തിരുവനന്തപുരം∙ ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയ 100 രൂപ നാണയവും പ്രത്യേക സ്റ്റാംപും പുറത്തിറക്കിയതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭരണഘടനയോടുള്ള കടുത്ത അപമാനമാണെന്ന് മുഖ്യമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘‘സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും കൊളോണിയൽ തന്ത്രവുമായി ഇണങ്ങിച്ചേർന്ന ഒരു വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു സംഘടനയെ ഇത് സാധൂകരിക്കുന്നു. നമ്മുടെ യഥാർഥ സ്വാതന്ത്ര്യ സമര സേനാനികളുടെയും അവർ വിഭാവനം ചെയ്ത മതേതര, ഏകീകൃത ഇന്ത്യയുടെയും ഓർമകൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഈ ദേശീയ ബഹുമതി’’– പിണറായി വിജയൻ എക്സിൽ കുറിച്ചു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നാണയവും സ്റ്റാംപും പുറത്തിറക്കുന്ന ചടങ്ങിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ഭാരതാംബയെ ഉൾപ്പെടുത്തുന്നത്. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അർപ്പണബോധത്തോടെയും സ്വയംസേവകർ ഭാരതാംബയ്ക്കു മുന്നിൽ പ്രണമിക്കുന്നതായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.
സ്റ്റാംപിൽ 1963ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് ചിത്രീകരിച്ചിട്ടുണ്ട്. ഭാരതാംബയ്ക്കും ആർഎസ്എസ്സിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും അർപ്പണബോധത്തിന്റെയും യാത്രയ്ക്കും നൽകുന്ന അഭിമാനകരമായ ആദരമാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിച്ചു. English Summary:
Pinarayi Vijayan criticizes RSS centenary coin. The Chief Minister argues that releasing a coin with Bharatmata and a stamp honoring the RSS is a disrespect to the constitution and freedom fighters, undermining the secular fabric of India. The event, organized by the Union Ministry of Culture, has sparked controversy regarding the portrayal of Bharatmata on Indian currency. |