കോഴിക്കോട് ∙ പേരാമ്പ്രയിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണെന്ന് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Also Read തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രവർത്തകർ നേർന്നു; വി.ഡി.സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം
സർവീസിൽനിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി പറഞ്ഞത്. ഡിജിപിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു.
Also Read ‘ലാലുവും നിതീഷുമെല്ലാം കുറേയായില്ലേ ഭരിക്കുന്നു’: അക്കൗണ്ടിലെത്തിയത് 10,000 രൂപ! ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലേക്ക്: ഛഠ് പൂജ രക്ഷിക്കുമോ?
‘‘എംപിയെ കൃത്യമായി ലക്ഷ്യമിട്ടു നടത്തിയ മർദനമാണെന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദിച്ചത് പിരിച്ചുവിട്ട ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനും. ഇതിൽ നടപടിയുണ്ടാകുന്നതു വരെ തുടർപ്രക്ഷോഭങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകും. സാധാരണഗതിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകൾക്ക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള സമരം കോൺഗ്രസിന്റെ രീതിയല്ല. എന്നാൽ നടപടിയുണ്ടാകാതെ പോയാൽ അതല്ലാതെ മറ്റു മാർഗമില്ല’’ – കെ.പ്രവീൺകുമാർ പറഞ്ഞു.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
മർദനമേറ്റ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പാർലമെന്റിന്റെ പ്രിവിലജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ എംപി പരാതി നൽകിയത്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ എംപി കാണിച്ച ചിത്രത്തിലുള്ളത് താൻ തന്നെയാണെങ്കിലും എംപിക്ക് മർദനം ഏൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്ന വാദമാണ് അഭിലാഷ് ഡേവിഡ് ഉയർത്തിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അന്വേഷണം വരുമ്പോൾ മറുപടി കൊടുക്കുമെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞിരുന്നു.
Also Read കാർ ഉടമയാണോ? അനാവശ്യ വാഹന ഇൻഷുറൻസ് പ്രീമിയം ഒഴിവാക്കാൻ ഈ കാര്യങ്ങൾ സഹായിക്കും
2022 ൽ തിരുവനന്തപുരം പേട്ടയിൽ ഗുണ്ടാ ആക്രമണത്തിനു പിന്നാലെയാണ് അഭിലാഷിനും മൂന്നു ഡിവൈഎസ്പിമാർക്കുമെതിരെ ഗുണ്ടാബന്ധം സംബന്ധിച്ച ആരോപണം ഉയർന്നത്. റെയിൽവേ ഇൻസ്പെക്ടർ ആയിരിക്കെയാണ് ഈ ആരോപണം വന്നത്. ശ്രീകാര്യം സ്റ്റേഷൻ ഹൗസ് ഓഫിസറായി പ്രവർത്തിച്ചുവരുമ്പോൾ ലൈംഗിക പീഡനം സംബന്ധിച്ച ഇരയുടെ പരാതിയിൽ കേസെടുക്കാൻ അഭിലാഷ് വീഴ്ച വരുത്തിയെന്ന ആരോപണവും പിന്നാലെയുണ്ടായി. ഇതേത്തുടർന്ന് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു 2023 ജനുവരി 23 ന് നോട്ടിസ് അയച്ചിരുന്നു. ഈ രണ്ടു പരാതിയിലും 22 മാസം സസ്പെൻഷൻ നേരിട്ട ശേഷം സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അഭിലാഷ് സമീപിച്ചു. അദ്ദേഹത്തിന്റെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം കൂടി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് പിന്നീട് നടപടിയിൽ ഇളവു വരുത്തിയത്. 2 ഇൻക്രിമെന്റ് ഒന്നായി കുറച്ച ശേഷം തിരുവനന്തപുരത്തിന് പുറത്തു നിയമിക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു പിരിച്ചുവിടൽ ഒഴിവാക്കി 2024 നവംബർ 27 ന് അഭിലാഷിനെ സർവീസിൽ തിരിച്ചെടുത്തത്.
അതേസമയം, പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും യുഡിഎഫ് പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിനു നേതൃത്വം നൽകിയ വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിന്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് ഈ മാസം 30 ന് രാവിലെ 10.30 ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് ആർ.ഷഹിൻ അറിയിച്ചു. പൊലീസ് അതിക്രമത്തിനു നേതൃത്വം നൽകിയ വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിനെ സസ്പെൻഡ് ചെയ്യണമെന്നും ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് ലാത്തികൊണ്ട് അടിച്ച ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതെന്നും ആർ.ഷഹിൻ പറഞ്ഞു. English Summary:
Congress to Intensify Protest Over Police Action Against Shafi Parambil: The incident involves allegations against a police officer and the subsequent lack of action, leading to escalating tensions and planned demonstrations by the Congress party.