താമരശ്ശേരി (കോഴിക്കോട്) ∙ പുതുവത്സരാഘോഷത്തിന് വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ വാഹന ബാഹുല്യത്തിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം. മണിക്കൂറുകൾ നീണ്ട കുരുക്കിലേക്കാണു പലപ്പോഴും ചുരം യാത്ര വഴിമുട്ടുന്നത്. ഇത്തവണ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതു ജനുവരി രണ്ടാം വാരത്തിലായതിനാൽ പുതുവത്സരത്തോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ചുരം കയറി വയനാട് കാണാനെത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതാണു ചുരത്തിലെ ഗതാഗതത്തെ കൂടുതൽ കുരുക്കിയത്. വരും ദിനങ്ങളിലും ചുരത്തിൽ കുരുക്കേറുമെന്ന സ്ഥിതിയാണു നിലവിലുളളത്. ഞായറാഴ്ച വയനാട്ടിൽനിന്ന് ചുരം ഇറങ്ങാൻ എത്തിയ വാഹനങ്ങളുടെ നിര പഴയ വൈത്തിരി വരെ എത്തിയിരുന്നു. ചരക്കുവാഹനങ്ങൾക്കു ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ചുരത്തിലെ ഗതാഗതനിയന്ത്രണങ്ങൾ തെറ്റിച്ച് വരിമാറി കയറുന്ന വാഹനങ്ങളാണ് പലപ്പോഴും ഗതാഗതക്കുരുക്കുകൾക്ക് ഇടയാക്കുന്നത്. അടിവാരം മുതൽ ലക്കിടി വരെയുള്ള 10 കിലോമീറ്റർ ചുരം കയറിയെത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്.
- Also Read സഞ്ചാരികൾ കൂട്ടത്തോടെ വയനാട്ടിലേക്ക്; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി കൽപറ്റ, ബത്തേരി ടൗണുകൾ
∙ കൂടുതൽ പൊലീസ് രംഗത്ത്
അവധിക്കാലത്തെ തിരക്കു പരിഗണിച്ച് ചുരത്തിലെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പൊലീസിനെ നിയോഗിച്ചതായി കോഴിക്കോട് റൂറൽ എസ്പി കെ.ബൈജു മനോരമ ഓൺലൈനോടു പറഞ്ഞു. മൾട്ടി ആക്സിൽ വാഹനങ്ങൾ രാവിലെ ചുരത്തിലൂടെ കടത്തിവിടുന്നില്ല. എല്ലാ വളവുകളിലും ആവശ്യത്തിന് പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ കൃത്യമായ ഗതാഗത നിയമങ്ങൾ പാലിക്കണം. വയനാട്ടിൽനിന്ന് ആശുപത്രി, വിമാനത്താവളം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്കു പോകുന്നവർ യാത്രാദൈർഘ്യം പരിഗണിച്ച് നേരത്തെ ഇറങ്ങണമെന്നും വെള്ളവും ഭക്ഷണവും കൈയിൽ കരുതണമെന്നും ചുരം സംരക്ഷണസമിതിയും പൊലീസും നിർദേശിച്ചു.
- Also Read പൊന്മുടി ‘ഹാപ്പി ന്യൂ ഇയറി’ലേക്ക്; സഞ്ചാരികൾ ഒഴുകുന്നു
ചുരത്തിലെ കുരുക്കു പരിഹരിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലാ കലക്ടർക്കു നിവേദനം നൽകിയിരുന്നു. ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കു കനത്ത പിഴ ചുമത്തി കർശന നിയന്ത്രണം വേണമെന്ന ആവശ്യവും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ഉയർത്തുന്നു.
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
MORE PREMIUM STORIES
ബദൽപാതകളില്ലാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടാൽ യാത്രക്കാർ ചുരംറോഡിൽ തന്നെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടിവരുന്ന സ്ഥിതിയാണു നിലവിലുള്ളത്. വാഹനം പാതിവഴിയിൽ തിരിക്കാനോ യു-ടേൺ എടുക്കാനോ സാധ്യമല്ലാത്ത സാഹചര്യത്തിൽ അത്യാവശ്യ യാത്രക്കാർ കുറച്ചു സമയം മുൻകൂട്ടി ഇറങ്ങുകയും വെള്ളവും ലഘുഭക്ഷണവും കരുതുകയും ചെയ്യണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
∙ ചുരം കയറിയെത്തിയാലും കുരുക്ക്
ചുരം കയറി വയനാട്ടിലെത്തിയാൽ അവിടെയും കുരുക്കെന്ന സ്ഥിതിയും നിലവിലുണ്ട്. കൽപറ്റ, ബത്തേരി, മീനങ്ങാടി, വൈത്തിരി, തളിപ്പുഴ, ലക്കിടി ടൗണുകൾ പിന്നിട്ട ദിവസങ്ങളിൽ ഗതാഗതക്കുരുക്കിൽ അമർന്നു. തിങ്കളാഴ്ച രാവിലെയും സ്ഥിതി വ്യത്യസ്തമല്ല. രാവിലെ മുതൽ രാത്രി ഏഴു മണി വരെയാണ് ശനി, ഞായർ ദിനങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായത്. കൽപറ്റയിലും ബത്തേരിയിലും പല ഹോട്ടലുകളിലും പ്രത്യേകം പാർക്കിങ് സ്ഥലങ്ങൾ ഇല്ലാത്തതിനാൽ റോഡ് അരികിലും മറ്റും വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നും മറുവശത്ത് മൈസൂരു, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽനിന്നുമാണ് വയനാടൻ കുളിർ തേടി സഞ്ചാരികൾ അധികവും എത്തുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വയനാട്ടിലെ പ്രധാന ടൗണുകളിൽ ഒരു കിലോമീറ്റർ പിന്നിടാൻ ശരാശരി അരമണിക്കൂറോളമാണ് കാത്തുകിടക്കേണ്ടതായി വരുന്നത്.
∙ സജീവമായി എൻഊര്, പൂപ്പൊലിക്കും അരങ്ങൊരുങ്ങി
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എൻഊരിൽ സഞ്ചാരികളുടെ പ്രവാഹം ഏറെയാണ്. പിന്നിട്ട ദിവസങ്ങളിൽ പ്രതിദിനം ശരാശരി നാലായിരത്തോളം പേരാണ് ഇവിടെയെത്തിയത്. സംസ്ഥാനത്തെ തന്നെ പ്രധാന പുഷ്പോത്സവങ്ങളിൽ ഒന്നായ അമ്പലവയൽ പൂപ്പൊലിക്ക് പുതുവത്സര ദിനത്തിൽ തുടക്കമാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് പരിധിവിട്ട് ഉയരുമെന്ന സാഹചര്യമുണ്ട്. സഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾ കൂടി പുഷ്പോത്സവം കാണാനായി എത്തുന്നതോടെ തിരക്കു നിയന്ത്രണം എങ്ങനെ കാര്യക്ഷമമായി നടപ്പാക്കും എന്നതിൽ തലപുകയ്ക്കുകയാണ് ജില്ലാ പൊലീസ്.
∙ 37 കോടിയുടെ നവീകരണം, മുറിക്കുന്നത് 393 മരം
ചുരം വളവുകൾക്കു വീതി കൂട്ടി ഗതാഗതം സുഗമമാക്കാനുള്ള നടപടികൾക്ക് ഈ മാസം ആദ്യം തുടക്കമിട്ടിരുന്നു. ഏറ്റവുമധികം കുരുക്ക് അനുഭവപ്പെടുന്ന 6,7,8 വളവുകൾക്കു വീതി കൂട്ടുന്ന ജോലികളാണ് തുടങ്ങിവച്ചത്. 2018 ൽ വനംവകുപ്പ് വിട്ടുകൊടുത്ത സ്ഥലത്തെ 393 മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾക്കും തുടക്കമായിരുന്നു. ഇത് പൂർത്തിയാകുന്നതോടെ സംരക്ഷണഭിത്തി കെട്ടി റോഡിന് വീതി കൂട്ടും. അവധിക്കാല തിരക്കുകൾക്ക് ശേഷം ഈ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് അധികൃതർ ശ്രമിക്കുന്നത്. 37 കോടി രൂപയാണ് ഈ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയത്. ഡൽഹിയിലെ ചൗധരി കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് വീതി കൂടുന്ന നടപടികളുടെ ചുമതല. നവീകരണം ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. English Summary:
Heavy Traffic Congestion in Thamarassery Churam: Wayanad traffic congestion is severe due to increased tourist flow, especially through Thamarassery Churam. Travelers are advised to take precautions and expect delays, particularly during peak holiday seasons and weekends. |