search

‘നയത്തിൽ’ മാറ്റം; പിടിമുറുക്കാൻ പിഎം ശ്രീയുമായി കേന്ദ്രം; ഒടുവിൽ കൈകൊടുത്ത് സിപിഎം

cy520520 1 hour(s) ago views 308
  



ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായ പിഎം ശ്രീ സ്കൂൾ പദ്ധതിയിൽ ചേരാനുള്ള തീരുമാനം ഇടതുമുന്നണിയിൽ വീണ്ടും തർക്കത്തിനു വഴിവച്ചിരിക്കുന്നു. എൻഇപി വേറെ, പിഎം ശ്രീ വേറെ എന്നു ന്യായീകരിച്ചാണ് പദ്ധതിക്ക് കേരളത്തിലെ സിപിഎം ഇപ്പോൾ സ്വാഗതമോതുന്നത്. കേന്ദ്രം വിദ്യാഭ്യാസ ഫണ്ടുകൾ ത‌ടയുന്നതാണ് ഈ വീണ്ടുവിചാരത്തിനു പാർട്ടിയെ പ്രേരിപ്പിച്ചത്. എന്നാൽ, എൻഇപിയുടെ ഭാഗം തന്നെയാണ് പിഎം ശ്രീയെന്നു കേന്ദ്രം വ്യക്തമാക്കുമ്പോൾ എൻഇപിയെ പൂർണമായി എതിർത്ത സിപിഎം വിഷമത്തിലാകുന്നു. എന്താണ് എൻഇപി, എന്താണ് പിഎം ശ്രീ, എന്താണ് ഇവയെക്കുറിച്ചുള്ള സിപിഎമ്മിന്റെ ദേശീയ നിലപാട്?

  • Also Read ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനുള്ള പദ്ധതിയെന്ന് സിപിഎം, പക്ഷേ, കേരളത്തെ ബോധ്യപ്പെടുത്താനായില്ല; മധുര കോൺഗ്രസിലും എതിർത്തു   


ദേശീയ വിദ്യാഭ്യാസ നയം

കേന്ദ്ര മന്ത്രിസഭ 2020 ജൂലൈ 29ന് ആണ് ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി–2020) അംഗീകാരം നൽകിയത്. കെ.കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് നയം. സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിൽ കാലത്തിനൊത്ത പരിഷ്കരണമാണ് ഉദ്ദേശിക്കുന്നതെന്നു സർ‍ക്കാർ വ്യക്തമാക്കി. എന്നാൽ, ബിജെപിയുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കുക, വിദ്യാഭ്യാസക്കച്ചവടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങളെന്ന് പ്രതിപക്ഷ പാർട്ടികളും മറ്റും വിമർശിച്ചു.

  • Also Read പിഎം ശ്രീ: ‘മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം അംഗീകരിക്കാൻ കഴിയില്ല; ശക്തമായ പ്രക്ഷോഭങ്ങൾക്ക് എഐവൈഎഫ് നേതൃത്വം നൽകും’   


കേരളം, തമിഴ്നാട്, ബംഗാൾ, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങൾ എൻഇപിയെ എതിർത്തു. എന്നാൽ, സംസ്ഥാനങ്ങൾക്കുള്ള വിവിധ കേന്ദ്ര സഹായങ്ങളുമായി എൻഇപിയെ ബന്ധിപ്പിച്ച് കേന്ദ്രം സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കി. ഇപ്പോൾ,

  • Also Read ഫണ്ട് മുഖ്യം! പിഎം ശ്രീയിൽ ഒപ്പിട്ട് സർക്കാർ; സിപിഐയുടെ എതിർപ്പ് തള്ളി, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ്   

    

  • അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
      

         
    •   
         
    •   
        
       
  • ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
      

         
    •   
         
    •   
        
       
  • മാസം ഇത്രയും തുക മാറ്റിവയ്ക്കാനുണ്ടോ, നേടാം 72 ലക്ഷം രൂപ; കുട്ടിയുടെ പഠനച്ചെലവിന് പണം കണ്ടെത്താനും സമ്പാദിക്കാനും ഒരു വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഒട്ടുമിക്ക സംസ്ഥാനങ്ങളും നയം പൂർണമായി നടപ്പാക്കിയിട്ടുണ്ട്. കേരളം നയത്തിലെ ചില നിർദേശങ്ങൾ പാലിക്കുന്നുണ്ട്; തമിഴ്നാടും ബംഗാളും എൻഇപിക്കു ബദലായി ‘സംസ്ഥാന വിദ്യാഭ്യാസ നയം’ കൊണ്ടുവന്നു.

  • Also Read പിഎം ശ്രീയിൽ ആശങ്കയും വിയോജിപ്പും; മന്ത്രിസഭാ യോഗത്തിൽ എതിർ‌പ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ   


നയം പൂർണമായി നടപ്പാക്കാത്ത സംസ്ഥാനങ്ങളും കേന്ദ്രവുമായി ഫണ്ടിനെച്ചൊല്ലി തർക്കം തുടരുന്നു. ഫണ്ട് നിഷേധിച്ചതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ നോട്ടിസ് ലഭിച്ചതിനു പിന്നാലെ തമിഴ്നാടിന് ഏതാനും ആഴ്ച മുൻപു കേന്ദ്രം ഫണ്ട് അനുവദിച്ചു.

  • Also Read രാഷ്ട്രപതി വന്നപ്പോൾ വായു നിലവാരം ഡൽഹിയേക്കാൾ 28 ഇരട്ടി മെച്ചം! പത്തനംതിട്ട രാജ്യത്തെ മികച്ചതാകാൻ കാരണമേറെ; കുറ്റിച്ചെടിപോലും കരുതലാകുന്നു...   


പിഎം ശ്രീ സ്കൂൾ

എൻഇപിയുടെ അടിസ്ഥാനത്തിലുള്ള മാതൃകാവിദ്യാലയങ്ങളാണ് പിഎം ശ്രീ സ്കൂളുകൾ. 2022 സെപ്റ്റംബർ ഏഴിനാണ് ‘പിഎം ശ്രീ’ (പ്രധാൻമന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

അഞ്ചു വർഷത്തേക്കാണ് പദ്ധതി. മൊത്തം പദ്ധതിച്ചെലവ് 27,360 കോടി രൂപ. 18,128 കോടി കേന്ദ്രത്തിന്റെയും 9,232 കോടി സംസ്ഥാനങ്ങളുടെയും വിഹിതം. തിരഞ്ഞെടുക്കപ്പെട്ട 15,000 സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനത്തും ബ്ലോക്കുതലത്തിൽ പരമാവധി 2 സ്‌കൂളുകളാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കൻഡറി സ്‌കൂളും) പദ്ധതിയിൽ ഉൾപ്പെടുക. കർശന മാനദണ്ഡങ്ങൾ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളിന് വർഷത്തിൽ‍ 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വികസനത്തിനു ലഭിക്കും.

അടിസ്ഥാന സൗകര്യവികസനം, കുട്ടികളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്, ലൈബ്രറി ഗ്രാന്റ്, സ്‌പോർട്‌സ് ഗ്രാന്റ്, മാതൃഭാഷയ്ക്കു മുൻഗണന നൽകിയുള്ള പഠനരീതി, പ്രാദേശിക വ്യവസായ സ്ഥാപനങ്ങളിലും മറ്റും ഇന്റേൺഷിപ്, പഠനത്തിന്റെ ഇടവേളകളിൽ ജോലി ചെയ്യാൻ ‌അവസരം, നൈപുണ്യ വികസനം തുടങ്ങിയവയാണ് പിഎം ശ്രീ സ്കൂളുകളിൽ നടപ്പാക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെടാൻ കേന്ദ്രവുമായി സംസ്ഥാനങ്ങൾ ധാരണാപത്രം ഒപ്പുവയ്ക്കണം.

കേന്ദ്രം തയാറാക്കിയ കരട് ധാരണാപത്രത്തിന്റെ തുടക്കത്തിൽത്തന്നെ പിഎം ശ്രീ സ്കൂളുകൾ എൻഇപിയുടെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയുള്ളവയാണെന്നു വ്യക്തമായി പറയുന്നുണ്ട്. പിഎം ശ്രീയിൽ ചേരാൻ കഴിഞ്ഞവർഷം സന്നദ്ധതയറിയിച്ച തമിഴ്നാട് സർക്കാർ ധാരണാപത്രത്തിലെ വ്യവസ്ഥകൾ സ്വയം തിരുത്താൻ താൽപര്യപ്പെട്ടു. കേന്ദ്രം സമ്മതിച്ചില്ല.

കേരളത്തിൽ മുന്നൂറിലേറെ സ്കൂളുകളാണ് പിഎം ശ്രീ പദ്ധതിയിൽ പരിഗണിക്കപ്പെടുക. നിലവിൽ സംസ്ഥാനത്ത് ജവാഹർ നവോദയ വിദ്യാലയങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുമായി 47 സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.

എതിർപ്പുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2020 നവംബർ 23ന് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എഴുതിയ കത്തിലൂടെയുൾപ്പെടെ സിപിഎം ശക്തമായ എതിർപ്പാണ് എൻഇപിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങളിൽ ചിലത്:

∙ ഫെഡറലിസം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾക്ക് എൻഇപി വിരുദ്ധം.

∙ വിദ്യാഭ്യാസം ഭരണഘടനയിലെ പൊതുപട്ടികയിലുള്ള വിഷയമാണ്. രാജ്യം കോവിഡിന്റെ പിടിയിലായിരുന്ന കാലത്താണ്, പാർലമെന്റിന്റെ അംഗീകാരമില്ലാതെയും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയും നയത്തിന് അംഗീകാരം നൽകിയത്.

∙ പട്ടികവിഭാഗങ്ങൾക്കും ഒബിസികൾക്കുമുള്ള സംവരണത്തെക്കുറിച്ചു നയത്തിൽ ഒന്നും പറയുന്നില്ല.

∙ പാഠ്യപദ്ധതി, പരീക്ഷാനടത്തിപ്പ് തുടങ്ങിയവയിലെ എല്ലാ തീരുമാനങ്ങളും കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കാനാണ് നീക്കം.

∙ സർക്കാർ സഹായത്തോടെയുള്ള വിദ്യാഭ്യാസ സംവിധാനം ഇല്ലാതാക്കാനും ബാധ്യതയത്രയും വിദ്യാർഥികളുടെ മാതാപിതാക്കളുടെയും തലയിൽ വയ്ക്കാനുമാണ് ശ്രമം.

∙ പുനഃക്രമീകരണം, പുതിയ ഉള്ളടക്കങ്ങൾ ചേർക്കൽ തുടങ്ങിയവ പറഞ്ഞ് പാഠ്യപദ്ധതിയെ കാവിവത്കരിക്കാനാണ് നീക്കം.

രാജ്യത്ത് അസമത്വം വർധിപ്പിക്കുന്ന എൻഇപി തള്ളിക്കളയണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ദേശീയ നിലപാട് പിന്തുടർന്ന് പിഎം ശ്രീ പദ്ധതിയോടു കേരളം ആദ്യം മുഖംതിരിച്ചു. കേന്ദ്രവിഹിതത്തിനൊപ്പം, ഓരോ സ്കൂളിനും 40% തുക സംസ്ഥാനവും നൽകേണ്ട പദ്ധതിയിൽ സ്കൂളിന്റെ പേരിൽ പിഎം ശ്രീ എന്നു ചേർക്കണമെന്നതും കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾക്കു സ്വീകാര്യമായില്ല.

എന്നാൽ, 2023–24ലെ കേന്ദ്ര സഹായം ലഭിക്കാതിരുന്ന സാഹചര്യത്തിൽ, കേരള സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതിനു ധാരണാപത്രം ഒപ്പുവയ്ക്കാൻ സന്നദ്ധത അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 30നു കേന്ദ്രത്തിനയച്ച കത്തിൽ സംസ്ഥാന സർക്കാർ ഇങ്ങനെ വ്യക്തമാക്കി: ‘കേരളത്തിൽ പിഎം ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നതിനു സ്റ്റേറ്റ് താൽപര്യപ്പെടുന്നു. ഇതിനായി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശയനുസരിച്ച്, പിഎം ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നതിന് 2024–25 അധ്യയനവർഷം അവസാനിക്കും മുൻപ് ധാരണാപത്രം ഒപ്പുവയ്ക്കും. 2023–24 വർഷത്തേക്കുള്ള ഫണ്ടിന്റെ 37.5% ദയവായി റിലീസ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.’

എന്നാൽ, മുന്നണിയിലെ എതിർപ്പിനാൽ കേരളത്തിൽ തുടർനടപടിയുണ്ടായില്ല. കഴിഞ്ഞ വർഷാവസാനവും വിഷയം മന്ത്രിസഭയിൽ എത്തുകയും സിപിഐയുടെ എതിർപ്പുകാരണം മാറ്റിവയ്ക്കുകയും ചെയ്തു. അപ്പോഴും, മന്ത്രിസഭ തീരുമാനിക്കാതെയാണോ ധാരണാപത്രം ഒപ്പുവയ്ക്കാമെന്ന് കഴിഞ്ഞവർഷം മാർച്ചിൽ കേന്ദ്രത്തെ അറിയിച്ചതെന്ന ചോദ്യം ബാക്കിനിൽക്കുന്നു.

ഫണ്ട് തടഞ്ഞുള്ള സമ്മർദം

കഴിഞ്ഞ ജൂലൈ 30നു രാജ്യസഭയിൽ സമഗ്ര ശിക്ഷാ അഭിയാനിൽ‍ (എസ്എസ്എ) കേരളത്തിനു ഫണ്ട് തടഞ്ഞത്, എൻഇപിയും പിഎം ശ്രീയും തമ്മിലുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചു ജോൺ ബ്രിട്ടാസ് ചോദിച്ചു. വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയുടെ മറുപടി: ‘എസ്എസ്എ പദ്ധതിയെ എൻഇപിയുമായി അലൈൻ ചെയ്തിട്ടുണ്ട്, എൻഇപി നടപ്പാക്കുന്നത് ‘ഷോകേസ്’ ചെയ്യാനുള്ളതാണ് കേന്ദ്ര സഹായമുള്ള പിഎം ശ്രീ പദ്ധതി; കേരളമുൾപ്പെടെ 3 സംസ്ഥാനങ്ങൾ പിഎം ശ്രീക്കുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടില്ല, ഇക്കാര്യം സെക്രട്ടറിയും കേന്ദ്ര മന്ത്രിയും ഓർമിപ്പിച്ചിട്ടുണ്ട്.’

2022–23 മുതൽ 2025–26 വരെ കേരളത്തിന് എസ്എസ്എയിൽ 1538 കോടി രൂപയാണ് കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ടതെന്നും എൻഇപി പൂർണമായി നടപ്പാക്കാൻ സംസ്ഥാനം മുന്നോട്ടുവരുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 9ന് ലോക്സഭയിൽ ഹൈബി ഈഡനു നൽകിയ മറുപടിയിലും പിഎം ശ്രീക്കായി ധാരണാപത്രം ഒപ്പിടാത്തതിനാൽ എസ്എസ്എ ഫണ്ട് നൽകില്ലെന്നു മന്ത്രി പറഞ്ഞു.

എസ്എസ്എ ഫണ്ടിനായി കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കഴിഞ്ഞ ജൂണിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. അതേ വിഷയത്തിലാണ് തമിഴ്നാട് കോടതിയിൽ പോയതും നോട്ടിസ് കിട്ടിയതിനു പിന്നാലെ കേന്ദ്രം ഫണ്ട് അനുവദിച്ചതും. എസ്എസ്എയിൽ 1,804.09 കോടി രൂപ കിട്ടാനുണ്ടെങ്കിലും കേന്ദ്രത്തോടു യോജിക്കേണ്ടതില്ലെന്നതാണ് ബംഗാളിന്റെയും നിലപാട്.

േകസിന്റെ പശ്ചാത്തലത്തിൽ തമിഴ്നാടിനു പണം അനുവദിച്ചെങ്കിലും സുപ്രീം കോടതിയിൽ കേന്ദ്രം എന്തു നിലപാടെടുക്കുമെന്നതു പ്രസക്തമാണ്. പിഎം ശ്രീ എന്ന പേരുകൊണ്ടുതന്നെ സ്കൂളുകളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിലയിരുത്തലാണ് സിപിഎം, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികൾക്കുള്ളത്. എന്നാൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി സർക്കാർ പിഎം ശ്രീയെ ആദ്യമെതിർത്തപ്പോഴും രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ കണക്കിലെടുത്തു; കേന്ദ്രത്തിന്റെ പണം വേണമെന്ന താൽപര്യത്താൽ നിലപാടു മാറ്റി.

എൻഇപിയുടെ മാതൃകാസ്ഥാപനങ്ങളായി പിഎം ശ്രീ സ്കൂളുകളെ അവതരിപ്പിക്കുമ്പോൾ, അവയില്ലാതെ നയം നടപ്പായെന്നു വിലയിരുത്താനാവില്ലെന്നാണ് കേന്ദ്ര നിലപാട്. മൂന്നു സംസ്ഥാനങ്ങൾ മാത്രമാണ് എതിരുനിൽക്കുന്നത് എന്നതിനാൽ ഈ നിലപാടിൽ‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നതായിരുന്നു സ്ഥിതി. ഒടുവിൽ കേരളം കൈകൊടുത്തു. ദേശീയ വിദ്യാഭ്യാസത്തെക്കുറിച്ച് ഇനി സിപിഎം എന്തുപറയുമെന്നാണ് കാണേണ്ടത്. English Summary:
PM Shri: PM Shri schools are at the heart of this discussion, with the CPM rethinking its stance due to potential benefits. The central government\“s focus on NEP and related funding is putting pressure on Kerala. This shift in approach highlights the ongoing debate surrounding educational policies and the need for alignment between state and central initiatives.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156088