സ്വന്തം കുടുംബത്തില്‍ നേരിട്ട ദുരന്തത്തിനു പിന്നാലെ അപ്രതീക്ഷിതമായി പൊതുരംഗത്തേക്കു കടന്നുവന്ന രണ്ടു സ്ത്രീകളായിരുന്നു കഴിഞ്ഞ 30 വര്‍ഷം ബംഗ്ലദേശിനെ നയിച്ചുകൊണ്ടിരുന്നത്. ചിരവൈരികളായ അവര്‍ ബംഗ്ലദേശിന്റെ ബീഗങ്ങള്‍ എന്നറിയപ്പെട്ടു. അതായിരുന്നു ഖാലിദ സിയയും ഷെയ്ഖ് ഹസീനയും. കാലേക്കൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ല രാഷ്ട്രീയത്തിലേക്കുള്ള ഇവരുടെ രംഗപ്രവേശം. പിതാവ് മുജീബുര്‍ റഹ്മാനും മറ്റ് കുടുംബാംഗങ്ങളും ക്രൂരമായി കൊല ചെയ്യപ്പെട്ടതോടെ ഷെയ്ഖ് ഹസീനയും ഭര്‍ത്താവ് സിയാവുര്‍ റഹ്മാന്‍ വധിക്കപ്പെട്ടതിനു പിന്നാലെ ഖാലിദയും രാഷ്ട്രീയം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വന്‍മരങ്ങള്‍ വീണുപോകുമ്പോള്‍ അവരുടെതന്നെ കുടുംബത്തില്‍നിന്നു പിന്‍ഗാമിയെ തേടുകയും സഹതാപത്തിന്റെ പിന്തുണയോടെ വിജയം തേടുന്ന പതിവ് രാഷ്ട്രീയത്തിന്റെ ഉല്‍പന്നങ്ങളായിരുന്നു ഇരുവരും.
- Also Read ഖാലിദ സിയ അന്തരിച്ചു; ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത
രാഷ്ട്രീയത്തിലേക്കു പറിച്ചു നടപ്പെട്ട ഖാലിദ
ജീവിതത്തിന്റെ പകുതിയിലേറെയും സിയാവുറിന്റെ പത്‌നിയെന്ന ലേബലില്‍ ജീവിച്ച ഖാലിദ സിയ തികഞ്ഞ വീട്ടമ്മയായിരുന്നു. മക്കളായ താരിഖിനെയും അറാഫത്തിനെയും വളര്‍ത്തുന്നതിലും സിയാവുറിന്റെ കാര്യത്തിലും മാത്രമായിരുന്നു അവര്‍ക്ക് ശ്രദ്ധ. എന്നാല്‍ 1981 മാര്‍ച്ച് 30ന് ഒരു കൂട്ടം സൈനികരുടെ വെടിയേറ്റ് സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതോടെ ഖാലിദ സിയ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് പറിച്ചു നടപ്പെട്ടു.
- Also Read താരിഖ് തിരിച്ചെത്തി, കുടുംബവും പൂച്ചയുമായി; അവസാനിച്ചത് 17 വർഷത്തെ വിദേശവാസം, ധാക്കയിൽ അതീവ സുരക്ഷ
സിയയുടെ വധത്തിനുശേഷം ബംഗ്ലദേശില്‍ അധികാരം പിടിച്ചത് സിയ തന്നെ നിയമിച്ച സൈനിക മേധാവി ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദായിരുന്നു. രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന ഇര്‍ഷാദിനെ എതിരിടാന്‍ സിയയോളം പോന്ന മറ്റൊരാള്‍ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയില്‍ അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും നേതൃസ്ഥാനം ഖാലിദയിലേക്കു വന്നെത്തി. താനൊരിക്കലും രാഷ്ട്രീയത്തിലേക്കു വരാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതാക്കളുടെയും ജനങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും പിന്നീട് ഖാലിദ സിയ വ്യക്തമാക്കിയിട്ടുണ്ട്. ബിഎന്‍പിയില്‍ എത്തിയതിനുശേഷം ഖാലിദയുടെ മറ്റൊരു മുഖമാണ് ലോകം കണ്ടത്. ഇതേസമയത്തുതന്നെ, ഷെയ്ഖ് ഹസീനയും ബംഗ്ലദേശിലേക്കു തിരിച്ചെത്തിയിരുന്നു. ഇര്‍ഷാദ് ഭരണകൂടത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച ഖാലിദ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഉള്‍പ്പെടെ ഏഴു പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സമരത്തിനിറങ്ങി.
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
1984ല്‍ ഖാലിദയെ ബിഎന്‍പിയുടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇര്‍ഷാദിനെതിരെ ഭരണത്തിനെതിരെ രാജ്യവ്യാപക സമരം സംഘടിപ്പിച്ചതോടെ ഖാലിദ വീട്ടുതടങ്കലിലായി. അവിടെനിന്നും ഖാലിദ ബിഎന്‍പിയെ നയിച്ചു. മാസങ്ങള്‍ വീണ്ട പ്രക്ഷോഭത്തിനൊടുവില്‍ 1990ല്‍ ഇര്‍ഷാദ് പുറത്താക്കപ്പെട്ടതോടെ ഖാലിദയെ സിയ സിയാവുറിന്റെ യഥാര്‍ഥ പിന്‍ഗാമിയായി ബംഗ്ലദേശ് അംഗീകരിക്കുകയായിരുന്നു. ബംഗ്ല ജനത അവര്‍ക്കു പിന്നില്‍ അണിനിരന്നു. മികച്ച വാഗ്മിയോ തത്വജ്ഞാനിയോ അല്ലാതിരുന്നിട്ടും അവരെ കേള്‍ക്കാന്‍ ആളുകൂടി. 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിഎന്‍പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഖാലിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബംഗ്ലദേശിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി. ലോകത്ത് ബേനസീര്‍ ഭൂട്ടോയ്ക്കുശേഷം പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ മുസ്‌ലിം വനിത തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങള്‍ ഖാലിദയെ തേടിയെത്തി. ഇസ്‌ലാമിക ആശയങ്ങളിലൂന്നിയ ബംഗ്ലദേശെന്ന സിയയുടെ പാത തന്നെയാണ് ഖാലിദയും പിന്തുടര്‍ന്നത്. രാജ്യത്തെ കൂടുതല്‍ സ്വകാര്യവല്‍ക്കരിച്ച് സമ്പദ്‌വസ്ഥ മെച്ചപ്പെടുത്തുന്നിനും അവര്‍ ഊന്നല്‍ നല്‍കി.
പെൺകുട്ടികളെ പഠിപ്പിച്ച ഖാലിദ
ബംഗ്ലദേശില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഖാലിദ സിയ നടത്തിയ ഇടപെടലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബംഗ്ലദേശില്‍ കടുത്ത ലിംഗവിവേചനം നിലനില്‍ക്കുന്ന സമയമായിരുന്നു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതു തന്നെ വിരളം. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍, പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്നതായിരുന്നു രീതി. പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിക്കൊണ്ടും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടും ഖാലിദ ചരിത്രം സൃഷ്ടിച്ചു. ഫീമെയില്‍ സെക്കന്‍ഡറി സ്‌കൂള്‍ അസിസ്റ്റന്‍സ് പ്രോഗ്രാമെന്ന പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡ് അനുവദിക്കുകയും ട്യൂഷന്‍ ഫീസ് ഒഴിവാക്കുകയും ചെയ്തു. 10ാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി. ഒപ്പം സൗജന്യ ഭക്ഷണവും നല്‍കി. തീര്‍ത്തും ദരിദ്രരായിരുന്ന ബംഗ്ലദേശ് ജനതയ്ക്കു സൗജന്യ ഭക്ഷണം തന്നെ വലിയ അനുഗ്രഹമായിരുന്നു. വിദ്യാഭ്യാസ ബജറ്റിലും അവര്‍ വലിയ മാറ്റങ്ങള്‍ വരുത്തി. 1994ല്‍ വിദ്യാഭ്യാസത്തിന് അനുവദിച്ച തുകയില്‍ 60 ശതമാനത്തിന്റെ വര്‍ധനയാണ് ഖാലിദ സിയ വരുത്തിയത്. ഇതോടെ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. ശൈശവ വിവാഹങ്ങളും വന്‍തോതില്‍ കുറഞ്ഞു. തല്‍ഫലമായി 1990ല്‍ 31% മാത്രമായിരുന്ന സെക്കന്‍ഡറി സ്‌കൂള്‍ വിജയ ശതമാനം 1995 ആയപ്പോഴേക്കും 73 ശതമാനമായി വര്‍ധിച്ചു.
- Also Read 17 വർഷത്തിനു ശേഷം താരിഖ് റഹ്മാൻ ബംഗ്ല മണ്ണിൽ; ദരിദ്രരെ ചേർത്തു പിടിക്കണമെന്നു മാർപാപ്പ: – പ്രധാന ലോക വാർത്തകൾ
ഇന്ത്യയെ അകറ്റിയ ‘ലുക്ക് ഈസ്റ്റ്’
എന്നാല്‍ വിദേശ നയത്തില്‍ ഖാലിദ സിയ ഇന്ത്യയുടെ ശത്രുപക്ഷത്തായിരുന്നു. ചൈനയോടും യുഎസിനോടും പാക്കിസ്ഥാനോടും അറബ് രാജ്യങ്ങളോടും ആഭിമുഖ്യം പുലര്‍ത്തുകയും ഇന്ത്യയെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ‘ലുക്ക് ഈസ്റ്റ്’ നയമായിരുന്നു ഖാലിദ സിയ സ്വീകരിച്ചിരുന്നത്. ഇന്ത്യാവിരുദ്ധത തന്നെയായിരുന്നു ബിഎന്‍പിയുടെ രാഷ്ട്രീയം എന്നു വച്ചുപുലര്‍ത്തിയിരുന്നതും. സ്ഥിരംശത്രുവായ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഇന്ത്യയോടു മൃദു സമീപനം സ്വീകരിച്ചതും ബിഎന്‍പിയുടെ എതിര്‍പ്പ് ഇരട്ടിയാക്കി. 2001ല്‍ രണ്ടാമതും ബംഗ്ലദേശ് പ്രധാനമന്ത്രിയായപ്പോള്‍ തീവ്ര ഇസ്‌ലാമിക സംഘടനകളായ ജമാ അത്തെ ഇസ്‌ലാമിയുമായും ഇര്‍ഷാദിന്റെ പാര്‍ട്ടിയായ ജാട്ടിയോ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയതോടെ ഖാലിദ സിയ കൂടുതല്‍ വലതുപക്ഷത്തേക്കു ചാഞ്ഞു. അത്രതന്നെ ഇന്ത്യാവിരുദ്ധതയും. ഖാലിദയുടെ ഭരണകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന സംഘടനകള്‍ക്ക് ബംഗ്ലദേശ് സുരക്ഷിത താവളമാകുകയും ചെയ്തു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയും ധാക്കയില്‍ സജീവമായി. പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരര്‍ ബംഗ്ലദേശ് വഴി ഇന്ത്യയിലേക്ക് കടക്കുന്നതും വര്‍ധിച്ചിരുന്നു.
- Also Read ബംഗ്ലദേശ് രാഷ്ട്രീയത്തെ ഒരുക്കിയ പെൺയുദ്ധം: പ്രഭാവം പോയ്മറഞ്ഞ് ‘ബാറ്റിൽ ഓഫ് ബീഗംസ്’; നിയമവാഴ്ചയെ വിഴുങ്ങിയ കലഹം
ബാറ്റില്‍സ് ഓഫ് ബീഗംസ്
ഇതിനെല്ലാമുപരി ഖാലിദ സിയ ശ്രദ്ധിക്കപ്പെട്ടത് മറ്റൊന്നു കൂടിക്കൊണ്ടായിരുന്നു. ഖാലിദ സിയയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള പോര്. തൊണ്ണൂറുകള്‍ മുതല്‍ ഹസീനയും ഖാലിദയുമാണ് മാറിമാറി ബംഗ്ലദേശിന്റെ തലപ്പത്തിരുന്നത്. ഇരുവരും തമ്മിലുള്ള ശത്രുത ബീഗങ്ങളുടെ പോരാട്ടമെന്ന പേരില്‍ (ബാറ്റില്‍സ് ഓഫ് ബീഗംസ്) ലോകം ശ്രദ്ധിച്ചു. ഒരാള്‍ അധികാരത്തിലെത്തുമ്പോള്‍ മറ്റേയാള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് മാറിയും തിരിഞ്ഞും തുടര്‍ന്നു. 2009ല്‍ ഷെയ്ഖ് ഹസീന അധികാരത്തിലെത്തിയപ്പോള്‍ എണ്ണമറ്റ അഴിമതി, ക്രിമിനല്‍ക്കേസുകളാണ് ഖാലിദയ്‌ക്കെതിരെ ചുമത്തിയത്. 2018ല്‍ ഖാലിദ സിയ ജയിലിലായി. പക്ഷാഘാതമുള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയ ഖാലിദയെ 2020ല്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷമാണ് ഖാലിദ സിയ സ്വതന്ത്രയാക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അടുത്തയാളുടെ വീഴ്ചയാണ് ബംഗ്ലദേശ് ബീഗങ്ങളെ വളര്‍ത്തിയിരുന്നത്. ഹസീനയുടെ വീഴ്ച ഖാലിദയ്ക്കും ഖാലിദയ്ക്കുണ്ടാകുന്ന തിരിച്ചടി ഹസീനയ്ക്കും വളമായിരുന്നു. ഖാലിദയുടെ മരണത്തോടെയും ഹസീനയുടെ പലായനത്തോടെയും ബീഗങ്ങളൊഴിഞ്ഞ ബംഗ്ലദേശാണ് ഇനിയുള്ളത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NewsAlgebraIND/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Khaleda Zia: From Housewife to Leader: Khaleda Zia\“s political journey began unexpectedly after a family tragedy propelled her into leadership. |