കോഴിക്കോട് ∙ മാസങ്ങൾ മാത്രം അകലെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിൽ ആത്മവിശ്വാസത്തിന്റെ കൊടുമുടിയേറി യുഡിഎഫ്. ശബരിമലയിലെ സ്വർണക്കവർച്ച, മെഡിക്കൽ കോളജ് ഉൾപ്പെടെ ആരോഗ്യമേഖലയിലെ പാളിച്ചകൾ വെളിപ്പെടുത്തിയ തുറന്നുപറച്ചിലുകൾ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിഎം ശ്രീയിൽ മുന്നണിക്കുള്ളിൽ തന്നെയുണ്ടായ പടലപ്പിണക്കങ്ങൾ തുടങ്ങിയവ ഇടതുപക്ഷത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.
- Also Read ബൂത്തുകൾ കയറിയിറങ്ങി ദീപ, റിപ്പോർട്ടുകളുമായി കനഗോലു; ‘ഡൂ ഓർ ഡൈ’ സന്ദേശം വാശിയായി
ജനക്ഷേമ പരിപാടികളുയർത്തി മാസങ്ങൾക്ക് മുൻപു തന്നെ സർക്കാർ സംവിധാനങ്ങളിലൂടെ തുടക്കമിട്ട പ്രചാരണപരിപാടികൾ വോട്ടാകുമെന്നായിരുന്നു ഇതിനിടയിലും ഇടതുപക്ഷത്തിന്റെയും മുന്നണിക്കു നേതൃത്വം നൽകുന്ന സിപിഎം നേതൃത്വത്തിന്റെയും പ്രതീക്ഷ. എന്നാൽ ഒരേ സമയം ഭൂരിപക്ഷ–ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ മറുപക്ഷത്തേക്ക് പോകുന്ന ദശാസന്ധിക്കാണ് ഇടതുപക്ഷം സാക്ഷ്യം വഹിച്ചത്. മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷ പുലർത്തിയെങ്കിലും ഇത്ര വലിയ മികവ് കാട്ടാനാകുമെന്ന് നേതാക്കൾ പോലും കരുതിയിരുന്നില്ലെന്നതാണ് വാസ്തവം. മറുവശത്ത് ഇത്ര വമ്പൻ തിരിച്ചടി നേരിടുമെന്ന് എൽഡിഎഫും വിലയിരുത്തിയില്ല.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കോർപറേഷൻ ഭരണം പിടിക്കാനായത് ബിജെപിക്കു പകരുന്ന ഊർജം ചെറുതല്ല. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ ആത്മഹത്യ ഉയർത്തിയ പ്രതിസന്ധിക്കിടയിലും ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ നഗരസഭ പിടിക്കാനായത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ ഒരു പിടി സീറ്റുകളിൽ മികച്ച വിജയം നേടാനാകുമെന്ന ശുഭസൂചനയായാണ് എൻഡിഎ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
- രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
- കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
- ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
പ്രധാനമന്ത്രിയും രാഷ്ട്രപതിയും മറ്റും തിരുവനന്തപുരത്ത് എത്തുമ്പോൾ താമര അടയാളത്തിൽ ജയിച്ച മേയർ സ്വീകരിക്കാൻ ഉണ്ടാകുകയെന്ന ബിജെപിയുടെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ യാഥാർഥ്യമാകുന്നത്.
∙ മാറ്റമുൾക്കൊണ്ട യുഡിഎഫിന്റെ മികവ്
നിയമസഭയിൽ 2021ൽ തുടർച്ചയായ രണ്ടാം വട്ടവും തോൽവി നേരിട്ടതോടെ സംഘടനയെന്ന നിലയിൽ കോൺഗ്രസിലും മുന്നണിയെന്ന നിലയിൽ യുഡിഎഫിലും നടപ്പാക്കിയ ക്രിയാത്മക മാറ്റങ്ങളുടെ പ്രതിഫലനമാണ് തുടർന്നു വന്ന ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും വലതുമുന്നണിക്ക് അനുകൂലമായ മുന്നേറ്റങ്ങളിൽ കാണാനാകുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ടുണ്ടായ സ്ത്രീപീഡന പരാതികൾ മുന്നണിക്കും സംഘടനയ്ക്കും തിരിച്ചടിയാകും മുൻപു തന്നെ തിരിച്ചറിഞ്ഞ് മാങ്കൂട്ടത്തിലിനെ കയ്യൊഴിയാനുള്ള ചടുലമായ തീരുമാനം കോൺഗ്രസിലും മുന്നണിയിലുമുണ്ടായ മാറ്റം വെളിപ്പെടുത്തുന്നതായി.
തിരിച്ചടിയായേക്കാവുന്ന ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ തീരുമാനം വൈകിയെടുക്കുന്ന പതിവുശൈലി വിട്ട് സംഘടനയുടെയും മുന്നണിയുടെയും ധാർമിക നിലപാട് ഉയർത്തിപ്പിടിക്കുന്ന നീക്കമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നു തന്നെ പുറംതള്ളിയ നിലപാട് വോട്ടർമാർക്കിടയിൽ വിലയിരുത്തപ്പെട്ടത്. കൈപിടിച്ച് ഒപ്പം നടത്തിയ മാങ്കൂട്ടത്തിലിനെ ഈ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി പോലും തള്ളിപ്പറയുന്ന കാഴ്ചയും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കണ്ടു. 2020 ൽ 14 ജില്ലാ പഞ്ചായത്തിൽ പതിനൊന്നും ആറിൽ അഞ്ച് കോർപറേഷനുകളും നൂറോളം ബ്ലോക്ക് പഞ്ചായത്തുകളും ഇടതുപക്ഷത്തിന് മുന്നിൽ അടിയറ വച്ച യുഡിഎഫ് ഇത്തവണ ഏഴു ജില്ലാ പഞ്ചായത്തിലും അൻപതിലേറെ മുനിസിപ്പാലിറ്റിയിലും നാലു കോർപറേഷനിലും മുന്നിലെത്തിയാണ് മികവ് കാട്ടിയത്.
മുസ്‌ലിം ലീഗ് ഉൾപ്പെടെ മുന്നണിയിലെ എല്ലാ കക്ഷികളും ഒരേ മനസ്സോടെ വിയർപ്പൊഴുക്കി നേടിയ വിജയത്തിൽ ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരായി ഉണ്ടായ വികാരം ഇരട്ടിനേട്ടമായി. 25 കൊല്ലമായി കൈവിട്ട കൊല്ലം നഗരസഭ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും പിടിച്ചെടുക്കാനായത് യുഡിഎഫിന് തെക്കൻ കേരളത്തിൽ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കൊച്ചി നഗരസഭയിലെ തിളക്കമാർന്ന വിജയവും ഇടതുകോട്ടയായ കണ്ണൂരിൽ 56 ൽ 36 സീറ്റും നേടിയ പ്രകടനവും മധ്യ–വടക്കൻ കേരളത്തിൽ യുഡിഎഫിന്റെ തേരോട്ടത്തിന്റെ നേർക്കാഴ്ചകളാണ്.
പെരിന്തൽമണ്ണയും നിലമ്പൂരുമൊക്കെ തിരിച്ചുപിടിച്ച മുസ്‌ലിം ലീഗ് മലപ്പുറം ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ മികച്ച തിരിച്ചുവരവാണ് നടത്തിയത്. കോഴിക്കോട് കോർപറേഷനിൽ 45 വർഷത്തോളമായി അപമാദിത്വത്തോടെ തുടരുന്ന ഇടതുപക്ഷത്തെ 34 സീറ്റിലൊതുക്കി 24 സീറ്റ് നേടി മികവു കാട്ടാനും യുഡിഎഫിനായി.
ഇടതുമുന്നണിക്കൊപ്പം പോയ കേരള കോൺഗ്രസ്(എം) പാർട്ടിക്ക് പൊതുവേ പിന്തുണ നൽകുന്ന ക്രൈസ്തവ വോട്ടുകളിൽ ഒരു ഭാഗം ഇടതുമുന്നണിയിലെ ചില നയങ്ങളോടുള്ള എതിർപ്പിൽ ചിതറി യുഡിഎഫിലേക്ക് പോയെന്ന സൂചനയും കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെ തദ്ദേശതിരഞ്ഞെടുപ്പ് ഫലസൂചനകളിലുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിർത്താനായാൽ തദ്ദേശതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണം പിടിക്കാനുള്ള ദിശാസൂചകം തന്നെയാണെന്നാണ് യുഡിഎഫിന്റെ പൊതുവായ വിലയിരുത്തൽ.
∙ ആവേശത്തിരയിൽ ബിജെപി
ഭരണസിരാകേന്ദ്രം നിലകൊള്ളുന്ന തലസ്ഥാനത്തെ കോർപറേഷനിൽ 50 സീറ്റ് നേടി ഭരണം ഉറപ്പിച്ച ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും എക്കാലത്തെയും വലിയ വിജയമാണ് സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ കുറിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ 19 ഗ്രാമപഞ്ചായത്തുകൾ നേടിയ എൻഡിഎ 26 പഞ്ചായത്തുകളിലേക്കാണ് നേട്ടം മെച്ചപ്പെടുത്തിയത്.
- Also Read പന്തളം ബിജെപിയെ കൈവിട്ടു; പാലക്കാട്ടും തൃപ്പൂണിത്തുറയും പിടിച്ചു, പക്ഷേ...
പാലക്കാട്, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റികളിൽ സീറ്റു കണക്കിൽ മുന്നിലെത്തി മികവ് കാട്ടിയ ബിജെപി തൊടുപുഴ, വർക്കല, ചെങ്ങന്നൂർ, മാവേലിക്കര, ഏറ്റുമാനൂർ, ആലുവ, കൊടുങ്ങല്ലൂർ, ഷൊർണൂർ, ഒറ്റപ്പാലം, തരൂർ, കാസർകോട് തുടങ്ങിയ മുനിസിപ്പാലിറ്റികളിലെ ജനപ്രതിനിധികളുടെ നിരയിൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തിയതും അവരുടെ ആത്മവിശ്വാസം ഉയർത്തുന്നു. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ശക്തികേന്ദ്രങ്ങളിലും മികവ് പ്രകടമാണ്.
ക്രിസ്ത്യൻ ജനവിഭാഗത്തിനിടയിൽ ബിജെപിക്ക് ഉണ്ടാകുന്ന പിന്തുണയുടെ സൂചനകൾ കൂടി തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. കോട്ടയത്തും മറ്റും അയ്മനം, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കാനായതും ഇതിന്റെ സൂചനയാണ്. കോഴിക്കോട് കോർപറേഷനിലും മറ്റും ഇരട്ടി സീറ്റ് നേട്ടത്തോടെയാണ് ബിജെപിയുടെ കുതിപ്പ്. ഈ പിന്തുണ ഉറപ്പിക്കാനായാൽ വരുംവർഷങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ലഭിക്കാൻ പോകുന്ന മികച്ച വളർച്ചയുടെ ദിശാസൂചകമായാണ് ബിജെപി കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തുന്നത്.
∙ ഭൂരിപക്ഷ–ന്യൂനപക്ഷ വോട്ട് കൈവിട്ട എൽഡിഎഫ്
താഴെത്തട്ടിൽ ശക്തമായ പാർട്ടി സംവിധാനത്തിന്റെ മികവിൽ തദ്ദേശതിരഞ്ഞെടുപ്പിൽ പൊതുവേ മികച്ച മേൽക്കൈ കാട്ടാറുള്ള ഇടതുപക്ഷത്തെ തദ്ദേശതിരഞ്ഞെടുപ്പിലെ ഈ വമ്പൻ തിരിച്ചടി ഇരുത്തിച്ചിന്തിപ്പിക്കും എന്നത് ഉറപ്പാണ്. ന്യൂനപക്ഷത്തെ കൈവിട്ട് ഭൂരിപക്ഷത്തെ പുണർന്ന് നേട്ടം കൊയ്യാനുളള സിപിഎമ്മിന്റെ അടവുനയത്തിനുളള തിരിച്ചടിയായും ഫലത്തെ വിലയിരുത്താം. ന്യൂനപക്ഷ വർഗീയതയ്ക്കെതിരായ മൂർച്ചയുള്ള നിലപാട് പുനരുജ്ജീവിപ്പിച്ച സിപിഎം ഭൂരിപക്ഷ വോട്ടുകൾ മുൻനിർത്തി ശബരിമലയിലും മറ്റും നടത്തിയ ‘സംഗമ’രാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.
ശബരിമലയിലെ മികവിലൂന്നി ഭക്തരുടെ വോട്ടുനേടാമെന്ന പ്രതീക്ഷയ്ക്കു മേലാണ് അയ്യപ്പന്റെ ദ്വാരപാലകരുടെ സ്വർണം കട്ടെടുക്കാൻ സർക്കാരിനു കീഴിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കണ്ണടച്ചുവെന്ന ആരോപണവും തുടർന്ന് കേസിൽ റിമാൻഡിലായ സിപിഎം അംഗങ്ങൾ കൂടിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ ദുർഗതിയും തീകൊളുത്തിയത്.
കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമുന പത്മകുമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ ഉയർന്നപ്പോൾ എതിർ നിലപാട് ഉറപ്പിച്ച നടപടിയുമായി മുന്നോട്ടുവരാൻ സിപിഎം നേതൃത്വത്തിനും ആയില്ല. കേസ് കേസിന്റെ വഴിക്കു പോകുമെന്ന വാദം മാത്രമാണ് പാർട്ടി നേതൃത്വത്തിൽ നിന്നുണ്ടായത്. വിശ്വാസ സംരക്ഷണത്തിൽ ശക്തമായ നടപടി ഉറപ്പിക്കും എന്നു പറയുന്ന പാർട്ടിയിൽ നിന്നുണ്ടായ ഈ നിലപാട് പാർട്ടിയിലുള്ള വിശ്വാസം കൂടിയാണ് സാധാരണ പാർട്ടി പ്രവർത്തകരിൽ പോലും നഷ്ടമാക്കിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെ വന്ന തീർഥാടനകാലത്തിനു മുന്നോടിയായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയോഗിച്ച് മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഭക്തരുടെ മനസ്സിലേറ്റ മുറിവുണങ്ങാൻ അത് പര്യാപ്തമായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. സിപിഎമ്മിനെ പൊതുവേ തുണയ്ക്കാറുള്ള ഈഴവ വിഭാഗത്തിൽ ശബരിമല വിഷയത്തിൽ ഉണ്ടായ എതിർപ്പും സമുദായത്തിന്റെ ചില ശക്തികേന്ദ്രങ്ങളിൽ പ്രകടമായി.
ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പല തവണ നടത്തിയ അതിതീവ്ര പരാമർശങ്ങളിൽ ചിലത് ഇടതിനൊപ്പം നിലകൊണ്ട ന്യൂനപക്ഷ വിഭാഗത്തെ പൂർണമായും ഒറ്റപ്പെടുത്തുന്ന വിധത്തിൽ മുറിപ്പെടുത്തിയതോടെ സിപിഎമ്മിനെതിരെ മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതും തിരഞ്ഞെടുപ്പ് ഫലത്തിൽ പാർട്ടിയുടെ ക്ഷീണം വർധിപ്പിച്ചു.
മുസ്‌ലിം വിഭാഗത്തിനു മേലെന്ന പ്രതീതി ജനിപ്പിക്കും വിധം ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട് വെള്ളാപ്പള്ളി നടേശനെപ്പോലുളള സമുദായനേതാക്കൾ നടത്തിയ പ്രസ്താവനകളും പിഎം ശ്രീയിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വ്യവസ്ഥകളോട് സംസ്ഥാന സർക്കാർ സന്ധി ചെയ്തെന്ന സൂചനകളും മുസ്‌ലിം വിഭാഗത്തിലെ വോട്ടുകൾ വൻതോതിൽ ചോരാനിടയാക്കി എന്നാണ് സൂചന.
ഇതിൽ ഏറെ വോട്ടും യുഡിഎഫിലേക്ക് ഒഴുകിയെത്തിയെന്നാണ് വോട്ടുകണക്കുകൾ വെളിപ്പെടുത്തുന്നത്. വന്യമൃഗ ആക്രമണങ്ങളിലും മറ്റും മലയോര ജനത ഉയർത്തിയ ആവശ്യങ്ങൾക്ക് ചെവികൊടുക്കാത്ത ഇടതുപക്ഷ നിലപാടാണ് കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളിലും മറ്റും എതിർപ്പുണ്ടായിട്ടും ബദൽചിന്ത കൂടാതെ കോൺഗ്രസിന് തന്നെ പിന്തുണ നൽകാൻ വയനാട് പോലുള്ള ജില്ലകളിൽ വോട്ടർമാരെ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്.
വിവാദങ്ങൾക്കിടയിലും ‘മൂന്നാമതും ഇടതുമുന്നണി സർക്കാർ’ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിലൂടെയും നേതാക്കളുടെ പ്രസ്താവനകളിലും നടത്തിയ അവകാശവാദങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വികസനത്തിലുള്ള പ്രചാരണത്തിനൊപ്പം സാധാരണക്കാരിൽ വിശ്വാസം ഉറപ്പിക്കാനുള്ള തീവ്രനടപടികൾ കൈക്കൊള്ളാനായില്ലെങ്കിൽ മാസങ്ങൾ മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അത് വലിയ തിരിച്ചടിയായേക്കും. തദ്ദേശതിരഞ്ഞെടുപ്പ് നൽകുന്ന സൂചനകൾക്കിടെ ഘടകകക്ഷികൾക്കുള്ളിൽ വിശ്വാസം ഉറപ്പിക്കാനായില്ലെങ്കിൽ എതിർമുന്നണിയിലേക്ക് മാറാൻ ചില ഘടകകക്ഷികളെങ്കിലും ശ്രമിച്ചേക്കുമെന്ന പ്രതിസന്ധിയും ഇടതുമുന്നണിക്ക് മുന്നിലുണ്ട്.
എറണാകുളത്ത് കൂടുതൽ ഇടങ്ങളിലേക്ക് വേരുപടർത്താനുളള ട്വന്റി20യുടെ പ്രതീക്ഷകളെ കൂറുമുന്നണിയുമായി യുഡിഎഫ് രണ്ടു പഞ്ചായത്തുകളിൽ അട്ടിമറിച്ചെങ്കിലും ജനങ്ങൾക്ക് ട്വന്റി20 നൽകിയ പ്രതീക്ഷകൾക്കൊപ്പം നൽകുന്ന പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ തുടർ തിരഞ്ഞെടുപ്പുകളിൽ അത് ട്വന്റി20ക്ക് തന്നെ വളമാകുമെന്ന വിലയിരുത്തലും ഇതിനിടെയുണ്ട്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഒഴികെ സംസ്ഥാനത്ത് 75 സീറ്റുകളിൽ സ്ഥാനാർഥികളെ ജയിപ്പിക്കാനായത് വെൽഫെയർ പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്ന കാഴ്ചയ്ക്കും തദ്ദേശതിരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിച്ചു. English Summary:
Kerala Local Election Results: Kerala local body election results signal a major political shift, with the UDF securing a massive victory due to a strong anti-incumbency wave and strategic changes. The outcome reflects significant losses for the ruling LDF and a historic surge for the BJP, setting a new tone for the upcoming Assembly elections. |
|