കിടക്കുന്ന കുളങ്ങളുടെ പരിസരങ്ങൾ, വണ്ടൂർ ബൈപാസിൽ കൂരിക്കുണ്ടു തോടിനു സമീപത്തെ വയലുകളിൽ കൂട്ടമായി എത്തിയ ഓറിയന്റൽ വൈറ്റ് ഐബിസ് ദേശാടനപക്ഷികൾ.
വെള്ളക്കെട്ടുകൾ എന്നിവയാണ് ആവാസ സ്ഥലം. പൂർണമായും വെള്ളത്തിൽ മുങ്ങാനും തലയും കൊക്കും വെള്ളത്തിൽ താഴ്ത്തി ഇരപിടിക്കാനും കഴിയും. മീൻ, തവള, ഒച്ച് തുടങ്ങിയവയെയെല്ലാം തിന്നും. 10 വർഷം വരെ ജീവിക്കും. വിറകും പുല്ലും ഈറ്റയുമൊക്കെ ഉപയോഗിച്ചു കൂടു കൂട്ടി 3 മുതൽ 5 വരെ മുട്ടകളിടും. 27 ദിവസം കൊണ്ടു വിരിയും. കൂട്ടത്തോടെ കഴിയുന്നവയാണ്. മറ്റു ജലപക്ഷികളുമായും കൂട്ടുകൂടും. നീളമുള്ള, വലുപ്പം തോന്നുന്ന പക്ഷികളാണെങ്കിലും തൂക്കം കുറവായതിനാൽ ശരവേഗത്തിൽ പറക്കാൻ കഴിയും. വേട്ടയാടൽ മുതൽ വനനശീകരണം വരെ ഇവയുടെ എണ്ണം കുറയാൻ കാരണമാകുന്നു.
English Summary:
Oriental White Ibis sightings are becoming increasingly rare due to habitat loss and hunting. The birds are currently classified as an endangered species according to IUCN red list. These migratory birds found in Vandoor, Kerala attract birdwatchers, highlighting the need for conservation efforts. |