ആലപ്പുഴ ∙ കാറും കോളും നിറഞ്ഞതായിരുന്നു ഇന്നലെ കാലാവസ്ഥ. പിഎം ശ്രീ വിവാദത്തിൽ സിപിഐ യോഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള ചർച്ചയും അങ്ങനെയായിരുന്നു. പുന്നപ്ര – വയലാർ വാർഷികാചരണ സമാപനച്ചടങ്ങിനായി മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ആലപ്പുഴയിലെത്തുന്നുണ്ട് എന്നതിനാലാണു ചർച്ചയ്ക്കും സിപിഐ യോഗത്തിനും നഗരത്തിൽ കളമൊരുങ്ങിയത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസായ മുല്ലയ്ക്കലിലെ ടിവി സ്മാരകവും മുഖ്യമന്ത്രി വിശ്രമിക്കാനെത്തിയ കളപ്പുരയിലെ ഗവ.ഗെസ്റ്റ് ഹൗസും ശ്രദ്ധാകേന്ദ്രങ്ങളായി.
- Also Read ‘മലക്കം മറിച്ചിൽ ഇല്ല; പിഎം ശ്രീയിലേത് തന്ത്രപരമായ നീക്കം, വർഗീയ അജൻഡയെ എതിർക്കും’
സിപിഐ എക്സിക്യൂട്ടീവ് നടക്കുമ്പോൾ പുറത്തു മാധ്യമപ്രവർത്തകർ കാത്തുനിന്നു. യോഗത്തിന്റെ നിലപാടു മുഖ്യമന്ത്രിയോടു പങ്കുവയ്ക്കാനായി പുറത്തേക്കു വന്ന ബിനോയ് വിശ്വം മാധ്യമങ്ങളോടു പ്രതികരിച്ചില്ല. മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആർ.അനിലും പാർട്ടി നേതാക്കളും സെക്രട്ടറിക്കു പിന്നാലെ ഗെസ്റ്റ് ഹൗസിലേക്ക്. രണ്ടാം നിലയിലെ മുഖ്യമന്ത്രിയുടെ മുറിയിൽ അദ്ദേഹം ബിനോയ് വിശ്വവുമായി ചർച്ച തുടങ്ങി. അൽപം കഴിഞ്ഞു ഒന്നാംനിലയിലെ മുറിയിൽ സിപിഐ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഒത്തുചേർന്നു. നാലരയോടെ ബിനോയ് മുഖ്യമന്ത്രിയുടെ മുറിയിൽനിന്നിറങ്ങി താഴത്തെ നിലയിലേക്കു പോയി. മുഖത്തെ പിരിമുറുക്കം വർധിച്ചതു പോലെ. തുടർന്ന് സെക്രട്ടേറിയറ്റ് യോഗം.
- Also Read ഫിസിക്കൽ ടെസ്റ്റിനായി ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു
അവിടെ വിഷയം ചർച്ച ചെയ്തു തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കാമെന്നായിരുന്നു ധാരണയെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളായിരുന്നു പിന്നെ. മുഖ്യമന്ത്രി വയലാറിലേക്കു 4.30നു പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും അര മണിക്കൂർ കൂടി അദ്ദേഹം മുറിയിലിരുന്നു. സിപിഐ യോഗത്തിൽനിന്നു രാജനും പ്രസാദും അനിലും 2 തവണ മുഖ്യമന്ത്രിയുടെ മുറിയിലേക്കു ദൂതു പോയെങ്കിലും യോജിപ്പിന്റെ ബിന്ദു തെളിഞ്ഞില്ലെന്നു സൂചിപ്പിക്കുന്നതായിരുന്നു അടുത്ത ചലനം. 5 മണിയോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം ചലിച്ചു. പിന്നാലെ മുഖ്യമന്ത്രി വയലാറിലെ പരിപാടിക്കായി പുറത്തേക്ക്.
- ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
- കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
- 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
ഒന്നാംനിലയിലെ മുറിയുടെ വാതിൽ അര മണിക്കൂർ കൂടി അടഞ്ഞുകിടന്നു. അഞ്ചരയോടെ പുറത്തുവന്ന ബിനോയ് വിശ്വത്തിന്റെ മുഖത്തു ഗൗരവം തന്നെ. ഇത്തവണ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞെങ്കിലും ഉച്ചത്തിലുള്ള ചോദ്യത്തോടു ചെറുതായി ക്ഷോഭിച്ചു. ‘മുഖ്യമന്ത്രിയുമായുള്ള സംഭാഷണം സൗഹാർദപരമായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമായിട്ടില്ല. അടുത്ത ഘട്ടം തീരുമാനം ആലോചിച്ച് അറിയിക്കാം’– ഇതായിരുന്നു പ്രതികരണത്തിന്റെ പൊരുൾ. പിന്നെ, മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടാൻ പുന്നപ്ര – വയലാർ പരിപാടിയിലേക്ക്.
ചർച്ച മണിക്കൂറുകൾ; പരിഹാരം അകലെ
രാവിലെ 9 – 11.15: പിഎം ശ്രീ വിഷയം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ.
രാവിലെ 11.40: രാവിലെ 10 നു നിശ്ചയിച്ചിരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തിൽ അൽപം നീട്ടിവച്ചശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ ആരംഭിച്ചു. 3 കഴിഞ്ഞും യോഗം നീളുന്നു.
ഉച്ചയ്ക്ക് 12.30: മുഖ്യമന്ത്രി ആലപ്പുഴയിലേക്ക്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിൽ കണ്ടു സംസാരിക്കുമെന്ന സൂചനകൾ പിന്നാലെ. കായംകുളത്ത് രാവിലെ 11 നു നിശ്ചയിച്ച പരിപാടിക്ക് ഒന്നരയോടെ മുഖ്യമന്ത്രി എത്തി. തുടർന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലും അമ്പലപ്പുഴ തോട്ടപ്പള്ളിയിലെ മുൻ നിശ്ചയിച്ച ചടങ്ങിലുമെത്തിയ ശേഷം ആലപ്പുഴ കളപ്പുരയിലെ ഗവ. ഗെസ്റ്റ് ഹൗസിലേക്ക്.
ഉച്ചകഴിഞ്ഞ് 3.30: ഗെസ്റ്റ് ഹൗസിന്റെ രണ്ടാം നിലയിലെ മുഖ്യമന്ത്രിയുടെ മുറിയിൽ ബിനോയ് വിശ്വമെത്തി. ഒരു മണിക്കൂറോളം ചർച്ച.
4.30: ബിനോയ് വിശ്വം പുറത്തേക്ക്. ഗെസ്റ്റ് ഹൗസിലെ ഒന്നാം നിലയിലെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. മുഖ്യമന്ത്രി സ്വന്തം മുറിയിൽ കാത്തിരിക്കുന്നു. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ എന്നിവർ ഇടയ്ക്കു 2 തവണ മുഖ്യമന്ത്രിയുടെ മുറിയിലേക്കു പോയി മടങ്ങിവന്നു.
5.35: യോഗത്തിനു ശേഷം സിപിഐ നേതാക്കൾ പുറത്തേക്ക്. പ്രശ്നങ്ങൾക്കു പരിഹാരമായിട്ടില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോടു പ്രതികരിക്കുന്നു.
5.30: മുഖ്യമന്ത്രി വയലാർ രക്തസാക്ഷി സ്മാരകത്തിലെ സമ്മേളന വേദിയിൽ.
6. 10: മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ബിനോയ് വിശ്വം വേദിയിലേക്ക്.
6.42: തോമസ് ഐസക്ക് പ്രസംഗിക്കുന്നതിനിടെ ഒരു കസേരയ്ക്കപ്പുറമിരിക്കുന്ന ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി തന്റെ അടുത്തുള്ള കസേരയിലേക്ക് വിളിച്ചിരുത്തുന്നു. ഇരുവരും തമ്മിൽ സംസാരിക്കുന്നു.
6.55: ബിനോയ് വിശ്വം പ്രസംഗം തുടങ്ങുമ്പോൾ മുഖ്യമന്ത്രി വേദി വിടുന്നു. English Summary:
Kerala Political Tensions: PM Shri controversy discussions in Alappuzha between Chief Minister Pinarayi Vijayan and CPI State Secretary Binoy Viswam ended without resolution, despite extensive meetings. The political tension was palpable as ministerial messengers shuttled between the parties, but fundamental issues remained unaddressed. |
|