തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് നഷ്ടമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. എൽഡിഎഫിന് ഇത്തവണ ക്ഷീണമുണ്ടായിട്ടുണ്ട്. എന്നാൽ, അത് രാഷ്ട്രീയമായ തിരിച്ചടിയല്ല. ആകെ വോട്ട് നോക്കിയാൽ ഭരണവിരുദ്ധ വികാരം ഒന്നുമില്ല. തിരുവനന്തപുരത്ത് സർക്കാരും കോർപറേഷനും രണ്ട് അധികാര കേന്ദ്രങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വി.കെ.പ്രശാന്ത് എംഎൽഎയോട് ഓഫിസ് ഒഴിയാൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ ആവശ്യപ്പെട്ട വിവാദത്തിൽ ഒരു കാര്യവുമില്ല. എംഎൽഎയെ ഇറക്കിവിടാനുള്ള അധികാരം ഡിജിപിക്ക് ഇല്ല, പിന്നെയല്ലേ കൗൺസിലർക്ക്. ഇതെല്ലാം ഒരുവിധം തരംതാണ ഏർപ്പാടുകളാണെന്നും മന്ത്രി വി.ശിവൻകുട്ടി മനോരമ ഓൺലൈനോട് പറഞ്ഞു.
- Also Read ‘ഹലോ, വിദ്യാഭ്യാസ മന്ത്രിയല്ലേ, വെക്കേഷന് സ്കൂളിൽ ക്ലാസ് എടുക്കുന്നു’; ഏഴാം ക്ലാസുകാരന്റെ പരാതി, പരിഹരിച്ച് ശിവൻകുട്ടി
∙ തിരുവനന്തപുരത്ത് സർക്കാരും കോർപറേഷനും രണ്ട് അധികാര കേന്ദ്രങ്ങളായി ഏറ്റുമുട്ടുകയാണോ ?
അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ആവശ്യമില്ലാത്ത, നിയമപരമായി നിലനിൽപ്പില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ട്. സംസ്ഥാന സർക്കാരിന്റെ അധികാരം എന്താണെന്നും കോർപറേഷന്റെ അധികാര പരിധി എവിടെ വരെയാണെന്നും ചിലർ മനസ്സിലാക്കുന്നില്ല. കോർപറേഷൻ ഒരു തീരുമാനം എടുത്താൽ ഇടപെടാനുള്ള അധികാരം സർക്കാരിന് ഉണ്ടെന്നു പോലും മനസ്സിലാക്കുന്നില്ല. കോർപറേഷന്റെ ഫണ്ട് എന്താണെന്നും സർക്കാർ 40 ശതമാനം പ്ലാൻ ഫണ്ട് കൊടുക്കുന്നുണ്ടെന്നും മനസ്സിലാക്കാതെയാണ് ഇടപെടൽ. യാതൊരു ധാരണയുമില്ലാത്ത നടപടികളാണ് കോർപറേഷൻ ഭരിക്കുന്നവർ നടത്തുന്നത്. ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ കേന്ദ്ര വിഹിതം എത്ര, സംസ്ഥാന വിഹിതം എത്ര എന്ന കാര്യം വന്നല്ലോ. അതിൽ കോർപറേഷന് കുറഞ്ഞ വിഹിതം മാത്രമേയുള്ളൂ. മറ്റു സംസ്ഥാനങ്ങളിലും ബസുകൾ ഓടിക്കുന്നത് ട്രാൻസ്പോർട്ട് കോർപറേഷനാണ്. അവർക്കേ ഇത് നടത്താൻ പറ്റുകയുള്ളൂ. ബസിന്റെ കാര്യത്തിൽ മേയർ മണ്ടത്തരമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മേയർ വി.വി.രാജേഷ്. ചിത്രം: മനോരമ
∙ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വരുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്?
പ്രധാനമന്ത്രി വരുമെങ്കിൽ അതിൽ സന്തോഷം. അങ്ങനെയെങ്കിലും കേരളത്തിന് കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും കിട്ടിയാൽ മതി. തിരുവനന്തപുരത്തുകാർക്ക് വേണ്ടി മാത്രമാണ് വരുന്നതെങ്കിൽ, നഗരവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം തെരുവുനായ്ക്കളാണ്. എല്ലാ ദിവസവും ആളുകളെ കടിക്കുന്നു. നായ്ക്കളെ കൊല്ലാൻ പറ്റില്ല. ചെയ്യാനുള്ളത് വലിയ തുക മുടക്കി ഒരു പദ്ധതിയുണ്ടാക്കി തെരുവുനായ ശല്യം അവസാനിപ്പിക്കുക എന്നതാണ്. നഗരത്തിനു വേണ്ടി എന്തെങ്കിലുമൊരു കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഈ കാര്യമാണ് പറയേണ്ടത്. ഇക്കാര്യത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തിയാൽ അത് കോർപറേഷന്റെ നേട്ടമായി അംഗീകരിക്കാൻ തയാറാണ്.
- Also Read മിസ്റ്റർ മേയർ, ഇത്തവണ താങ്കൾ പ്രശംസ അർഹിക്കുന്നത് രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ചില്ല എന്നതിനാലാണ്
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
∙ എംഎൽഎ ഓഫിസ് ഒഴിയാൻ ആർ.ശ്രീലേഖ ആവശ്യപ്പെട്ടത് വെറുമൊരു കെട്ടിട തർക്കം മാത്രമാണോ?
ആ വിവാദത്തിൽ ഒരു കാര്യവുമില്ല. രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങൾ നടക്കുന്നു. ബുൾഡോസർ രാജ് നടത്തി ആളുകളെ തെരുവിലാക്കുന്നു, ലേബർ കോഡുകൾ നടപ്പാക്കുന്നു, അങ്ങനെ എന്തെല്ലാം ചർച്ച ചെയ്യാനുണ്ട്. പ്രശാന്ത് എംഎൽഎയുടെ ഓഫിസ് ഒഴിയാൻ കൗൺസിലർ ആവശ്യപ്പെട്ടുണ്ടായ വിവാദം ആസൂത്രിതമായി സൃഷ്ടിച്ചതാണ്. അതൊന്നും വലിയ കാര്യമായി കാണേണ്ടതല്ല. കൗൺസിലർക്ക് എംഎൽഎയെ ഇറക്കിവിടാനുള്ള അധികാരമൊന്നും ഇല്ല. എംഎൽഎയെ ഇറക്കിവിടാനുള്ള അധികാരം ഡിജിപിക്ക് ഇല്ല, പിന്നെയല്ലേ കൗൺസിലർക്ക്. ഇതെല്ലാം ഒരുവിധം തരംതാണ ഏർപ്പാടുകളോ കുട്ടിക്കളിയോ ആണ്. ആർ.ശ്രീലേഖ. ചിത്രം: മനോരമ
∙ ഏറെ ആത്മവിശ്വാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയ എൽഡിഎഫിന് എന്താണ് സംഭവിച്ചത് ?
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഓരോ സ്ഥലത്തും ഓരോ കാരണങ്ങളാണ്. ആകെ വോട്ട് നോക്കിയാൽ ഭരണവിരുദ്ധ വികാരം ഒന്നുമില്ലെന്ന് കാണാം. എൽഡിഎഫ് പരിപൂർണമായി പരാജയപ്പെട്ടിട്ടൊന്നുമില്ല. തിരുവനന്തപുരം കോർപറേഷന്റെ കാര്യമെടുത്തു നോക്കൂ. ഭരണമാറ്റം സംഭവിച്ചെങ്കിലും ആകെ വോട്ടിൽ എൽഡിഎഫ് മുന്നിലാണ്. 15ഓളം വാർഡുകളിൽ 50 വോട്ടിന് താഴെയാണ് തോറ്റത്. 20ഓളം വാർഡുകളിൽ ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കി. തിരഞ്ഞെടുപ്പിലുണ്ടായത് ഒരു രാഷ്ട്രീയ തിരിച്ചടിയായി കാണാൻ പറ്റില്ല. ബിജെപിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഒരാൾ പോലും ഇല്ലല്ലോ. അതാണല്ലോ പൊളിറ്റിക്കൽ വോട്ടായി കണക്കാക്കാൻ പറ്റുക. പക്ഷേ, എൽഡിഎഫിന് ഇത്തവണ ക്ഷീണമുണ്ടായിട്ടുണ്ട്. അക്കാര്യം സമ്മതിക്കാതിരിക്കുന്നില്ല.
- Also Read തോൽവിയിൽ കലഹം; സിപിഐ അന്തരീക്ഷം മോശമാക്കുന്നെന്ന് സിപിഎം
∙ ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിൽ നിന്ന് അകന്നോ ?
അങ്ങനെ സംഭവിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സ്ഥലങ്ങളിൽ ചിലയിടത്ത് അങ്ങനെ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്.
∙ മന്ത്രിയുടെ മണ്ഡലമായ നേമത്തു നിന്ന് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. മത്സരം കടുക്കുമോ?
രാജീവ് ചന്ദ്രശേഖർ സ്വയം അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്. വി.മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവർക്ക് എങ്ങനെയാണ് ഇതെല്ലാം സ്വന്തമായി പ്രഖ്യാപിക്കാൻ സാധിക്കുന്നത് എന്നറിയില്ല. ബിജെപി, കോൺഗ്രസ് വോട്ട് കച്ചവടം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. രണ്ടു പാർട്ടികളുടെയും മനസ്സിലുള്ള ഏക ആഗ്രഹം സിപിഎമ്മിനെ തോൽപ്പിക്കുക എന്നതാണ്. ഇക്കാര്യം വരുമ്പോൾ ഇന്ത്യാ മുന്നണിയും മതേതരത്വവുമൊക്കെ കോൺഗ്രസ് മാറ്റിവയ്ക്കും. രാജീവ് ചന്ദ്രശേഖർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
∙ തിരുവനന്തപുരം കോർപറേഷനിലെ പരാജയത്തിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ ചിലർ കുറ്റപ്പെടുത്തുന്നതിൽ കഴമ്പുണ്ടോ ?
പരാജയമുണ്ടാകുന്ന സാഹചര്യത്തിൽ അങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണ്. ഞാൻ മേയറായിരുന്ന കാലഘട്ടത്തേക്കാൾ എത്രയോ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ വികസനങ്ങളെ കുറിച്ച് ഒരു സ്വതന്ത്ര ഏജൻസി പബ്ലിക് ഓഡിറ്റ് നടത്തട്ടെ. 100 വാർഡിലും നടത്തിയ വികസനങ്ങൾ പരിശോധിക്കട്ടെ. എന്നിട്ട്, ഒരു വികസനവും നടന്നിട്ടില്ലെന്ന് ആ ഏജൻസി പറയുകയാണെങ്കിൽ അത് അംഗീകരിക്കാം. അങ്ങനെയല്ലാതെ, വളർന്നുവരുന്ന ഒരു നേതാവിനെ തള്ളിപ്പറയേണ്ട ഒരു കാര്യവുമില്ല. ഇടതുപക്ഷത്ത് ഒരു കഴിവുള്ള നേതാവ് ഉയർന്നുവരുമ്പോൾ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോൾ. പിന്നെ, തെറ്റുകുറ്റങ്ങളും കുറവുകളും ഇല്ലാത്ത ആരാണ് ഈ ലോകത്ത് ഉള്ളത്.
∙ കോർപറേഷനും സർക്കാരും ഒരുമിച്ച് പോവുകയല്ലേ വികസനത്തിന് ആവശ്യം?
കോർപറേഷനും സർക്കാരും ഒരുമിച്ച് പോകും. ഞാൻ മേയർ ആയിരുന്നപ്പോൾ എ.കെ.ആന്റണിയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടറിയേറ്റ് കോർപറേഷൻ പരിധിക്കുള്ളിലാണല്ലോ, അതുകൊണ്ട് സെക്രട്ടറിയേറ്റ് പിടിച്ചെടുക്കും എന്നൊന്നും ഞാൻ പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ മേയർ വന്നയുടനെ അധികാരത്തിന്റെയും ധിക്കാരത്തിന്റെയും നടപടികളാണ് സ്വീകരിക്കുന്നത്. കെഎസ്ആർടിസി ബസുകൾ പിടിച്ചെടുക്കും, എല്ലാവരെയും ഒഴിപ്പിക്കും എന്നൊക്കെയല്ലേ പറയുന്നത്. ഇത് കേരളമല്ലേ. നടക്കുന്ന കാര്യം വല്ലതുമാണോ പറയുന്നത്. ഇതിന്റെയെല്ലാം പുറത്ത് ഒരു സർക്കാർ ഉണ്ടല്ലോ ഇവിടെ.
- Also Read പോറ്റിയുമായുള്ള പടത്തിൽ പലർ ഒപ്പം; ചോദ്യം ചെയ്യണോ, വേണ്ടയോ?
∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെ നേരിടാൻ എന്താണ് സർക്കാരിന്റെ പദ്ധതി?
തൊഴിൽ മേഖലയെ സാരമായി ബാധിക്കുന്നതാണ് ലേബർ കോഡ്. 29 നിയമങ്ങളിലൂടെ തൊഴിലാളികൾ അനുഭവിച്ചിരുന്ന പല അവകാശങ്ങളും ലേബർ കോഡിൽ വെട്ടിച്ചുരുക്കി. ലേബർ കോഡ് പഠിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ അധ്യക്ഷനായി സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് ലഭിച്ചാൽ കേന്ദ്രത്തിന് സമർപ്പിക്കും.
∙ പിഎം ശ്രീയിൽ കേന്ദ്രവുമായുള്ള ധാരണാപത്രം റദ്ദാക്കാനാണല്ലോ തീരുമാനം. ഇതിൽ അടുത്ത നടപടി എന്താണ് ?
പിഎം ശ്രീയിൽ പുതിയതായി ഒരു കാര്യവും തീരുമാനിച്ചിട്ടില്ല. നിലവിലെ സ്ഥിതി തുടരും.
- Also Read ‘പിഎം ശ്രീയിൽ സർക്കാരിന് വീഴ്ച, തോൽവിക്ക് അതും കാരണം; ആ വാർത്ത കേട്ടതോടെ എസ്ഐടിയെ യുഡിഎഫിന് സംശയം’: എം.വി. ഗോവിന്ദൻ
∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ എന്താണ് പ്രത്യേകത ?
കഴിഞ്ഞ വർഷങ്ങളെ പോലെ ഈ പ്രാവശ്യവും ഏറ്റവും മെച്ചപ്പെട്ട രീതിയിൽ കലോത്സവം സംഘടിപ്പിക്കും. വിധികർത്താക്കളെ കൂടുതൽ ശ്രദ്ധയോടെയാണ് ഈ പ്രാവശ്യം തിരഞ്ഞെടുക്കുന്നത്. അതുവഴി, പരാതിരഹിത കലോത്സവം എന്നതാണ് ലക്ഷ്യമിടുന്നത്. വിധിനിർണയം കൂടുതൽ കുറ്റമറ്റതാക്കുന്നതിന് അടുത്ത വർഷത്തെ കലോത്സവം മുതൽ വിധികർത്താക്കൾക്ക് നിയമപരമായ ചട്ടക്കൂട് കൊണ്ടുവരുന്നത് പരിഗണിക്കും. വിധിനിർണയത്തിൽ ക്രമക്കേടുകൾ സംഭവിച്ചാൽ ക്രിമിനൽ കുറ്റമായിക്കണ്ട് നടപടികൾ സ്വീകരിക്കും. കൃത്യമായ വിധിനിർണയത്തിന് താൽപര്യമുള്ളവർ വന്നാൽ മതി. തെറ്റുചെയ്താൽ ജയിലിൽ പോകുമെന്ന് വിധികർത്താവിന് ധാരണയുണ്ടാകണം.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം V Sivankutty എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Interview with V.Sivankutty: The interview addresses LDF\“s performance, minority vote shifts, and issues in Thiruvananthapuram Corporation. V. Sivankutty says the CPM lost minority votes in some areas during the local body polls, but it\“s not a political setback. The DGP has no authority to evict an MLA, let alone a Councillor; the controversy is insignificant. |