search

നാമാകാം നമുക്ക്...

cy520520 12 hour(s) ago views 761
  



‘‘ഹേയ്, എങ്ങോട്ടു പോകുന്നു?’’

‘‘ഒന്നു നടക്കണം, പിന്നെ കുറച്ചിരിക്കണം’’

‘‘വെറുതെയോ?’’




‘‘ങ്ഹും അതേ. വെറുതെയിങ്ങനെ ഇരിക്കണം, കേട്ട്, കണ്ട്, ആസ്വദിച്ച്...’’

‘‘ഞാനും കൂടട്ടേ? അതോ ഒറ്റയ്ക്കു തന്നെ?’’

‘‘സത്യത്തിൽ ഞാനങ്ങനെയാണ്, ഒരു ഒറ്റ മരം. ചിലർ വരും, തണലിൽ ഇരിക്കും, കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും, കരയും. ’’

‘‘ആഹാ! ഒറ്റയാണു പോലും! ഇതൊക്കെ ഇഷ്ടമല്ലേ, അതല്ലേ ഇവിടെ വന്നത്?’’

‘‘എന്റെ കള്ളത്തരം കണ്ടുപിടിച്ചല്ലോ അതേ, ഇവിടെ എനിക്കൊന്നു പൂക്കണം.’’

‘‘എനിക്കും. ’’

  ഇതുംപറഞ്ഞ്് രണ്ടു പുസ്തകങ്ങളും ചിരിച്ചു. വിരൽ കൊരുത്ത് കായലരികുപറ്റി നടന്നു, ഹോർത്തൂസിലേക്ക്.

കടൽ കതകിൽ മുട്ടാതെ കയറി വരുന്നതു കൊച്ചിക്കായലിനു ഹരമാണ്; കായലൊന്നുതുള്ളും. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും കടലായി മനോരമ ഹോർത്തൂസ് അലയടിക്കുമ്പോൾ കതകു തുറന്നിടാൻ വേമ്പനാടിനോട് ആരും പറയേണ്ട; അത്ര തഴക്കമുണ്ട് കടലിനെ, ചരിത്രത്തെ, പുതുമകളെ വരവേറ്റ്. കേരളത്തിലെ ഏറ്റവും വലിയ കലാ, സാഹിത്യ, സാംസ്കാരിക ഉത്സവം ‘മനോരമ ഹോർത്തൂസ്’ കൊച്ചി സുഭാഷ് പാർക്കിൽ 27നു കൺതുറക്കും.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എഴുത്തും വായനയും പാട്ടും നൃത്തവും സിനിമയും രാഷ്ട്രീയവും ശാസ്ത്രവും സ്പോർട്സും വിനോദവും – അതെ, നമുക്കുള്ളിലും പുറത്തും ഉള്ളതെല്ലാം ആവേശത്തോടെ ഒരുമിക്കുന്ന നാലു നാളുകളാണു പിന്നാലെ.

17–ാം നൂറ്റാണ്ടിലെ പ്രശസ്തമായ ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിൽനിന്നു പേര് ഉൾക്കൊണ്ടതും ഈ വൈവിധ്യത്തെ ആഘോഷിക്കാൻ തന്നെ. ലാറ്റിൻ ഭാഷയിൽ ‘ഹോർത്തൂസ്’ എന്നാൽ ഉദ്യാനം. കലയും സാഹിത്യവും സംസ്കാരവും പൂക്കുന്ന നവ ഉദ്യാനം, മനോരമ ഹോർത്തൂസ്. സംവാദങ്ങളും ചർച്ചകളും തീക്ഷ്ണതയേറ്റുന്ന, ഭാവന തളിർക്കുകയും മാറ്റം തുടിക്കുകയും ചെയ്യുന്ന ഇടമാണിവിടം. ദേശീയ, രാജ്യാന്തര പ്രതിഭകളുടെ സംഗമവേദി.

വിവിധ മേഖലകളിൽ, വിഷയങ്ങളിൽ സ്വന്തം പേരുകൾ അടയാളപ്പെടുത്തിയ നാനൂറിലേറെ പ്രമുഖർ ചർച്ചകളിൽ നമുക്കു മുഖാമുഖമെത്തുന്നു. ചോദ്യങ്ങൾ ചോദിച്ചും തിരുത്തിയും തിരുത്തപ്പെട്ടും പുതിയ കാലത്തിന്റെ ഭാഗമാകാം ഈ സ്വതന്ത്ര സംവാദങ്ങളിലൂടെ.

ഞാനും നീയും അവരുമെന്ന കൽതിട്ടകളല്ല, നമ്മൾ നമ്മളായിത്തന്നെ നിൽക്കുകയും ഒരുമിച്ച് ഒഴുകുകയും ചെയ്യുന്ന പുഴ; വേമ്പനാട്ടുകായലിലേക്ക് ഈ 4 ദിനങ്ങളിൽ ഇടമുറിയാതെ അതൊഴുകട്ടെ.

  • Also Read കാർപാത്തിയൻ പുഷ്പനാഥ്   


ഞാൻ –നീ – നാം എന്ന ബഹുസ്വരതയുടെ, ഒരുമയുടെ, സന്ദേശമാണ് ഇക്കുറി ഹോർത്തൂസിന്റെ അടയാളവാക്യം. സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും പങ്കുവയ്ക്കലിന്റെയും ‌‌വിശാലതയിലേക്കു സ്വാഗതം. കടലുപ്പിനും കായൽ തെളിമയ്ക്കും പിണങ്ങാതെ, കലങ്ങാതെ ഒരു പൊഴിയിൽ ചേരാമെങ്കിൽ ശ്വാസത്തിലോ ചോരച്ചുവപ്പിലോ കുഞ്ഞുറുമ്പിന്റെ പോലും വ്യത്യാസമില്ലാത്ത നമുക്കാണോ പ്രയാസം?

വരൂ, നമുക്കൊരു പുഴയാകാം, കായലാകാം, കടലാകാം, ഒരു പൊഴിയാകാം.

വാക്കിന്റെയും വരവിന്റെയും കഥകളുമായി സ്പാനിഷ്

ഹോർത്തൂസിന്റെ ഇത്തവണത്തെ  ഫോക്കസ് ഭാഷ സ്പാനിഷ്

ഞാൻ–നീ–നാം എന്ന ചിന്തയുടെ തുടർച്ചയായി ഹോർത്തൂസ് ആഘോഷിക്കുന്നത് ഒരു രാജ്യത്തെയല്ല; ഭൂപടത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്കു പടരുന്ന ഭാഷയെയാണ്. മനുഷ്യർ എത്തുന്നിടത്തെല്ലാം ഒപ്പമെത്തുന്ന ഭാഷയെ.

സ്പാനിഷ് ആണ് ഇത്തവണത്തെ ഫോക്കസ് ഭാഷ. യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സംസാരിക്കുന്ന സ്പാനിഷിന് പറയാനേറെയുണ്ട്– അധിനിവേശങ്ങളുടെയും സാംസ്കാരിക വിനിമയങ്ങളുടെയും പുതിയ വാക്കുകളുടെ വരവിന്റെയും കഥകൾ.

സ്പാനിഷ് ഭാഷയെ പ്രതിനിധീകരിച്ച് ഹോർത്തൂസ് വേദിയിൽ എത്തുന്നത് ഇവരാണ്:

റോഡ്രിഗോ ബ്ലാങ്കോ കാൽദെറോൺ  (വെനസ്വേല)

സർവകലാശാലാ അധ്യാപകനും എഡിറ്ററും. സിംപതിയ എന്ന നോവൽ 2024ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിന്റെ ഫൈനലിൽ എത്തി. ദ് നൈറ്റ് ആണ് മറ്റൊരു പ്രധാന നോവൽ. ലോസ് ഇൻവെൻസിബ്ലെ ഉൾപ്പെടെ 5 കഥാസമാഹാരങ്ങൾ. പ്രശസ്തമായ ഒ.ഹെൻറി ഷോർട് സ്റ്റോറി പ്രൈസ് ഉൾപ്പെടെ വിവിധ രാജ്യാന്തര പുരസ്കാരങ്ങൾ

മിഷേൽ നീവ (അർജന്റീന)

ലാറ്റിനമേരിക്കൻ ചരിത്ര–സാഹിത്യ ഇഴകളും സയൻസ് ഫിക്‌ഷനും ഫാന്റസിയും ചേർന്നുള്ള ഗൗചോ–പങ്ക് ശൈലിയുടെ വക്താവ്. ഗ്രാന്റ മാഗസിൻ മികച്ച യുവ എഴുത്തുകാരനായി തിരഞ്ഞെടുത്തു. ഡെങ്കി ബോയ് എന്ന കൃതി ഒ.ഹെൻറി അവാർഡ് നേടി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ലാറ്റിനമേരിക്കൻ സാഹിത്യം പഠിപ്പിക്കുന്നു. ഒട്ടേറെ നോവലുകളും കവിതകളും പ്രബന്ധങ്ങളും എഴുതി. അടുത്തകൊല്ലം പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘ടെക്നോളജി ആൻഡ് ബാർബറിസം’ ഇപ്പോൾ തന്നെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. ‌

പിലാർ കിൻതാന (കൊളംബിയ)

പ്രമുഖ സാഹിത്യകാരിയായ ഇവരുടെ രചനകൾ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. വനിതാ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കൊളംബിയൻ വിമൻ റൈറ്റേഴ്സ് ലൈബ്രറിയുടെ മുഖ്യ എഡിറ്റർ. കിൻതാനയുടെ ലാ പെറ എന്ന നോവൽ ഡബ്ലിൻ ലിറ്റററി അവാർഡ് പട്ടികയിൽ ഉൾപ്പെട്ടു. പെൻ ട്രാൻസ്‍ലേറ്റ്സ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ. പ്രധാന കൃതികൾ: നോചെ നെഗ്ര, ലോസ് അബിസ്മോസ്.

അറിയാം, ആഫ്രിക്ക പുതുലോകം

ആഫ്രിക്കൻ ഫ്യൂച്ചറിസം ചർച്ച ചെയ്യാൻ  മാർവൽ കോമിക്സ് എഴുത്തുകാരി നെഡി ഓകോറഫോർ

ആഫ്രിക്കൻ ഫ്യൂച്ചറിസം എന്ന പുത്തൻ ആശയം അവതരിപ്പിച്ച പ്രമുഖ യുഎസ് എഴുത്തുകാരി നെഡി ഓകോറഫോർ ഹോർത്തൂസിൽ സംസാരിക്കുക എഴുത്തുലോകത്തിലെ കൊടിമാറ്റങ്ങളെക്കുറിച്ച്. യുഎസിൽ ജീവിക്കുന്ന നൈജീരിയൻ വംശജയായ അവർ ശ്രമിക്കുന്നത് ആഫ്രിക്കയുടെ നഷ്ടപ്രതാപത്തിന്റെ വീണ്ടെടുപ്പിനു കൂടിയാണ്.

‘നൈജാമേരിക്കൻ’ എന്നു സ്വയം വിളിക്കുന്നത് നൈജീരിയൻ വേരുകളിലാണു താൻ ഉയർന്നുനിൽക്കുന്നതെന്നു ബോധ്യപ്പെടുത്താനാണെന്ന് അവർ പറയുന്നു.

ആഫ്രിക്ക പശ്ചാത്തലമാക്കി നോവലുകളും സയൻസ് ഫിക്‌ഷനും നാടോടിക്കഥകളും ഫാന്റസിയുമെഴുതിയ നെഡിയെ ചെറുപ്പക്കാർക്കു കൂടുതൽ പരിചയം മാർവൽ കോമിക്സിന്റെ എഴുത്തുകാരിയായിട്ടാകും. ബ്ലാക്ക് പാന്തറിന്റെ ലോങ് ലിവ് ദ് കിങ്, വകൻഡ ഫോറെവെർ, ഷൂറി എന്നിവയ്ക്കു പുറമേ ലെ ഗാർഡിയ അടക്കമുള്ള കോമിക്സും രചിച്ചു. വേൾഡ് ഫാന്റസി അവാർഡ് നേടിയ നോവൽ ഹു ഫിയേഴ്സ് ഡെത് (2010), ഡെത് ഓഫ് ദ് ഓതർ (2025) തുടങ്ങി 20 പുസ്തകങ്ങളുടെയും രചയിതാവാണ്.

റോളോ റോമിഗ്

അസഹിഷ്ണുതകളുടെ കാലത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് ജേണലിസ്റ്റ് റോളോ റോമിഗ് ഹോർത്തൂസിൽ സംവദിക്കും.

ഇന്ത്യയുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ അടുത്ത സുഹൃത്താണു റോമിഗ്. ന്യൂയോർക്ക് ടൈംസ് മാഗസിനിൽ 10 വർഷത്തിലേറെയായി ഇന്ത്യയെക്കുറിച്ചാണ് എഴുത്തുകൾ. ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ചുള്ള ഐ ആം ഓൺ ദ് ഹിറ്റ് ലിസ്റ്റ് എന്ന പുസ്തകം പുലിറ്റ്സർ പ്രൈസ് ഫൈനൽ പട്ടികയിൽ എത്തി.

നടാഷ ബ്രൗൺ

അസംബ്ലി (2021) എന്ന ആദ്യ നോവലിലൂടെ പേരെടുത്ത ബ്രിട്ടിഷ് എഴുത്തുകാരി നടാഷ ബ്രൗണും ഹോർത്തൂസിലെത്തും. ആധുനിക ബ്രിട്ടനിലെ കോർപറേറ്റ് ജീവിതവും അസമത്വവും സ്വത്വ ചിന്തയുമാണ് ഇഷ്ട വിഷയങ്ങൾ. ബുക്കർ ആദ്യപട്ടികയിൽ ഉണ്ടായിരുന്ന യൂണിവേഴ്സാലിറ്റി (2025) ആണ് പുതിയ നോവൽ.

  കാത്തി മൊറാൻ

പ്രശസ്ത ഫോട്ടോ  എഡിറ്ററും നാഷനൽ ജ്യോഗ്രഫിക് മാഗസിൻ ഫൊട്ടോഗ്രഫി വിഭാഗം മുൻ ഡപ്യൂട്ടി ഡയറക്ടറുമായ കാത്തി മൊറാൻ നയിക്കുന്ന മാസ്റ്റർ ക്ലാസ് ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്ന എല്ലാവർക്കും പ്രയോജനകരമാകും.  നാച്വറൽ ഹിസ്റ്ററി പ്രോജക്ടുകളിൽ നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ ആദ്യത്തെ സീനിയർ എഡിറ്റർ കൂടിയാണവർ.

മനസ്സിലുള്ളത് ഇവിടെയുണ്ട്

ഹോർത്തൂസിൽ എന്തുണ്ട് കാണാനും കേൾക്കാനും അറിയാനും അനുഭവിക്കാനും

മലയാളത്തിലെ പ്രതിഭകളായ എഴുത്തുകാർക്കും ചിന്തകർക്കും സാംസ്കാരിക നായകർക്കുമൊപ്പം മറ്റു ഭാഷകളിലെ പ്രമുഖരും ഹോർത്തൂസിൽ എത്തുന്നുണ്ട്.

കഥയും കവിതയും നോവലും നാടകവും സിനിമയും പാട്ടും ആരോഗ്യവും ശാസ്ത്രവും മുതൽ ജെൻ സീയുടെ ചിന്തകൾ വരെ ഹോർത്തൂസിലുണ്ട്. ചവിട്ടുനാടകവും മോഡേൺ തിയറ്ററും കായൽ സമ്മേളനത്തിന്റെ ചരിത്രവും കൊച്ചി കുസീഞ്ഞയും തുടങ്ങി നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം ഇവിടെയുണ്ടാകും.

നിലപാടുതറ

ജീവിതവും രാഷ്ട്രീയവും നിലപാടും പറഞ്ഞ് വി.ഡി.സതീശൻ, എം.എ.ബേബി, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം‌‌, രാജീവ് ചന്ദ്രശേഖർ, രമേശ് ചെന്നിത്തല, ഇ.പി.ജയരാജൻ, പി.ജയരാജൻ, കെ.സുരേന്ദ്രൻ, ഷാഫി പറമ്പിൽ, ജോൺ ബ്രിട്ടാസ്, സി.പി.ജോൺ, സുരേഷ് കുറുപ്പ്, ജി.സുധാകരൻ തുടങ്ങിയവർ ഹോർത്തൂസ് നിലപാടുതറയിലെത്തുന്നു.

എൻ.കെ.പ്രേമചന്ദ്രൻ, പി.കെ.ബഷീർ, ഹൈബി ഈഡൻ, ഉമ തോമസ്, ചിന്ത ജെറോം, നവ്യ ഹരിദാസ്, നജ്മ തബ്ഷീറ, എ.എ.റഹീം, പി.എ.സഞ്ജീവ്, ആൻ സെബാസ്റ്റ്യൻ, എം.ടി.രമേശ്, എം.ലിജു തുടങ്ങിയവർ വിവിധ രാഷ്ട്രീയ സെഷനുകളിലെത്തുന്നു.

എന്റെ കഥ

സാഹിത്യോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഹ്യുമൻ ലൈബ്രറി തുറക്കുന്നു– എന്റെ കഥ; ദ് ഹോർത്തൂസ് ലിവിങ് ലൈബ്രറി. മനുഷ്യൻ പുസ്തകങ്ങളാകുകയാണ് ഇവിടെ. 27 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ 10 വരെ മനുഷ്യപുസ്തകപ്പുരയിൽ ജീവിതങ്ങളെ ‘വായിക്കാം’. മനുഷ്യർ മനുഷ്യരെ അറിയുന്ന തുറന്ന സംസാരത്തിന്റെ സ്വകാര്യ ഇടമാണിത്. മുൻവിധികളെ മാറ്റാൻ, തെറ്റിദ്ധാരണകളെ നീക്കാൻ, വഴിമാറിച്ചിന്തിപ്പിക്കാൻ ചിലപ്പോൾ ഈ സംസാരങ്ങൾക്കു കഴിഞ്ഞേക്കും.

ഏറ്റവും വലിയ പുസ്തകശാല

ദേശീയ, രാജ്യാന്തര ബെസ്റ്റ് സെല്ലറുകൾ അണിനിരക്കുന്ന, ആയിരക്കണക്കിനു പുസ്തകങ്ങളുള്ള ഹോർത്തൂസ് ലൈബ്രറി കാത്തിരിക്കുന്നു. പുതിയ പുസ്തകങ്ങൾ പ്രകാശിപ്പിക്കാനും അവസരമുണ്ട്.

ഹോർത്തൂസ് ബസാർ

തനതുൽപന്നങ്ങളും കരകൗശലവസ്തുക്കളുമായി കൗതുകമൊരുക്കും ഹോർത്തൂസ് ബസാർ.

ബെർലിനാലെ സ്പോട് ലൈറ്റ്

ലോകപ്രശസ്തമായ ബെർലിനാലെ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഹോർത്തൂസിനായി പ്രത്യേകം തിരഞ്ഞെടുത്ത 9 ഹ്രസ്വചിത്രങ്ങൾ ദിവസവും സുഭാഷ് പാർക്കിലെ ഹോർത്തൂസ് തിയറ്ററിൽ. അഭീഷ് ശശിധരന്റെ മീനച്ചിൽ ആർ എന്ന വേറിട്ട രംഗാവതരണവും കാണാം.

4 സുന്ദരസായാഹ്നങ്ങൾ

‘മമ്മൂട്ടിക്കാതൽ’ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഫ്രഞ്ച് നൃത്ത വിരുന്ന്, ഉബു റോയ് നാടകാവതരണം, ഇന്ത്യൻ ഓഷൻ ഫോക് ബാൻഡ്, യേശുദാസിന് ആദരമർപ്പിച്ച് പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ – ഹോർത്തൂസിലെ 4 സായാഹ്നങ്ങളും മനസ്സുനിറയ്ക്കും.

ഷെഫ് സ്റ്റുഡിയോ

ഭാവിയിലെ പാചകവും ഭക്ഷണവും എങ്ങനെയിരിക്കുമെന്നതിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് ലോട്ടസ് ക്ലബ്ബിൽ നടക്കുന്ന ഷെഫ് സ്റ്റുഡിയോ. പ്രാണിക്കൂട്ടങ്ങളെ കഴിക്കാനാകുമോ എന്നതു മുതൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പറ്റുന്ന ഭക്ഷ്യവസ്തുക്കളേതാണെന്നു വരെ ഷെഫ് സ്റ്റുഡിയോയിൽ ‘രുചിയോടെ’ അറിയാം.

ചിൽഡ്രൻസ് പവിലിയൻ

കളിയും കഥയും കവിതയും വരയും ചിരിയും പാട്ടുമായി ഹോർത്തൂസിൽ ചിൽഡ്രൻസ് പവിലിയൻ. നാടകവും പെയിന്റിങ്ങും ബോർഡ് ഗെയിമും പാർക്ക് ചുറ്റിക്കറങ്ങിയുള്ള മാപ് ദ് വൈൽഡ് ഭക്ഷണനടത്തവും വാഴപ്പഴങ്ങൾ രുചിക്കുന്ന ബനാന ടേസ്റ്റിങ്ങും എല്ലാം ഇവിടെയുണ്ട്. ഒപ്പം, സുഭാഷ് പാർക്കിലെ മരവും ചെടിയും നോക്കി വരയ്ക്കുന്ന നേച്ചർ ജേണലിങ്ങും.

റിഫ്ലക്‌ഷൻ സർക്കിൾ

ഉള്ളിലേറ്റ മുറിവുകളെ ഉണക്കാനും സ്വയം കണ്ടെത്താനും സഹായിക്കുന്ന സെൽഫ് ഹീലിങ് ശിൽപശാല.

അഭിനയശിൽപശാല

നടൻ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാലയിൽ പുതിയ നാടകാവതരണങ്ങളുടെ അ‌കമറിയാം. അഭിനയത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലാം.

വിഡിയോ ഗെയിം റൈറ്റിങ്

ഒരു കഥയെ വിഡിയോ ഗെയിമിലേക്ക് എങ്ങനെ മാറ്റാമെന്നറിയാൻ, നന്നായി കഥ പറയാൻ പഠിക്കാനാണ് ഈ ശിൽപശാല.

സ്റ്റാൻഡപ് കോമഡി

സമകാലിക സമൂഹക്കാഴ്ചകളെ ചിരിയിലൂടെ കാണികളിലേക്കെത്തിക്കുന്ന സ്റ്റാൻഡപ് കോമഡി എല്ലാ ദിവസവുമുണ്ട്. വേദിയിലെത്തുന്നത് നിവേദിത പ്രകാശം, തരംഗ് ഹാർദികർ, അസീം ബനാത്‌വാല, ഷമിക് ചക്രബർത്തി.

ആശാന്റെ സീത അരങ്ങിൽ

കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ പ്രശസ്ത മോഹിനിയാട്ടം നർത്തകി ദീപ്തി ഓംചേരി ഭല്ല 30ന് അവതരിപ്പിക്കും.

മലയാളത്തിന്റെ ചിരിവഴി

137 വർഷം മലയാള മനോരമ സഞ്ചരിച്ച  വഴികൾ, കഥകൾ, കാർട്ടൂണുകൾ ഇതാ കൺമുന്നിൽ.

സൗജന്യ റജിസ്ട്രേഷൻ

സൗജന്യ ഹോർത്തൂസ് റജിസ്ട്രേഷനിലൂടെ എല്ലാ സെഷനിലും പങ്കെടുക്കാം. ഒപ്പം, ചിൽഡ്രൻസ് പവിലിയൻ, സിനിമാ പ്രദർശനം, ഫോട്ടോ എക്സിബിഷൻ, എംബ്രോയ്ഡറി, നേച്ചർ ജേണലിങ്, ഗ്രാഫിക് നരേറ്റീവ് ശിൽപശാലകൾ, ഹോർത്തൂസ് ബസാർ, മീനച്ചിൽ ആർ നാടകാവതരണം, വിവിധ സ്റ്റാളുകളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം സൗജന്യമാണ്.

റജിസ്ട്രേഷൻ വിവരങ്ങൾ കവാടത്തിൽ കാണിച്ചാൽ മതിയാകും. നേരത്തേ റജിസ്റ്റർ ചെയ്യാതെ ഹോർത്തൂസിലേക്കു വരാൻ പറ്റില്ലേ എന്നാണോ ചോദ്യം, തീർച്ചയായും വരാം. കാണികളുടെ എണ്ണവും തിരക്കും അറിയാനും സൗകര്യങ്ങൾ ഏർപ്പെടുത്താനുമായാണു റജിസ്ട്രേഷൻ.

പ്രീമിയം മെംബർ

ഒട്ടേറെ പ്രത്യേക സേവനങ്ങൾ ലഭ്യമാകുന്ന പ്രീമിയം മെംബർഷിപ് (1000 രൂപ)‌ എടുക്കാനും അവസരമുണ്ട്. ഫീസടച്ചുള്ള 3 പരിപാടികളിലേക്കുള്ള സൗജന്യ പ്രവേശനം പ്രീമിയത്തിനൊപ്പം നേടാം. വിനോദ പരിപാടികളോ ഇഷ്ടമുള്ള ശിൽപശാലകളോ ഇതിനായി തിരഞ്ഞെടുക്കാം. മനോരമ ബുക്ക് ക്ലബ് അംഗത്വം, വേദികളിൽ ആദ്യനിരയിൽ സീറ്റ്, ലിമിറ്റഡ് എഡിഷൻ ബാഗ്, മനോരമ മാക്സ് സബ്സ്ക്രിപ്ഷൻ തുടങ്ങിയവ പ്രീമിയം അംഗങ്ങൾക്കുണ്ട്.

റജിസ്ട്രേഷന് വെബ്സൈറ്റ് :www.manoramahortus.com

ഐന്തിണകൾ 5 ഭൂമികകൾ 5 വേദികൾ

തിണകൾക്ക് ആദരമായി വേദികളുടെ പേരുകൾ

പണ്ടുപണ്ട്, നമ്മൾ ഇന്നത്തെ കേരളമായി മാറുന്നതിനു മുൻപുള്ള കാലം. നാം ഉൾപ്പെട്ട ദ്രാവിഡദേശത്തെ അഞ്ചു തിണകളായി (പ്രദേശങ്ങൾ)  തരംതിരിച്ചിരുന്നു. ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട തിണകൾക്ക് ആദരമർപ്പിച്ചാണ് ആ പേരുകൾ ഹോർത്തൂസിലെ 5 വേദികൾക്കായി കടംകൊണ്ടത്. ഹോർത്തൂസ് മലബാറിക്കൂസിൽ പറയുന്ന ചെടികളും ഈ തിണകളിൽ നിന്നുതന്നെ. സംഘകാലകൃതികളിൽ നിറഞ്ഞു നിൽക്കുന്ന ഐന്തിണകളെ (5 തിണകൾ) അറിയാം.  

കുറിഞ്ചി: ‍വേദി 1, രാജേന്ദ്രമൈതാനം

കുറിഞ്ചി എന്നാൽ മല. മലകളും വലിയ കുന്നുകളും താഴ്‌വരകളും മരങ്ങളും ചെടികളും നിറഞ്ഞ തിണ. മഞ്ഞും തണുപ്പുമുണ്ടാകുന്ന, വെള്ളച്ചാട്ടങ്ങളും കാട്ടുപൂക്കളുമുള്ള ഇടം. കുറിഞ്ഞി ഇനത്തിലെ പൂവുകൾ ധാരാളം.  

മുല്ലൈ: വേദി 2, സുഭാഷ് പാർക്ക്

മുല്ലൈത്തിണ കാടും മേടും തോപ്പും മഴയുമുള്ള പ്രദേശം. മുല്ലൈ എന്നാൽ കാട്. മുല്ലപ്പൂക്കളും കരിമ്പും നിറയെ.  

മരുതം: വേദി 3, സുഭാഷ് പാർക്ക്

ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങളാണിത്. ഫലഭൂയിഷ്ടമായ നദീതടങ്ങളും പുഴകളും കൃഷിയിടങ്ങളും ജലസേചന സൗകര്യങ്ങളും ധാരാളം. നെല്ലും താമരയും ആമ്പലും  മരുതത്തിന്റെ സ്വത്ത്.  

നെയ്തൽ: വേദി 4, സുഭാഷ് പാർക്ക്

നെയ്തൽ എന്നാൽ സമുദ്രം എന്നാണ് അർഥം. കടൽത്തീരവും ലഗൂണുകളും ഉപ്പുകാറ്റും തിരകളും മുഖമുദ്രയാക്കിയ പ്രദേശം. മീൻപിടിത്തവും തുറമുഖവ്യാപാരവും പണ്ടകശാലകളും കൊണ്ടു സമ്പന്നം.  

പാലൈ: വേദി 5, സുഭാഷ് പാർക്ക്

വരണ്ട ദേശം. തരിശുഭൂമി. മുള്ളൻ ചെടികളുണ്ട്. കുരട്ടുപാല, കൊടിപ്പാല, ഉലക്കപ്പാല, ഏഴിലം പാല തുടങ്ങിയ പാലമരങ്ങൾ.  പാലൈ ഒരു പ്രത്യേക സ്ഥലമായി വേർതിരിച്ചിടുന്നില്ല. മറ്റു 4 മേഖലകളിലും ഇത്തരം വരണ്ട പാലൈ പ്രദേശങ്ങൾ കാണാം.

ഇവയ്ക്കു പുറമെ, നിലപാടുതറ, കബനി എന്നീ വേദികളും ചിൽഡ്രൻസ് പവിലിയൻ ഉൾപ്പെടെ വിവിധ പവിലിയനുകളുമുണ്ട്.   English Summary:
Manorama Hortus Kochi: Kerala\“s Largest Art, Literary & Cultural Festival Kicks Off: Manorama Hortus is a vibrant cultural festival that celebrates art, literature, and cultural exchange. It brings together national and international talents for discussions and performances, promoting unity and shared experiences.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156436