തിരുവനന്തപുരം / കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം. ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ്. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് പരിശോധന നടത്തുന്നത്. പരിശോധനയ്‌ക്കെത്തിയ സംഘം ഷാജഹാന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാൻ വിഡിയോ ചെയ്തിരുന്നു. ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. രജിക്ക് എതിരെയും ഡിവൈഎസ്പിക്ക് പരാതി ലഭിച്ചതായാണ് വിവരം.
അതേസമയം, കേസിലെ ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണനോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർേദശിച്ചത്. ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. വീട്ടിൽ നിന്ന് ഗോപാലകൃഷ്ണന്റെ ഫോൺ കണ്ടെടുത്തെന്നും വിശദ പരിശോധനനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക് പേജിൽ നിന്നാണ് തനിക്കെതിരായ വ്യാജപ്രചരണം ആരംഭിച്ചതെന്ന് ഷൈൻ നേരത്തെ ആരോപിച്ചിരുന്നു. ഷൈനിനും വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം ഇരുവരുടേയും മൊഴിയെടുത്തിരുന്നു. ഷൈനിന്റെ പരാതിയിൽ ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും യുട്യൂബറായ കെ.എം.ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KM Shajahan/Facebook എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
K.J. Shine Cyber Attack: Cyber attack case is the primary focus. The police raided K.M. Shajahan\“s house in Thiruvananthapuram in connection with the cyber attack against CPM leader K.J. Shine. |