ഭേദങ്ങളും ദ്വേഷങ്ങളുമല്ല, സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത സ്വീകരിക്കേണ്ട ഹൃദയമന്ത്രമെന്ന ഗുരുസന്ദേശം നമ്മെ മുന്നോട്ടു നയിക്കുന്ന നിത്യപ്രകാശമാണ്. വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയുടെ മൂന്നു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യുമ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാണിച്ചതും ഇതുതന്നെ: ഏകത്വം, സമത്വം, പരസ്പര ബഹുമാനം എന്നിവയ്ക്കായുള്ള ഗുരുവിന്റെ ആഹ്വാനം മാനവരാശി എപ്പോഴും നേരിടുന്ന സംഘർഷങ്ങൾക്കു കാലാതീതമായ പരിഹാരം നൽകുന്നു.
- Also Read കുരുന്നുകൾക്ക് മിഠായി സമ്മാനിച്ച് രാഷ്ട്രപതി; മാഞ്ഞുപോകില്ല, ആ മിഠായികളുടെ മധുരം
യുഗപ്രഭാവനായ ശ്രീനാരായണ ഗുരു നൽകിയ എളിമയുടെയും ഒരുമയുടെയും മഹനീയദർശനങ്ങൾ നമ്മുടെ കാൽവയ്പുകൾക്ക് ഇന്നും ദൃഢമായ ലക്ഷ്യബോധം പകർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന നിത്യപ്രചോദനമായ ഗുരുസൂക്തം നാം നിധി പോലെ കാത്തുവയ്ക്കേണ്ടതും. മതനിരപേക്ഷതയ്ക്കും നാനാത്വത്തിലെ ഏകത്വത്തിനും മുൻപെന്നത്തെയുംകാൾ പ്രസക്തിയേറുന്ന ഈ വേളയിൽ, ദേശകാലാതിവർത്തിയായ ഈ ഗുരുസന്ദേശത്തോളം മാർഗവെളിച്ചം പകരുന്ന മറ്റൊന്നില്ല.
ആത്മശുദ്ധീകരണം, ലാളിത്യം, സാർവത്രിക സ്നേഹം എന്നിവയ്ക്ക് ഗുരു ഊന്നൽ നൽകിയെന്നും രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ ഭൂമികയെ സ്വാധീനിച്ച അദ്ദേഹം സമത്വം, ഐക്യം, സ്നേഹം തുടങ്ങിയ ആദർശങ്ങളിൽ വിശ്വസിക്കാൻ തലമുറകളെ പ്രചോദിപ്പിച്ചെന്നും ഇന്നലെ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
- അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
- ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
- മാസം ഇത്രയും തുക മാറ്റിവയ്ക്കാനുണ്ടോ, നേടാം 72 ലക്ഷം രൂപ; കുട്ടിയുടെ പഠനച്ചെലവിന് പണം കണ്ടെത്താനും സമ്പാദിക്കാനും ഒരു വഴി
MORE PREMIUM STORIES
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ മനുഷ്യരാശിക്കു ലഭിച്ച ഏറ്റവും വലിയ സമ്പത്താണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുകൂടി ഇവിടെ ചേർത്തുവയ്ക്കാം. മഹാത്മാ ഗാന്ധി – ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി സമ്മേളനം കഴിഞ്ഞ ജൂണിൽ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ പരിപാടികളാണ് ശ്രീനാരായണ ഗുരുവിന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ശിവഗിരിമഠം സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലടക്കം 100 ശ്രീനാരായണദർശന സമ്മേളനങ്ങൾ, വിവിധ ഭാഷകളിൽ ഗുരുദേവകൃതികളുടെ തർജമ, ഗുരുദേവന്റെ സമ്പൂർണ ജീവചരിത്രം, മഹാസമാധി ശതാബ്ദി സ്മാരകഗ്രന്ഥം, ശ്രീനാരായണ ധർമസംഘത്തിന്റെ ചരിത്രഗ്രന്ഥം, ശിവഗിരിയിലും ശാഖാ സ്ഥാപനങ്ങളിലും വയോജന ശരണാലയം സ്ഥാപിക്കൽ, ഗുരുദേവൻ സ്ഥാപിച്ച ബ്രഹ്മവിദ്യാലയം വിദേശ വിദ്യാർഥികൾക്കുകൂടി പ്രാപ്യമാക്കൽ തുടങ്ങിയ ബൃഹദ്പദ്ധതികളും ശതാബ്ദി ആചരണത്തിന്റെ ഭാഗമാണ്.
- Also Read മധുരം പങ്കിട്ട് മടക്കം; നാടിന്റെ മനസ്സു നിറച്ച് രാഷ്ട്രപതിയുടെ സന്ദർശനം
മലയാള മനോരമയുടെ ശതാബ്ദി 1988ൽ ആഘോഷിച്ചപ്പോൾ, പിന്നിട്ട ഒരു നൂറ്റാണ്ടിൽ കേരളീയ ജീവിതത്തിൽ ആഴത്തിൽ പാദമുദ്രകൾ വീഴ്ത്തിയ നൂറു മഹാരഥരെ തിരഞ്ഞെടുത്തു ശതാബ്ദിപ്പതിപ്പിലൂടെ അവതരിപ്പിച്ചിരുന്നു. സി.അച്യുതമേനോൻ, എൻ.വി.കൃഷ്ണവാരിയർ, എ.പി.ഉദയഭാനു എന്നീ പ്രഗല്ഭമതികളുടെ സമിതിയാണ് ആ പട്ടിക തയാറാക്കിയത്. പിന്നിട്ട നൂറു വർഷങ്ങളുടെ പ്രകാശദീപമായി ആ നൂറു പേരിൽനിന്ന് ഒരാളെ കണ്ടെത്താൻ സമിതിക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല: ശ്രീനാരായണ ഗുരു.
ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം ശതാബ്ദിനിറവിലെത്തിയതു കഴിഞ്ഞ വർഷമായിരുന്നു. 1924 മാർച്ചിൽ ശിവരാത്രിയോട് അനുബന്ധിച്ചായിരുന്നു വിവിധ മതങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സർവമത സമ്മേളനം. മതമല്ല, മനുഷ്യനാണു വലുത് എന്ന താത്വിക ദർശനം ആ സമ്മേളനത്തിന്റെ ആധാരശിലയായി. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന് ആദ്യ സമ്മേളനത്തിന്റെ പ്രവേശന കവാടത്തിൽ ആലേഖനം ചെയ്തിരുന്നു. ഗുരുവചനങ്ങളുടെ വെളിച്ചത്തിൽ കഴിഞ്ഞ വർഷം നവംബറിൽ ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ വിളംബരവാക്യവും അതുതന്നെയായിരുന്നു. അന്ധവിശ്വാസത്തിൽ നിന്നല്ല, അറിവിൽ നിന്നും അനുകമ്പയിൽ നിന്നുമാണ് യഥാർഥ വിമോചനമുണ്ടാകുന്നതെന്നു വിശ്വസിച്ച നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു എന്ന് രാഷ്ട്രപതി ഇന്നലെ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഗുരുസമാധിയുടെ ഈ ശതാബ്ദിയാചരണ വേള ഓർമിപ്പിക്കുന്നതും ആ വലിയ സന്ദേശം തന്നെ. ഗുരുദർശനങ്ങളെല്ലാം മനുഷ്യർക്കുവേണ്ടിയാണ്; മതം സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളെല്ലാം മനുഷ്യോന്നമനത്തിനുവേണ്ടിയും. കേരളത്തിന് ഉള്ളറിവിന്റെ തെളിച്ചം തന്ന ഗുരുവിന്റെ സമാധിശതാബ്ദി അതുകൊണ്ടുതന്നെ നമ്മെ ആത്മപരിശോധനയ്ക്കും സ്വയം പുതുക്കലിനുംകൂടി സന്നദ്ധമാക്കണം. ഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയിൽ കേട്ട രാഷ്ട്രപതിയുടെ വാക്കുകളിൽനിന്ന് ഈ ഓർമപ്പെടുത്തൽകൂടി നാം കണ്ടെടുക്കേണ്ടതുണ്ട്. English Summary:
Droupadi Murmu Honors Sree Narayana Guru\“s Legacy in Sivagiri: President Murmu Inaugurates Sree Narayana Guru Mahasamadhi Centenary at Sivagiri |