കയ്റോ ∙ അറബ് വസന്ത പ്രക്ഷോഭകാലത്തെ നേതാക്കളിലൊരാളായ പ്രമുഖ ആക്ടിവിസ്റ്റ് അലാ അബ്ദുൽ ഫത്താ (43) ജയിൽ മോചിതനാകുന്നു. ഈജിപ്തിൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തെ മോചിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 2011 ലെ അറബ് വസന്ത പ്രക്ഷോഭകാലത്തെ നേതാക്കളിലൊരാളായ അലായെ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി മാപ്പുനൽകി മോചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അലായ്ക്കൊപ്പം 5 രാഷ്ട്രീയ തടവുകാരെക്കൂടി മോചിപ്പിച്ചേക്കുമെന്നാണ് വിവരം.
ഈമാസം ഒന്നിന് ജയിലിൽ നിരാഹാരസമരം ആരംഭിച്ച അലായെ മോചിപ്പിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്റ്റാർമർ അഭ്യർഥിച്ചിരുന്നു. ജയിലിൽനിന്ന് ഒളിച്ചുകടത്തിയ അലായുടെ രചനകൾ 2021 ൽ പുസ്തകമായി ഇറങ്ങിയിരുന്നു. സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ബ്ലോഗിലൂടെയും ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തിയ അലായെ ഹുസ്നി മുബാറക് ഭരണകൂടം കുറച്ചുകാലം ജയിലിൽ അടച്ചിരുന്നു. 2011 ലെ പ്രക്ഷോഭം മുബാറക് ഭരണകൂടത്തെ താഴെയിറക്കി. 2014ൽ അധികാരമേറ്റ സിസിയുടെ സർക്കാരിനെ വിമർശിച്ചതിനു 2015ൽ വീണ്ടും ജയിലിലായി. 2021ൽ 5 വർഷം കൂടി തടവിനു ശിക്ഷിച്ചിരുന്നു. ഒരു തടവുകാരന്റെ മരണത്തെക്കുറിച്ച് സമൂഹമാധ്യമ പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ഈ കേസ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MazenGharibah/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Alaa Abdel Fattah to Be Released: Alaa Abdel Fattah is being released from prison in Egypt. The prominent activist, a leader in the Arab Spring uprisings, is reportedly being pardoned by President Abdel Fattah El-Sisi after spending nearly a decade in jail. His release follows international pressure and a recent hunger strike. |