ബത്തേരി∙ ഹൈവേ കൊള്ളയിൽ ഉൾപ്പട്ടവരെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം സംഘം വലവിരിച്ചത് 4 സംഘങ്ങളായി തിരിഞ്ഞ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ രാജൻ, സുബീഷ്, സുഹാസ് എന്നിവരെ വലയിലാക്കാൻ പൊലീസിനു കഴിഞ്ഞു. സുഹാസ് ചാടിപ്പോയെങ്കിലും ഒരു ദിവസം തികയും മുൻപ് വീണ്ടും പിടികൂടി. പിടിയിലായവരിൽ നിഷാന്ത് കൊലപാതകമടക്കം 30 കേസുകളിൽ പ്രതിയാണ്.
സുബീഷ് ഒഴികെ ബാക്കിയെല്ലാവർക്കും വിവിധ സ്റ്റേഷനുകളിലായി കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹാസ് 2018ൽ തിരുനെല്ലിയിൽ രാത്രിയിൽ ബസ് തടഞ്ഞു നിർത്തി 2.5 കോടി രൂപ കവർന്ന കേസിലും സതീഷ് 2 കിലോ കഞ്ചാവ് കൈവശം വച്ച കേസിലും പ്രതിയാണ്. പ്രതികൾ ഉപയോഗിച്ച 2 കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾക്ക് ജയിലിൽ വച്ചുള്ള പരിചയം
പ്രതികൾക്ക് പലപ്പോഴും ജയിലിൽ കിടന്നപ്പോഴുള്ള പരിചയമാണുള്ളത്. മുഖ്യ സൂത്രധാരന്റെ നിർദേശ പ്രകാരം ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന കാർ ആക്രമിച്ച് അതിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും അപഹരിക്കുകയായിരുന്നു ലക്ഷ്യം. അതിനായി രണ്ടോ അതിൽ കൂടുതലോ വാഹനങ്ങളിലായി 2 ദിവസം മുൻപു തന്നെ പുൽപള്ളിയിലെ രാജന്റെ വീട്ടിൽ സംഘമെത്തിയിരുന്നു.
അവിടെ നിന്നാണ് നാലിന് രാത്രി വാഹനം തടഞ്ഞ് ആക്രമിക്കാൻ കല്ലൂർ 67ലെത്തിയത്. 2 കാറുകളിലും ഗുഡ്സിലുമായി മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കാർ മുഖ്യ സൂത്രധാരന്റെ നിർദേശപ്രകാരമാണ് ആക്രമിച്ചത്.
ലക്ഷ്യം വച്ചത് ഏതു കാറാണെന്നതിൽ അവ്യക്തത
സന്തോഷ്കുമാറും ഡ്രൈവർ ജിനേഷും സഞ്ചരിച്ച കാർ തന്നെയാണോ അക്രമികൾ ലക്ഷ്യമിട്ടതെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർ ലക്ഷ്യമിട്ടിരുന്ന മറ്റൊരു വാഹനം കൂടി ബെംഗളൂരു ഭാഗത്തു നിന്ന് വന്നിരുന്നതായും സൂചനയുണ്ട്. പണം, സ്വർണം എന്നിവ ഇവർക്കു ലഭിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ചും വേറെ വാഹനത്തെയാണ് ലക്ഷ്യം വച്ചതെങ്കിൽ അത് ഏതാണെന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. മുഖ്യ സൂത്രധാരനടക്കം ബാക്കിയുള്ളവർക്കായി ശക്തമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ്, പൊലീസ് ഇൻസ്പെക്ടർമാരായ ശ്രീകാന്ത് എസ്.നായർ, എം.എ.സന്തോഷ്കുമാർ, എസ്ഐമാരായ സി.രാംകുമാർ, ഹരീഷ്കുമാർ, എഎസ്ഐമാരായ നെൽസൺ, ഗോപാലകൃഷ്ണൻ, സിപിഒമാരായ സബിത്കുമാർ, പി.എസ്. നിയാദ്,സ്മിജു, നൗഫൽ, വിപിൻ, സിജോ, അനിൽ, അനീസ്, ലെബ്നാസ്, ഷിഹാബ്, സിറാജ്, ധോണിത്, അനിത്, ഷാജഹാൻ, സന്തോഷ്, മോഹൻദാസ്, അജിത്, രാജേഷ് തുടങ്ങിയവർ വിവിധ സംഘങ്ങളിലായി പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി. English Summary:
Highway robbery investigation focuses on the arrests made after the Batheri highway robbery. The police have formed special teams to investigate and are actively searching for the remaining suspects involved in the crime. |