കേരളത്തിലെ റോഡുകളുടെ അവസ്ഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണെന്നും ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി ഈ റോഡുകൾ കണ്ടു ഞെട്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയാണ്, ഇവിടുത്തെ റോഡുകൾ ആരെയും ‘അദ്ഭുതപ്പെടുത്തും’. കുളമായും വെള്ളക്കെട്ടായും ഗർത്തമായും പൊതുറോഡുകൾ ജനങ്ങൾക്കു കിടങ്ങ് തീർത്തു കാത്തിരിക്കുന്നു. റോഡിലെ കുഴികളിൽ വീണു പരുക്കേറ്റു കിടപ്പിലായവരുടെ എണ്ണത്തിനും കണക്കില്ല. അപ്പോഴും ന്യൂയോർക്കിലെ ആ കുട്ടി ‘അദ്ഭുതപ്പെടുമോ’ ആവോ... ജില്ലയിലെ ചില റോഡുകൾ ഇങ്ങനെയാണു മുഖ്യമന്ത്രീ...
- ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡ്
ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നു കുഴികളായിട്ട് വർഷങ്ങൾ ഏറെയായി. സർക്കാരും ജില്ലാ പഞ്ചായത്തും പ്രഖ്യാപനങ്ങൾ പലതു നടത്തിയെങ്കിലും ഒന്നും നടപ്പായില്ല. കാരാളിമുക്ക് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് കുഴികളും വെള്ളക്കെട്ടുമായതോടെ സ്ഥിതി രൂക്ഷമായി. റോഡ് നവീകരണത്തിനായി എംഎൽഎ രണ്ട് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.
കാവനാടിനു സമീപം പൂവൻപുഴയിൽ തകർന്നു കിടക്കുന്ന റോഡ്. ചിത്രം: മനോരമ
നഗരത്തിലെ പ്രധാന പാതയും തിരുവനന്തപുരത്തേക്കുള്ള റോഡുമായ ദേശീയപാതയിലെ കാവനാട് മുതൽ മേവറം വരെയുള്ള ഭാഗം ആകെ പൊട്ടിപ്പൊളിഞ്ഞു. പള്ളിമുക്ക്, മാടൻനട, പോളയത്തോട്, എസ്എൻ കോളജ് ജംക്‌ഷൻ, കലക്ടറേറ്റ്, ആനന്ദവല്ലീശ്വരം, കാങ്കത്തുമുക്ക്, വെള്ളയിട്ടമ്പലം, വള്ളിക്കീഴ്, പൂവൻപുഴ തുടങ്ങി എല്ലാ ഇടങ്ങളിലും വലിയ കുഴികളും ചെറിയ കുഴികളുമാണ്. പ്രതിഷേധമുയരുമ്പോൾ പേരിനു കോൺക്രീറ്റ് മിശ്രിതം ഇടും. അടുത്ത മഴയിൽ വീണ്ടും പഴയപടി.
- ചുങ്കത്തറ കല്ലുംമൂട് - തേവലപ്പുറം ശാസ്താംകാവ് റോഡ്
നെടുവത്തൂർ പഞ്ചായത്തിലെ ചുങ്കത്തറ കല്ലുംമൂട് - തേവലപ്പുറം ശാസ്താംകാവ് റോഡിൽ തേവലപ്പുറം സ്റ്റേഡിയത്തിന്റെ ഭാഗത്തെ വെള്ളക്കെട്ട്
വാട്ടർ റൈഡുകൾ നടത്താവുന്നതു പോലെയൊരു റോഡ്. റോഡല്ല തോടെന്നു നാട്ടുകാർ. നെടുവത്തൂർ പഞ്ചായത്തിലെ ചുങ്കത്തറ കല്ലുംമൂട് - തേവലപ്പുറം ശാസ്താംകാവ് റോഡിന്റെ അവസ്ഥയാണിത്. തേവലപ്പുറത്ത് നിർമാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിന്റെ ഭാഗത്തു റോഡിൽ ഇരുവശവും നിറഞ്ഞു വെള്ളം കെട്ടിക്കിടക്കുകയാണ്. നടന്നു പോകാൻ പോലും കഴിയില്ല. ബൈക്ക് യാത്രികർ ഇവിടെ മറിഞ്ഞു വീണ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഫണ്ടിൽ നിന്നും റോഡ് നവീകരണത്തിനും ഓട നിർമാണത്തിനുമായി 45 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും കരാർ എടുക്കാൻ ആളുണ്ടായില്ല.
- അമ്പലംമുക്ക് - മത്തായിമുക്ക് റോഡ്‍
പൂർണമായി തകർന്ന കൊല്ലം തീരദേശ റോഡ്. വാടി ഭാഗത്തു നിന്ന്.
ഇളമാട് പഞ്ചായത്തിലെ പ്രധാന പാതയായ അമ്പലംമുക്ക് - മത്തായിമുക്ക് റോഡിൽ വേങ്ങൂർ കത്തോലിക്കാപള്ളി ഭാഗം മുതൽ സ്കൂൾ ജംക്‌ഷൻ വരെയുള്ള ഭാഗം പൂർണമായും തകർന്നിട്ടു നാളുകളേറെയായി. റോഡിന്റെ മറ്റു ഭാഗങ്ങളെല്ലാം പല ഘട്ടങ്ങളിലായി ടാറിങ് നടത്തിയെങ്കിലും തകർച്ച കൂടുതലുള്ള ഇൗ ഭാഗത്തെ പാടേ അവഗണിക്കുകയായിരുന്നു. പ്രദേശവാസികൾ നടത്തിയ ഒട്ടേറെ പ്രതിഷേധ സമരങ്ങൾക്കു ശേഷമാണു മൂന്നാം ഘട്ടമായി റോഡിന്റെ തേവന്നൂർ മുതൽ പള്ളിയുടെ ഭാഗം വരെ ടാറിങ് നടത്തിയത്.
കൊച്ചുപിലാംമൂട് പാലത്തിനു സമീപം തകർന്നു കിടക്കുന്ന കൊല്ലം ബീച്ചിലേക്കുള്ള റോഡ്
നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊല്ലം ബീച്ചിലേക്കു നമ്മെ സ്വാഗതം ചെയ്യുന്ന തീരദേശ റോഡ് ആരംഭിക്കുന്ന ജംക്‌ഷൻ ആകെ താറുമാറായി. റോഡിനു നടുവിലായി വലിയ കുഴികളാണു തീരദേശ റോഡിന്റെ പ്രത്യേകത. അറിയാത്തവർ പെട്ടെന്നു കുഴിയിൽ വീണാലും വാഹനം വെട്ടിച്ചാലും അപകടം ഉറപ്പാണ്.
- തരിയൻമുക്ക് - ചെമ്മക്കാട് റോഡ്
പൊട്ടിപ്പൊളിഞ്ഞ പെരുമൺ തരിയൻമുക്ക് - ചെമ്മക്കാട് റോഡ്.
പൊട്ടിപ്പൊളിഞ്ഞു ശോചനീയാവസ്ഥയിലാണു പനയം, പെരിനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരിയൻമുക്ക് - ചെമ്മക്കാട് റോഡ്. ചിറ്റയം, ആയുർവേദ ഡിസ്പെൻസറി ജംക്‌ഷൻ, സെന്റ് മേരീസ് നഗർ, തെക്കേവീട്ടിൽ മുക്ക്, 4-ാം വാർഡ് അങ്കണവാടി, ചെമ്മക്കാട് എൽപി സ്കൂൾ ജംക്‌ഷൻ, മേത്തന്റയ്യത്ത് മുക്ക് എന്നിവിടങ്ങളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
വളവുകളിൽ മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി വീഴുന്നത് പതിവാണ്. മഴവെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കാറുകൾ ഉൾപ്പെടെ കുഴികളിൽ വീണ് കേടുപാട് സംഭവിക്കുന്നതും സ്ഥിരമാണ്. കുഴികൾ അടക്കുന്നതിന് 4 ദിവസം മുൻപ് റോഡിൽ ഇറക്കിയ മെറ്റൽ യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.
- ചെങ്ങമനാട് – അമ്പലത്തുംകാല റോഡ്
കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെ കുഴികൾ.
ദേശീയപാതയിൽ ചെങ്ങമനാട് മുതൽ അമ്പലത്തുംകാല വരെയുള്ള റോഡ് വരെ സഞ്ചരിച്ചാൽ ഇരുപതോളം സ്ഥലങ്ങളിൽ ആഴമേറിയ കുഴികൾ കാണാം. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ആളുകളെ വീഴ്ത്തുന്ന ആഴമേറിയ മൂന്ന് കുഴികൾ ഉണ്ട്.അപകടങ്ങൾ പെരുകുമ്പോൾ ഇടയ്ക്കിടെ കുഴികൾ മൂടും. വൈകാതെ വീണ്ടും പഴയ അവസ്ഥയിലേക്കു റോഡ് മാറും. റെയിൽവേ സ്റ്റേഷൻ മേൽപാലത്തിൽ വരെ കുഴികൾ ഉണ്ട്. മേഖലയിലെ നാൽപതോളം ഗ്രാമീണ റോഡുകളും തകർന്ന നിലയിലാണ്.
- അസുരമംഗലം– മതുരപ്പ ഗോവിന്ദ മംഗലം റോഡ്
പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച ഇടമുളയ്ക്കൽ പഞ്ചായത്തിലെ അസുരമംഗലം - കൊമ്പേറ്റിമല – തിട്ടക്കര – അയത്തിൽ - മതുരപ്പ ഗോവിന്ദ മംഗലം റോഡിന്റെ നിർമാണം തുടക്കത്തിൽ തന്നെ നിലയ്ക്കുകയായിരുന്നു. കരാറുകാരൻ പണി ഉപേക്ഷിച്ചതോടെ വർഷങ്ങളായി തകർന്ന റോഡിലൂടെ ദുരിത യാത്ര നടത്തേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. 2022 ഏപ്രിലിൽ നിർമാണം ആരംഭിച്ചെങ്കിലും നാമമാത്രമായി വശങ്ങൾ കെട്ടുന്ന ജോലികൾ മാത്രമാണ് പൂർത്തിയാക്കിയത്. പുതിയ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്കു നൽകിയതായും ഇതിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു നിർമാണം ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
- രാമൻകുളങ്ങര– മരുത്തടി റോഡ്
പൂർണമായി തകർന്നു കിടക്കുന്ന രാമൻകുളങ്ങര മരുത്തടി റോഡ്. ചിത്രം: മനോരമ
റോഡാണോ തോടാണോ എന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര ‘അദ്ഭുതപ്പെടുത്തുന്ന’ റോഡാണ് മരുത്തടി – രാമൻകുളങ്ങര റോഡ്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ഒരു ചെറിയ മഴയിൽപ്പോലും നിറഞ്ഞുകവിയും. എല്ലായിടത്തും കുഴിയായതിനാൽ വെട്ടിച്ചു പോലും പോകാൻ സാധിക്കില്ല.
തകർന്ന തുമ്പറ– തങ്കപ്പൻ കട റോഡ്.
ഉദയമാർത്താണ്ഡപുരം ഭാഗത്തെ തുമ്പറ – തങ്കപ്പൻ കട റോഡ് കേരള റോഡുകളുടെ അതിമനോഹരമായ ഡിസൈനിങ് വൈഭവം വിളിച്ചറിയിക്കുന്ന റോഡാണ്. ആദ്യം റോഡിന്റെ അത്ര വീതിയുള്ള കുഴി, പിന്നെ അതിനെക്കാൾ ചെറിയ റോഡിന്റെ മുക്കാൽ ഭാഗം വീതിയുള്ള കുഴി, പിന്നെ പകുതി വീതിയുള്ള കുഴി, അടുത്തത് ആദ്യത്തേതു പോലെയുള്ള വീതിയുള്ള കുഴി, അങ്ങനെയങ്ങനെ..
- തുറയിൽകുന്ന് – മുഴങ്ങോട്ടുവിള റോഡ്
കരുനാഗപ്പള്ളി നഗരസഭയിലെ തുറയിൽകുന്ന്–മുഴങ്ങോട്ടുവിള റോഡിന്റെ മിൽമ ജംക്‌ഷനു പടിഞ്ഞാറു ഭാഗം തകർന്നു വെള്ളക്കെട്ടായി കിടക്കുന്നു. റോഡിന്റെ മറ്റു ഭാഗങ്ങളിലും വൻകുഴികളും വെള്ളക്കെട്ടുമാണ്.
കരുനാഗപ്പള്ളി തുറയിൽകുന്ന് – മുഴങ്ങോട്ടു വിള റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടു നാളുകളായി; ഒരു നടപടിയുമില്ല. നഗരസഭയിലെ തുറയിൽകുന്ന്, പകൽവീട്, പള്ളിക്കൽ, മാൻനിന്ന വിള, നെടിയവിള, എസ്കെവി സ്കൂൾ തുടങ്ങിയ വാർഡുകൾ കടന്നു പോകുന്ന റോഡാണിത്. കഴിഞ്ഞ നഗരസഭയുടെ കാലത്ത് റോഡ് ടാർ ചെയ്തിരുന്നെങ്കിലും അത് വേഗത്തിൽ പൊട്ടിപ്പൊളിയുകയായിരുന്നു.
പരവൂർ–തെക്കുംഭാഗം റോഡിലെ കുഴി.
പരവൂർ– തെക്കുംഭാഗം പൊതുമരാമത്ത് വകുപ്പ് റോഡ് 5 വർഷത്തിലധികമായി തകർന്നു കിടക്കുകയാണ്. റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങളിൽ 2 വർഷത്തിനിടയിൽ 2 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നാൽപതിലേറെ പേർക്ക് പരുക്കേറ്റു. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ വർക്കലയിലേക്കുള്ള പാതയാണ് വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്നത്. റോഡിന്റെ തിരുവനന്തപുരം മരാമത്ത് ഡിവിഷന്റെ ഭാഗം ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്തിരിക്കുകയാണ്. ജില്ലയുടെ ഭാഗത്തു മുഴുവൻ തകർന്ന അവസ്ഥയിലും.
- ചുങ്കത്തറ – പൊരിയക്കോട് റോഡ്
പനയം താന്നിക്കമുക്ക് - അഞ്ചാലുംമൂട് കാഞ്ഞിരംകുഴി ജംക്‌ഷൻ റോഡ് തകർന്ന നിലയിൽ
വെളിനല്ലൂർ പഞ്ചായത്തിലെ ചുങ്കത്തറ പൊരിയക്കോട് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു. ഒട്ടേറെ സ്കൂൾ ബസുകളും സർവീസ് ബസുകളും പോകുന്ന റോഡാണിത്. ചുങ്കത്തറ ജംക്‌ഷനിൽ നിന്ന് അങ്ങോട്ടു റോഡിന്റെ മിക്ക ഭാഗത്തും കുണ്ടും കുഴിയുമാണ്. പൊരിയക്കോട് അമ്പലം കുന്നു റോഡിന്റെ പണി തുടങ്ങിയെങ്കിലും കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ആ റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.
- താന്നിക്കമുക്ക് - പറയരഴികത്ത് ജംക്‌ഷൻ റോഡ്
കുഴികളും വെള്ളക്കെട്ടും നിറഞ്ഞതാണ് പനയം താന്നിക്കമുക്ക് - കാഞ്ഞിരംകുഴി ജംക്‌ഷൻ റോഡ്. കുണ്ടറയിൽ നിന്ന് വരുന്നവർക്ക് അഞ്ചാലുംമൂട് ജംക്‌ഷനിൽ കയറാതെ കാഞ്ഞിരംകുഴി ജംക്‌ഷനിൽ എത്താൻ കഴിയുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. താനിക്കമുക്ക് മുതൽ പറയരഴികത്ത് വരെയുള്ള ഭാഗം തകർന്നടിഞ്ഞ നിലയിലാണ്. മുൻപ് രഞ്ജിനി ക്ലബ്, എസ് വളവ് എന്നിവയ്ക്കു സമീപം കോൺക്രീറ്റും ടാറിങ് നടത്തിയെങ്കിലും ഇവയും തകർന്നിരിക്കുകയാണ്.
- കടയ്ക്കൽ ടൗൺ ബസ് സ്റ്റാൻഡ്, അഞ്ചു മുക്ക് ജംക്‌ഷൻ
കിഴക്കൻ മേഖലയിൽ തകർന്നു കിടക്കുന്ന റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. കടയ്ക്കൽ ടൗണിൽ ബസ് സ്റ്റാൻഡിന് മുന്നിൽ മാടൻ ക്ഷേത്രത്തിന് സമീപത്തു വൻ കുഴിയായി കിടക്കുന്നു. കടയ്ക്കൽ അഞ്ചു മുക്ക് ജംക്‌ഷനിൽ വൻ കുഴിയാണ്. അഞ്ചു റോഡുകൾ സന്ധിക്കുന്ന സ്ഥലത്താണ് കുഴികൾ. എംസി റോഡിൽ നിലമേൽ പുതുശ്ശേരി ഭാഗത്ത് പൈപ് ഇടാൻ കുഴിച്ച കുഴികൾ നേരെ മൂടാത്തതിനാൽ അപകടസാധ്യതയുമേറെ. English Summary:
Kerala roads are in terrible condition, with numerous potholes and damaged sections causing accidents and inconvenience to commuters. The poor road infrastructure requires immediate attention from the Public Works Department and authorities to ensure road safety and facilitate development. Urgent repairs and upgrades are necessary to improve the driving experience and reduce risks to the public. |
|