കോഴിക്കോട് ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി രോഗമുക്തി നേടി. വയനാട് തരുവണ സ്വദേശിയായ മുപ്പതുകാരനാണ് തിങ്കളാഴ്ച ആശുപത്രി വിട്ടത്. 29 ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് അവിടെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണു രോഗം പിടിപെട്ടത്.
അവിടെ നടത്തിയ പരിശോധനയിൽ മസ്തിഷ്ക ജ്വരമാണെന്നു കണ്ടിരുന്നു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു വയനാട്ടിലെത്തി. വീണ്ടും പനി ബാധിച്ചതിനെ തുടർന്നു കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്നു സ്ഥിരീകരിച്ചത്.
മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കാസർകോട് സ്വദേശിയായ മറ്റൊരാളും കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. നിലവിൽ, മൂന്നു കുട്ടികൾ ഉൾപ്പെടെ 7 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സയിലുള്ളത്. English Summary:
One More Successful Recovery from Amoebic Meningoencephalitis: Amoebic Meningoencephalitis is a rare but serious brain infection. Recent cases in Kerala have highlighted the importance of early diagnosis and treatment, with successful recoveries reported at Government Medical College Kozhikode. |