ഇച്‌ഛാശക്‌തിയും സമർപ്പണവും ഉണ്ടെങ്കിൽ പരിമിതികളോടു പടവെട്ടി ചരിത്രമെഴുതാമെന്ന് ഒരു സർക്കാർ മെഡിക്കൽ കോളജ് തെളിയിക്കുകയാണ്; അത് ആരോഗ്യകേരളത്തിനുതന്നെ ആത്മവിശ്വാസം നൽകുന്ന നേട്ടമാകുകയും ചെയ്യുന്നു. അത്യധികം സങ്കീർണവും അപൂർവവുമായ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും മെഡിക്കൽ കോളജ് എന്ന കീർത്തിയാണു കോട്ടയത്തിനു കൈവരുന്നത്. രാജ്യത്ത് ആദ്യമായി മൂന്ന് പ്രധാന അവയവങ്ങൾ ഒരേദിവസം മാറ്റിവച്ച സർക്കാർ ആശുപത്രിയെന്ന തിളക്കവും ഒപ്പമുണ്ടാവുന്നു. നമ്മുടെ പൊതുജനാരോഗ്യമേഖല പലതരത്തിലുള്ള വീഴ്ചകളുടെ പേരിൽ വിമർശനങ്ങളിലൂടെ കടന്നുപോകുമ്പോൾ കൈവരിച്ച ഈ നേട്ടം അഭിമാനകരം മാത്രമല്ല, അനുകരണീയ മാതൃക കൂടിയാവുകയാണ്.
കഴിഞ്ഞദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ എ.ആർ.അനീഷിന്റെ മൂന്ന് അവയവങ്ങളാണ് വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി മാറ്റിവച്ചത്. അനീഷിന്റെ ഏഴ് അവയവങ്ങൾ ദാനം ചെയ്തതിൽ ശ്വാസകോശം, ഹൃദയം, ഒരു വൃക്ക എന്നിവയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളായിരുന്നു കോട്ടയത്ത്. മെഡിക്കൽ കോളജിലെ കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി (സിവിടിഎസ്) വിഭാഗം തലവനും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ഈ അഭിമാനനേട്ടം സാധ്യമാക്കിയത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യത്തെ കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതും കോട്ടയം മെഡിക്കൽ കോളജിലാണ്; വ്യാഴാഴ്ച നടന്നത് 250–ാം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും.
ശസ്ത്രക്രിയാ ഉപകരണക്ഷാമവും മരുന്നുക്ഷാമവുമടക്കം ഒട്ടേറെ പരിമിതികളിലൂടെയാണ് നമ്മുടെ സർക്കാർ ആതുരാലയങ്ങൾ കടന്നുപോകുന്നത്. ജീവൻ കയ്യിലെടുത്ത് ആശുപത്രിയിലേക്ക് ഓടിയെത്തുന്ന സാധാരണക്കാർക്ക് ആവശ്യമായ ശുശ്രൂഷ എത്രയുംവേഗം, മികച്ച രീതിയിൽ നൽകാനുള്ള സംവിധാനം പലയിടത്തുമില്ല. അധികൃതർക്കു നിരത്താൻ പല കാരണങ്ങളുമുണ്ടാകും. എന്നാൽ, ഇവയെയെല്ലാം ലക്ഷ്യബോധംകൊണ്ടു മാറ്റിയെഴുതി, എല്ലാവരും ഒരുമയോടെ പ്രവർത്തിച്ചാൽ മികവു നേടാമെന്നു കാണിച്ചുതന്നിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജ്.
- ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
- കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
- 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
ശമ്പളപരിഷ്കരണം, ക്ഷാമബത്ത കുടിശിക വിതരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) സമരരംഗത്തുള്ള വേളയിലാണ് ഈ നേട്ടങ്ങളുടെ വാർത്ത കേരളം കേൾക്കുന്നത്. മെഡിക്കൽ കോളജ് അധ്യാപകരുടെ പ്രശ്നങ്ങളിൽ സർക്കാർ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധം അലയടിക്കുകയാണിപ്പോൾ. ശമ്പളപരിഷ്കരണത്തിലും അതിന്റെ കുടിശിക അനുവദിക്കുന്നതിലും അവസാന പരിഗണനയാണു സർക്കാർ ഡോക്ടർമാർക്കെന്നും ജീവൻ സംരക്ഷിക്കുന്നവരെ ഒഴിവാക്കുന്നതിനു ന്യായീകരണമില്ലെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ആതുരസേവനത്തിലെ മികവ് ഉയർത്തിപ്പിടിച്ച് നമ്മുടെ സർക്കാർ ഡോക്ടർമാർ കോട്ടയത്തു ചരിത്രമെഴുതിയിരിക്കുന്നത്.
ചികിത്സയിലൂടെയും വാക്കിലൂടെയും സ്നേഹസ്പർശത്തിലൂടെയും രോഗികൾക്ക് ആശ്വാസം നൽകുന്ന നൂറുകണക്കിനു ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമുണ്ട്. അവർ സാധ്യമാക്കുന്ന രോഗശാന്തിക്കും നീട്ടിത്തരുന്ന ആയുസ്സിനും രോഗികളും ബന്ധുക്കളും കടപ്പെട്ടിരിക്കുന്നു. സംസ്‌ഥാനത്തെ പൊതുജനാരോഗ്യമേഖലയുടെ ഗുണനിലവാരത്തിന്റെ പ്രധാന അളവുകോൽ സർക്കാർ മെഡിക്കൽ കോളജുകളാണെന്നാണു സങ്കൽപം. അതുകൊണ്ടുതന്നെ, സർക്കാർ ആരോഗ്യമേഖലയ്ക്കാകെ നവോന്മേഷം പകരുന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ കൈകോർത്ത കോട്ടയം മെഡിക്കൽ കോളജ് ഈ നാടിന്റെ കയ്യടി അർഹിക്കുന്നു; അവിടത്തെ ആതുരശുശ്രൂഷകർ നമ്മുടെ ആദരവും. English Summary:
Editorial: Kottayam Medical College has achieved a rare feat by performing complex lung transplant surgery in the government sector. This achievement instills confidence in the health sector of Kerala. It is also the first government hospital in the country to transplant three major organs on the same day. |
|