വാഷിങ്ടൻ∙ ട്രാൻസ്ജെൻഡറുകൾക്കും സ്വവർഗാനുരാഗികൾക്കും പിന്തുണ നൽകുന്ന, വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കും സർക്കാരുകൾക്കുമുള്ള സഹായം അവസാനിപ്പിക്കാൻ യുഎസ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനകൾ, വിദേശ സംഘടനകൾ, സന്നദ്ധ സംഘടനകൾ, വിദേശ സർക്കാരുകൾ, യുഎൻ പദ്ധതികൾ എന്നിവയ്ക്ക് വിലക്ക് ബാധകമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട യുഎസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനകളെയും ഉദ്ധരിച്ച് യുഎസ് മാധ്യമമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
നേരത്തേ, യുഎസ് സർക്കാരിന്റെ സഹായം സ്വീകരിക്കുന്ന ആരോഗ്യ സേവനദാതാക്കൾ ഗർഭച്ഛിദ്രത്തിന് പിന്തുണ നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും വിലക്കുന്ന ‘മെക്സിക്കോ സിറ്റി’ നയം ട്രംപ് ഭരണകൂടം കൊണ്ടുവന്നിരുന്നു. ഇതിന്റെ വിപുലീകരണമാണ് ട്രാൻസ്ജെൻഡറുകൾക്കെതിരെയുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയം തുടരും എന്നാണ് സഹായം നിർത്തലാക്കുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി യുഎസ് വിദേശകാര്യ വിഭാഗത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. നികുതി ദായകരുടെ പണം ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്നതു പോലെയുള്ള കാര്യങ്ങൾക്ക് പോകുന്നത് ഒഴിവാക്കാനായി എല്ലാ പഴുതുകളും അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. യുഎസ് വിദേശ സഹായത്തിന്റെ ഓരോ പൈസയും പുരോഗമന അജൻഡകൾക്കല്ല, മറിച്ച് യുഎസ് മൂല്യങ്ങൾക്ക് മുൻഗണന നൽകുന്നതാകും’–ഉദ്യോഗസ്ഥൻ പറഞ്ഞു. English Summary:
US to End Aid for Transgender and Support Organizations: Transgender rights are facing a setback as the US government plans to cut aid to organizations and governments supporting these communities abroad. |